പ്രവാസി

വിനോജ്


എന്റെ സുഹ്രുത്ത് നാളെ നാട്ടില്‍ പോകുന്നു,
ഇന്ന്‌ പെട്ടി കെട്ടലാണ്‌, പാര്‍ട്ടിയുമുണ്ട്.
കുട്ടികളുടെയും, ഭാര്യയുടെയും ആഗ്രഹങ്ങള്‍,
അയല്‍ക്കാരുടെ പ്രതീക്ഷകള്‍,
എല്ലാം വെവ്വേറെ പായ്ക്ക് ചെയ്തിരിക്കുന്നു;
സ്വന്തം സ്വപ്നങ്ങള്‍ വിറ്റു വാങ്ങിയവ.

കുപ്പികള്‍ പൊട്ടിച്ച് അടി തുടങ്ങി, തീറ്റയും,
പൊറോട്ടക്ക് അടിയന്തിരത്തിന്റെ ഇഡ്ഡലിയുടെ രുചി,
ചുറ്റും മദ്യം ചുവപ്പിച്ച കണ്ണുകള്‍.

വിട പറയും മുന്‍പ്‌, ഒരു നിമിഷം
കനത്ത നിശ്ശബ്ദത, ദീര്‍ഘ നിശ്വാസങ്ങള്‍,
എവിടുന്നോ ഓര്‍മ്മകളുടെ ഒരു സുനാമി വരുന്നുവോ?
മദ്യം കലങ്ങിയ കണ്ണുകള്‍ക്ക് ഒരു മറ കൂടിയാകുന്നു.

സുഹ്രുത്തേ നീ പോയിവരിക,
കത്തിയെരിയുന്ന സൂര്യന്റെ ഓര്‍മ്മകള്‍
എത്ര പൊള്ളിച്ചാലും, എനിക്കറിയാം,
കൂടുതല്‍ സ്വപ്നങ്ങളുടെ ഭാരവുമായി,
നീ മടങ്ങി വരുമെന്ന്‌.

1 comment:

  1. വിനോജ്,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.ഇതു വായിച്ചപ്പോഴാണ് ഞാന്‍ അടുത്തിടെ എഴുതിയ ഈ കവിത ഓര്‍ത്തത്.ഇതും ഒരു പ്രവാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്

    ReplyDelete