നിദ്ര

വിഷ്ണുപ്രസാദ്നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
എനിക്കരികില്‍ കിടന്നവള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ്
എഴുന്നേറ്റുപോയി.
തലയ്ക്കരികില്‍ കുടിക്കുവാന്‍ വെച്ചിരുന്ന
വെള്ളക്കുപ്പിയും എഴുന്നേറ്റുപോയി
ഞങ്ങള്‍ക്കിടയില്‍ കിടന്നിരുന്ന കുഞ്ഞുങ്ങളും
വളര്‍ന്നു വളര്‍ന്ന് എവിടേക്കോ പോയി
ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ വെച്ചിരുന്ന പാട്ട്
ഉറക്കം പിടിച്ചപ്പോഴേ നിലച്ചു
ഉറങ്ങിക്കൊണ്ടിരുന്നതിനുമീതെ
കറങ്ങിക്കൊണ്ടിരുന്ന പങ്ക
ക്ഷീണിച്ച് പണി നിര്‍ത്തി.
ഉറങ്ങിയിരുന്ന മുറിയുടെ ചുമരുകള്‍
പല ദിക്കുകളിലേക്ക് നടന്നുപോയി.
മേല്‍ക്കൂര പറന്നുപോയി

നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുകയാണ്
ഉറക്കത്തില്‍ പരതുകയാണ്
എനിക്കരികില്‍ കിടന്നവളെ
എനിക്കും അവള്‍ക്കുമിടയില്‍ കിടന്ന കുട്ടികളെ
കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ സ്വിച്ച്
തലയ്ക്കുംഭാഗത്ത് കുടിച്ചുവെച്ച വെള്ളക്കുപ്പി
ഉറക്കം തുടങ്ങുമ്പോള്‍ അരികിലുണ്ടായിരുന്നതൊന്നും
ഇപ്പോഴും അവിടെയുണ്ടെന്ന് ഉറപ്പു കിട്ടുന്നില്ല
ഉണരാന്‍ പറ്റുന്നുമില്ല.

എന്റെ ഉറങ്ങുന്ന ശരീരത്തിനു മീതെ
വെയിലും നിലാവുമൊഴുകി
വഴിതെറ്റിവന്ന മഴക്കാലനദി
എനിക്കു മുകളിലൂടെ ഒലിച്ചുപോയി
മീനുകള്‍ എന്റെ ശരീര രന്ധ്രങ്ങള്‍ വീടുകളാക്കി
ഒളിച്ചു കളിച്ചു
എന്റെ തൊലിപ്പുറത്തു നിന്ന് ജലസസ്യങ്ങള്‍
മുളച്ചുപൊന്തി.
ഞാന്‍ പരതിക്കൊണ്ടിരുന്നു.
അവളെ,കുഞ്ഞുങ്ങളെ പങ്കയുടെ സ്വിച്ച്,
കുടിച്ചുവെച്ച വെള്ളക്കുപ്പി...
ഒരു മത്സ്യം പിടി തരാതെ വഴുതിപ്പോയി
പായലോ മുടിയോ എന്നറിയാതെ
ഞാന്‍ കുഴങ്ങിപ്പോയി
ഉറങ്ങുന്നവനോട് ദയവു തോന്നുമ്പോള്‍
കുപ്പിവെള്ളം വെള്ളമായിത്തന്നെവന്ന്
പിടിതരുമോ?
സംശയിക്കാന്‍ ‘ഇട’യില്ല
നൂറ്റാണ്ടുകളായി ഞാന്‍ ഉറങ്ങുന്നു.

എനിക്കു മീതെ ഒഴുകിക്കൊണ്ടിരുന്ന നദി
ദാരുണമായി കൊല്ലപ്പെട്ടു.
വെയിലിന്റെ മുള്‍ക്കാടുകള്‍ പൊന്തിയ
ഒരു മരുഭൂമി എനിക്കു ചുറ്റുമുണ്ടായി
സഞ്ചാരികളെയും കൊണ്ട് പോകുന്ന
ഒട്ടകങ്ങള്‍ കടന്നുപോയി
മുള്‍ച്ചെടികളുടെ നിഴല്‍ വല്ലപ്പോഴും വീണു
മരുപ്പാമ്പുകള്‍ എനിക്കുമുകളിലൂടെ
ഇഴഞ്ഞുപോയി...
ഞാന്‍ പരതിക്കൊണ്ടിരുന്നു

15 comments:

 1. ഉറക്കം, ബോധം കെടലാണ്‍, ചിലപ്പോള്‍ മരണ സദൃശ്യവും, ചിലപ്പോള്‍ മരണം തന്നെയും. ശരിക്കും, കവിതയുടെ ആഴങ്ങള്‍ വിട്ട് അഗാധതയിലേയ്ക്ക് കൊണ്ടുപോയി.

  മനോഹരം.

  ReplyDelete
 2. ഉറക്കത്തിൽ നൂറ്റാണ്ടുകൾ ജീവിച്ചുതീർത്തിട്ടുണ്ട്. റിയാലിറ്റി ഉറക്കത്തിലേതും സ്വപനം ഉണർവിലേതുമായിരുന്നെങ്കിൽ...

  ReplyDelete
 3. priya vishnu
  ee kavitha ennodu engane perumaari ennu vishadeekarikkaanavilla. nenjil oru bhaaramo thalayil oru peruppu kayattamo..vallathe bhaarikkunnu ...nanadi ..nandi...

  ReplyDelete
 4. ഉഷാറായി മാഷേ...

  വരികള്‍ വേറിട്ട ഒരു വഴി നടത്തത്തിനു ഒപ്പം കൂട്ടി..! ഓണാശംസകള്‍..!!


  "കറങ്ങിക്കൊണ്ടിരുന്ന പങ്ക
  ക്ഷീണിച്ച് പണി നിര്‍ത്തി."

  ഈ വരി എന്തോ ഒരു കള പോലെ തോന്നിച്ചു..!!

  ReplyDelete
 5. നൂറ്റാണ്ടുകള്‍ പരതിക്കൊണ്ടിരുന്നിട്ടും മനസ്സിലായില്ലേ ഒരു സ്വപ്നമായിപ്പോലും ഒന്നും തിരിച്ചു വരില്ലെന്ന്? വിട്ടുപോകുന്നവയൊക്കെ തിരിച്ചു വരാനുള്ള വഴികള്‍ മായ്ച്ചാണു പോകുന്നത്, അന്വേഷിച്ചു പോകാനുള്ള അടയാളങ്ങളും!

  ReplyDelete
 6. മാഷേ...കുറേ നാളുകള്‍ ക്ക് ശേഷം മാഷിന്റെ ഒരു കവിത വായിച്ചു...

  ReplyDelete
 7. “ഞാന്‍ പരതിക്കൊണ്ടിരുന്നു ....“

  വിഷ്ണു മാഷേ..

  തിരിച്ചു കിട്ടും, അല്ലെങ്കില്‍ തിരിച്ചു വരും എന പ്രതീക്ഷയില്‍ പരതിക്കോളൂ... മനസ്സ് മടുക്കില്ല..

  പ്രതീക്ഷകളല്ലെ എന്നു ജീവിതത്തിന്റെ താങ്ങ്.

  അനിലേ......

  വരികള്‍ മനോഹരം...but.........എന്തിനാടാ എപ്പോഴും നെഗറ്റീവ് തിങ്കിങ്.

  മലയോളം ആഗ്രഹിക്കൂ.. എങ്കിലേ കുന്നോളമെങ്കിലും കിട്ടൂ..

  ReplyDelete
 8. വരികളിലൂടെ നടന്നു പൊകുമ്പോള്‍ വരമ്പുകള്‍ മാഞ്ഞു പോകുകയാണു എനിക്കു മുന്നില്‍..
  മാഷെ ഓത്തിരി ഇഷ്ടമായി..

  ReplyDelete
 9. Hei........
  "________________" Ithil Ellaam Undu.

  Jenu, Doha-Qatar.

  ReplyDelete
 10. വളരെ മനോഹരം
  നല്ല എഴുത്ത്

  ReplyDelete
 11. കവിത ഇഷ്ടമായി
  ആശംസകള്‍ നേരുന്നു.

  ReplyDelete
 12. visnu prasad kavitha valare ishtamayi oru pazhaya changathiyude onashamsakal

  ReplyDelete
 13. ellam poyikodeyirikunny
  shaji pamabala

  ReplyDelete