സുധീഷ് കോട്ടേമ്പ്രം
മലയാളസാഹിത്യം പത്രാധിപന്മാരുടെ ഇഷ്ടങ്ങള്‍ക്കും അനിഷ്ടങ്ങള്‍ക്കും അനുസൃതമായി പാകപ്പെട്ടിരുന്ന ഒരു സന്ദര്‍ഭത്തില്‍ എഴുത്തിന്റെ നിര്വാണവും, വായനയുടെ സ്വാതന്ത്ര്യവുമായി കടന്നു വന്ന ദേശാതിവര്‍ത്തിയായ ഒരു മാധ്യമം എന്ന നിലയില്‍ 'ബ്ലോഗ്' ഒരു ഉപസംസ്കാരത്തിന്റെ അടയാളമാണ്. സൃഷ്ടിയുടെയും അഭിരുചിയുടെയും ഏറ്റവും പുതിയ അനുഭവപരിസരങ്ങള്‍ അതുകൊണ്ട് തന്നെ ബ്ലോഗിന് അവകാശപ്പെട്ടതാണ്. ബ്ലോഗെഴുത്തിലെ മൌലികതയെ കുറിച്ചൊക്കെ പലപാട് നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴും വായിക്കപ്പെടുകയും തിരിച്ചറിയപ്പെടുകയും ചെയ്യുന്ന ഒരു ന്യൂനപക്ഷം എപ്പോഴും അതിന്റെ കരുത്തു അറിയിക്കുക തന്നെ ചെയ്യുന്നുണ്ട്. തുടക്കം മുതലേ കവിതാ ബ്ലോഗുകളാണ് കൂടുതലായും രംഗപ്രവേശം ചെയ്യുന്നത്.അതും ഏറ്റവും സ്വകാര്യമായ ഒരു സംവാദരൂപമെന്ന നിലയില്‍. ബഹുവിധമായ മറ്റെഴുത്തുകള്ക്കും ബ്ലോഗ് സജീവമായ പ്ലാറ്റ്ഫോം ആണെങ്കിലും കവിതയ്ക്ക് മാത്രം ഇത്രയധികം ബ്ലോഗുകളും ചര്‍ച്ചകളും സംഭവിക്കുന്നത് എന്തുകൊണ്ടാണ്?
പ്രവാസം, പ്രണയം എന്നീ പരികല്പ്പനകള് മാറ്റി നിര്‍ത്തി ആലോചിച്ചാല്‍ തന്നെയും 'മലയാളി' എന്ന ഐക്യപ്പെടലിനു പിന്നില്‍ തെളിഞ്ഞു കിട്ടുന്ന ഒരു ആഖ്യാന സ്രോതസ്സുണ്ട്. പ്രണയവും പ്രവാസവും മുഖ്യപ്രമേയമായി അവതരിപ്പിക്കപ്പെടുമ്പോഴും അതിനെ കവിഞ്ഞു നില്ക്കുന്ന രാഷ്ട്രീയ അന്തര്‍ഗതം ഈ കവിതകള്‍ സൂക്ഷിക്കുന്നുണ്ട്. അതല്ല എങ്കില്‍ ഒരു പ്രണയ കവിതയും രണ്ടാവര്ത്തിയില് കൂടുതല്‍ വായിച്ചുരസിക്കാന്‍ കഴിയില്ല. ബ്ലോഗ് ഇങ്ങനെ ദര്‍ശനങ്ങളെ പാകപ്പെടുത്തുന്ന അടുക്കളയെന്നോ പുതിയ പ്രത്യയശാസ്ത്രങ്ങളുടെ മാനിഫെസ്റ്റോ എന്നോ ഇതിന് അര്‍ത്ഥമില്ല. നിലനില്‍ക്കുന്ന മറ്റു അനുഭൂതിമണ്ഡലങ്ങളുമായി പങ്കുവെയ്ക്കുന്ന സവിശേഷരീതിയിലുള്ള ഒരു സംവാദത്മക ബന്ധം കവിതാബ്ലോഗുകള്‍ പുലര്‍ത്തിപ്പോരുന്നു എന്നെ ഉള്ളൂ.
പ്രണയപാപങ്ങളുമായി പണ്ടൊരു പി. കവിതയില്‍ അലഞ്ഞത് പോലെ തോടുന്നിടത്തെല്ലാം കമ്പനമുള്ള മുളന്തണ്ടായി ബ്ലോഗില്‍ ഒരു കവി കുഴൂര്‍ വില്‍സണ്‍. അച്ചടിമലയാളം നാടു കടത്തിയ കവിതകള്‍ എന്ന് വില്‍സണ്‍ തന്റെ കവിതയ്ക്ക് ഒരു അടിയൊപ്പ് ഇടുന്നുണ്ടെങ്കിലും അത് പൂര്‍ണമായും ശരിയല്ല. അച്ചടിമഷി പുരളണം എന്ന പാരമ്പര്യ ശാഠ്യം ഈ വാക്കുകളില്‍ ഉണ്ട്. എന്നാല്‍ അച്ചടി വായനക്കാര്‍ തന്നെ ആണ് ഏറിയ കൂറും ബ്ലോഗ് വായനക്കാരും എന്നത് വിസ്മരിച്ചു കൂടാ. താന്‍ കവിത എഴുതാന്‍ വേണ്ടി തന്നെയാണ് എഴുതുന്നത് എന്ന സത്യവാങ്മൂലവുമായി രണ്ടു മടങ്ങ് ജീവിതമുള്ള കവിതയുമായി വിഷ്ണുപ്രസാദ് എന്ന കവി. ആത്മാലാപങ്ങള്ക്കപ്പുറത്തെ തികഞ്ഞ കവിത്വമുള്ള ടി. പി. വിനോദ്, കവിതയുടെ അക്രമാസക്തമായ ചൂരുമായി ലതീഷ് മോഹന്‍, വിമതാഖ്യാങ്ങളുടെ ഹസ്സന്, വിധേയപ്പെടുകയും കലഹിക്കുകയും ചെയ്യുന്ന മറ്റനേകം എഴുത്തുകള്‍... സൂക്ഷ്മാര്‍ഥത്തില്‍ ഈ കവിതകളുടെയെല്ലാം കാരണഭൂതന് മാത്രമെ ആകുന്നുള്ളൂ ബ്ലോഗ് എന്ന സൈബര്‍ സ്പേസ് . പുതിയ കവിതയുടെ ലക്ഷണങ്ങള്‍ കരുതലോടെ സൂക്ഷിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്നു എന്ന അര്‍ത്ഥത്തില്‍ ഇവ മലയാളകവിതയുടെ യുവത്വത്തെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്.
ആത്മം /അപരം
കവിത സ്വകാര്യമായ ആനന്ദവും നിര്‍വൃതിയുമാണ് എന്നാണു പരക്കെയുള്ള അനുഭവം. ദിനസരിക്കുറിപ്പ് എന്ന പോലെ കമ്പ്യൂട്ടര്‍ സ്ക്രീനിനെ ഡയറിത്താളാക്കുന്നവരാണ് മിക്ക ബ്ലോഗ് എഴുത്തുകാരും. 'ഞാന്‍ ആര്' എന്ന ആദിമമായ ചോദ്യം തന്നെയാണ് ഓരോരുത്തരും അവരവരുടെ രീതിയില്‍ ചോദിച്ചു കൊണ്ടേയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ പ്രമേയപരമായി വിപുലമായ ഒരട്ടിമറി നടത്തുന്നില്ല. എന്നാല്‍ അവതരണത്തിലും ആഖ്യാനത്തിലും പുലര്‍ത്തുന്ന നൈതികവും ഹസ്തവുമായ വാക്കിന്റെ വിന്യാസമാണ് കവിത എന്ന സൂക്ഷ്മരൂപത്തിന്റെ നിര്‍മിതിയിലേക്ക് നയിക്കുന്നത്. ഭാര്യയും മക്കളും വീട്ടിലില്ലാത്ത നേരം ഒളിച്ചുതാമാസിപ്പിക്കുന്ന 'സ്വയംഭോഗം' എന്ന 'കുറ്റകൃത്യത്തെ' കുറിച്ചു വിഷ്ണുപ്രസാദ് ഒരു കവിതയില്‍ പറയുന്നു. ഇങ്ങനെ പുറത്തെടുക്കുന്ന 'സ്വയംഭോഗങ്ങള്‍' എങ്ങനെയാണ് അപരന് ഹിതമായ് ഭവിക്കുന്നത്?
അപ്പോള്‍ ഭാവനയുടെയോ അനുഭവത്തിന്റെയോ സ്വകാര്യമായ ഉല്‍പ്പന്നം എന്ന ലളിതയുക്തിക്ക് അപ്പുറത്ത് കവിത ചില തീര്‍പ്പുകള്‍ കൂടി മുന്നോട്ടു വെയ്ക്കുന്നു. 'എന്റെ മുരിങ്ങമരച്ചോട്ടില് ഇരുന്നു ലോകത്തെ കാണുമ്പോഴും' ( വൈലോപ്പിള്ളി) സ്വന്തം വീട്ടിലെ ബാത് ടാബ്ബാണ് കടലിനേക്കാള്‍ വലുതെന്നു ഗമിക്കുമ്പോഴും (അജീഷ് ദാസന്- കൊളോണിയല്‍ പോയംസ് ) ധ്വനിക്കുന്നത് ആത്മത്തെ അപരമാക്കുന്ന അനുഭവം തന്നെയാണ്.ഏതൊക്കെയോ തരത്തില്‍ കവി സമീകരിക്കപ്പെട്ട ഭാവനയുടെ സഹയാത്രികനാവുകയാണ് ചെയ്യുന്നത്. അതാകട്ടെ 'പുതുകവിത' എന്ന് നാം നിര്‍വചിക്കുന്ന തുറസ്സിന്റെ കൂടി സ്വാതന്ത്ര്യത്തെ ഏറ്റെടുത്തു കൊണ്ടാണ്.
ബ്ലോഗെഴുത്ത് മറ്റൊരര്‍ത്ഥത്തില്‍ നല്ല 'കവിശിക്ഷണം' കൂടിയാണ്. 'എന്നെ ആരും മനസ്സിലാക്കുന്നില്ല' എന്ന ആഗോളസങ്കടത്തെ പൂരിപ്പിക്കാനുള്ള ഉപായം കൂടിയാണ് ഇത്.അടിസ്ഥാനപരമായി ഈ ഒരു വൈകാരിക തലത്തില്‍ നിന്നു തന്നെയാണ് ഒരു കവി/ ബ്ലോഗുകവി ജനിക്കുന്നതും.ഏറെ വായനക്കാരുള്ള വിജയിച്ച പല ബ്ലോഗര്‍മാരുടെയും ആദ്യകാല രചനകള്‍ ഇത്തരത്തില്‍ ദുര്ബലവികാരങ്ങളുടെയും സന്താപങ്ങളുടെയും തന്നെ പ്രതികരണങ്ങളാണ്. ഐഡന്‍ഡിറ്റി ഉള്ള വായനക്കാരുടെയും അജ്ഞാത വായനക്കാരുടെയും അഭിപ്രായപ്രകടനങ്ങള്‍ കൂടിയാണ് ഒരു കവിയെ/ കവിതയെ പൊറുപ്പിക്കുന്നതും. ഇത് ചിലപ്പോഴൊക്കെ നിലവാര തകര്‍ച്ചയിലേക്ക് നയിക്കുന്നുവെങ്കിലും ആരോഗ്യപരമായ സംവാദങ്ങള്‍ക്കും വേദിയൊരുക്കുന്നുണ്ടു. ഇടപെടലിന്റെ സജീവത തന്നെയാണ് അതിന്റെ ആധാരശ്രുതി.
എഴുത്തിന്റെ എകതാനതയില്‍ നിന്നു നിരന്തരം പുതുക്കി പണിയുന്ന പണിശാലയായി ബ്ലോഗിലെ കവിതാപേജുകള് മാറിക്കൊണ്ടിരിക്കുന്നു. ഏറ്റു പറച്ചിലിന്റെയും കുറ്റസമ്മതങളുടെയും ഒരടര് മാറ്റി നിര്‍ത്തിയാല്‍ അത് ജീവിതത്തെ നഗ്ന്നമാക്കുന്ന ഗൃഹാതുരതയെ അലങ്കാരങ്ങളില്ലാതെ ആനയിക്കുന്ന ഒരെഴുത്തും കൂടി ആകുന്നുണ്ട്. പുതുകവിതയെ ഇനം തിരിച്ചാല്‍ കിട്ടുന്ന 'ഉസ്ക്കൂള് കവിതയും' 'കൌതുക കവിതയും' ബ്ലോഗിലും കുറവല്ല. മയില്പീലിതാളുകളുടെ പുസ്തകമോ വെള്ളത്തണ്ടോ ചായപ്പെന്സിലോ എന്നതില്‍ കവിഞ്ഞു കവി രൂപകങ്ങളുടെ ചില അബോധങ്ങളിലേക്ക് കൂടി യാത്ര ചെയ്യുമ്പോള്‍ അവിടെ മറ്റൊരു വഴി കൂടി തെളിയുന്നു.
ദേശം എന്ന അമരകോശം:
ഇന്റര്‍നെറ്റ് എന്ന സങ്കല്പം തന്നെ ലോകത്തെ ഒരൊറ്റ കാഴ്ച്ചയുടെ പരിധിയിലേക്ക് വ്യാവര്ത്തിപ്പിക്കുമ്പോള് 'ഭൂമി മലയാളം' എന്ന ദേശം കൂടുതല്‍ ശക്തിമത്തായി പ്രതിഫലിക്കാന്‍ തുടങ്ങി എന്ന് വേണം പറയാന്‍. മലയാളത്തിലെ ബ്ലോഗുകളുടെയും മറ്റു സൌഹൃദക്കൂട്ടായ്മകളുടെയും എണ്ണക്കൂടുതല്‍ അതാണ് കാണിക്കുന്നത്. ദേശം ഭൂമിശാസ്ത്രത്തില്‍ നിന്നു സാഹിതീയ ഭാവുകത്വത്തിലേക്ക് ഇത്രയും ചിറകുകളോടെ പറക്കുന്നത് ബ്ലോഗില്‍ മാത്രമായിരിക്കും. ചിലപ്പോള്‍ 'നാടു' തന്നെയും, വലിയ ഒരു പദകോശമെന്നു അമ്പരപ്പിക്കും വിധം ദേശാനുഭവങ്ങളുടെ പെരുക്കം ബ്ലോഗ് കവിതയെ കൂടുതല്‍ ആര്‍ജവമുള്ളതാക്കി മാറ്റുന്നു. പാടത്ത് നിന്നും പറമ്പില്‍ നിന്നും ഓലപ്പുരയില്‍ നിന്നും കവുങ്ങിന് തോപ്പില്‍ നിന്നും കുളക്കരയില്‍ നിന്നും വാക്കുകള്‍ നനഞ്ഞു കേറി വരുന്നു. ചിലപ്പോള്‍ ഓര്‍മയുടെ കുട ചൂടി.മറ്റു ചിലപ്പോള്‍ മറവിയോടും കൂടി , അല്ലാത്തപ്പോള്‍ മരണത്തോട് കൂടി.ദേശാനുഭവത്തിന്റെ കാതലിലാണ് നഗരത്തിലിരുന്നു ഒരു കവി കൊത്തുപണി ചെയ്യുന്നത്. ഈ വൈരുദ്ധ്യത്തെ പ്രതിരോധിക്കുകയാവണം കവികര്‍മം എന്നും വരുന്നു. സിഗരററ് വലിക്കാന്‍ നിന്ന നൊടി നേരത്തെ ഈന്തപ്പനച്ചുവട് തന്റെ സ്വന്തമെന്നു കരുതുകയും മറ്റൊരാളെത്തുമ്പോള്‍ അത് അയാളുടെതാവുകയും ചെയ്യുന്ന ( ഇടം - കുഴൂര്‍ വില്‍സണ്‍) സ്വന്തമെന്നു പറയാന്‍ ഒരിടവുമില്ലാത്തവരുടെ ഉള്ളിനെ വരയ്ക്കുമ്പോഴും 'ഇപ്പോഴും നിരത്തിലിറങ്ങി/അടുത്ത ബസ്സിനു പോയാലോ / എന്ന് നില്‍പ്പാണ് അങ്ങാടി' (തിരുവെള്ളുര്- ഉമ്പാച്ചി) എന്ന് നിരീക്ഷിക്കുമ്പോഴും ദേശ സ്വത്വത്തെപ്രതി കവിത ഏറ്റവും ആധി കൊള്ളുന്നുണ്ട്. പ്രമോദ് കെ എമ്മിന്റെ 'കര്‍ക്കിടകം' , സനാതനന്റെ 'കള' തുടങ്ങിയ കവിതകളും പകല്ക്കിനവന്റെ ചില കവിതകളും ഉള്ളടക്കം ചെയ്യുന്നത് ഓര്‍മയെ പ്രതിരോധാമായി തിരിച്ചറിയുന്നവന്റെ വാക്കുകളാണ്.
കാലം തിരസ്കരിച്ചവരും സ്വയം നിഷ്ക്രമിച്ചവരുമായ കുറെ അധികം മനുഷ്യര്‍ കവിതാ ശരീരത്തില്‍ പ്രകാശിതരാവുന്നുണ്ട് ഇവിടെ. പിറന്ന നാട്ടിലേക്കുള്ള മടക്കം എന്ന സുതാര്യമായ നേരിനപ്പുറം 'ദേശം' അവഗണിക്കാന്‍ പറ്റാത്ത മിത്തായി മാറുന്നത് സമകാലിക കവിതയില്‍ കാണാം. പ്രകൃതി ഇല്ലാതാവുമ്പോള്‍ പ്രകൃതിയുടെ ചിത്രം സ്വീകരണ മുറിയില്‍ തൂക്കി അതിന്റെ വിടവ് പരിഹരിക്കുമ്പോലെ കവിതയുടെ നഗരത്തില്‍ നിന്നും നാം ഗ്രാമത്തെ റീപ്ലേസ് ചെയ്യുന്നു എന്ന് കരുതുന്നതിലും തെറ്റില്ല. ദേശത്തോട് അമിതപ്രേമാമില്ലയ്കയാലും ഒരു തരത്തില്‍ അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന എഴുത്ത് എന്ന നിലയില്‍ ലതീഷ് മോഹന്റെ കവിതകള്‍ ശ്രദ്ധ്ധേയമാണ്. ലതീഷിന്റെ തന്നെ 'ചെങ്ങനാശ്ശേരി വേണ്ടെന്നു വെച്ചാലെന്താണ്? ' എന്ന കവിതയില്‍ പറയുന്നു,"നമ്മുടെ ഭൂപടങ്ങള്‍ / നമുക്കു തന്നെ വരച്ചാലെന്താണ്?" അത് തന്നെയാണ് കവിതയിലെ ഈ ബ്ലോഗു യുവത്വത്തിന്റെയും ചോദ്യം.
Subscribe to:
Post Comments (Atom)

"നമ്മുടെ ഭൂപടങ്ങള്‍ / നമുക്കു തന്നെ വരച്ചാലെന്താണ്?" Namukku thudangam...!
ReplyDeleteManoharam, Ashamsakal...!!!
nannaayi sudheesh...............
ReplyDelete