സമയ സൂചികള്‍

ദീപ ബിജോ അല്‍ക്സാണ്ടര്‍



ഒരു ഘടികാരത്തിലെ-
യിരു സൂചികൾ നമ്മൾ,
ആരു വലുതാരു ചെറു-
തെന്നതൊരു തീരാത്തർക്കം

ഒട്ടൊരു മാത്ര നമ്മൾ
കാണുന്നു മുഖാമുഖം,
വെറുപ്പിൽ മുഖം തിരി-
ച്ചന്യരായ്‌ പിരിയുന്നു


ആവോളമകലേയ്ക്കു-
പായുവാൻ കൊതിയ്ക്കുന്നു;
വട്ടമൊന്നോടി വീണ്ടും
കണ്ടു മുട്ടുന്നു നമ്മൾ

നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം


സാദ്ധ്യതയിനിയൊന്നേ-
യൊന്നു നാമൊന്നാകുവാൻ
കൂട്ടി മുട്ടുന്നക്ഷണം -
നിലക്കിലീ സ്പന്ദനം

സമയം നിശ്ചലമായ്‌
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ

അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
ക്കുണരാതുറങ്ങുക


3 comments:

  1. നല്ല ചിന്തകൾ.
    നമ്മളുറങ്ങരുതു; ഒരു കുറ്റിയിൽ കെട്ടിയിട്ട രണ്ടു പൈക്കളെപ്പോലെ നമുക്കു ചലിച്ചു കൊണ്ടേയിരിക്കാം ;
    അല്ലെങ്കിലീ ഭൂമി നിശ്ച്ചലമാകുമത്രേ

    ഓണാശംസകൾ

    ReplyDelete
  2. ദീപയെ ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  3. അകലാൻ വേണ്ടി മാത്ര-
    മുണരാനെങ്കിലപ്പോൾ
    കൈകൾ കോർത്തൊന്നായ്‌ നമ്മൾ--
    ക്കുണരാതുറങ്ങുക
    സമകാലിക സാഹചര്യത്തില്‍ ഈ വിട്ടുവീഴ്ച്ചയല്ലാതെ മറ്റൊരു വഴി ഇല്ല.നന്ന്

    ReplyDelete