അവസാനം

സി.പി




നമുക്ക് പക്ഷികളെ പറ്റി പറയാമെന്ന്
കവി എന്നോട് പറയുമ്പോള്‍
വേവലാതിയാണ്,
അത് പഴയ ക്രൗഞ്ചപ്പക്ഷി
തന്നെയല്ലേയെന്ന്
നമുക്ക് അതിര്‍ത്തികളെ പറ്റി
പാടാമെന്ന്
കാമുകി എന്നോട് പറയുമ്പോള്‍
ഭാഷയും ദേശവും നഷ്ടമായ
ഒരു ദര്‍വീഷ്
ചുഴന്ന് ചുഴന്ന് നൃത്തമാടി
അതിര്‍ത്തികളില്ലാത്ത
ലോകം കാണാന്‍ തുടങ്ങി.
ഇടനാഴികളില്‍
പടിഞ്ഞാറന്‍തീരവും പെടുമെന്ന്
കടല്‍ക്കാക്കകള്‍ ആര്‍ക്കുമ്പോള്‍
നില്ക്കാനിടമില്ലാത്തവര്‍
ഉടുത്തൊരുങ്ങി
ആഭരണമണിഞ്ഞ്
അവസ,ാനയാത്രയ്‌ക്കൊരുങ്ങും.
ഭൂപടങ്ങളില്‍
എവിടെയാണ് തന്റെ ജന്മഗേഹമെന്ന്
ചോദിച്ചകുഞ്ഞുങ്ങളെ
കൂട്ടം കൂട്ടമായി
സ്ക്കൂളിലേക്ക്ുകൊണ്ടുപോവും
അവര്‍ക്ക് മധുരമിഠായികള്‍കൊടുക്കും
എന്നിട്ട് അവരെ
ഓമനകളേ
എന്ന് വിളിച്ച് ലാളിക്കും
പിന്നെ ഒളിച്ചുവെച്ച മൃദുഹാസവുമായി
അവരുടെ
നെഞ്ചുകളില്‍ വെടിവെയ്ക്കും.
അത്ഭുതമോ വേദനയോ ഇല്ലാതെ
പകപ്പോ രോദനമോ ഇല്ലാതെ
അവര്‍ അമ്മമാരെ വിളിച്ചുകൊണ്ട്
മരിച്ചുവീഴും
അവസാനം
തീവ്രവാദികളെന്ന
മുദ്രയില്‍ പതിഞ്ഞ്
അവര്‍ കഴുകനും കുറുക്കനും
ആഹാരമാകും

3 comments:

  1. അത്ഭുതമോ വേദനയോ ഇല്ലാതെ
    പകപ്പോ രോദനമോ ഇല്ലാതെ
    അവര്‍ അമ്മമാരെ വിളിച്ചുകൊണ്ട്
    മരിച്ചുവീഴും............

    ഇങ്ങനെ എരിഞ്ഞടങ്ങുന്ന എത്രയോ ശലഭങ്ങള്‍ :(

    ReplyDelete
  2. സിപി,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete