ഒരു നഷ്ട നഗരിയില്‍

മഹി



ഓരോ നോട്ടത്തിലും ആഴ്ന്നു പോകുന്നു
നിശബ്ദതയുടെ ഒരു പൂര്‍ണ്ണ വൃത്തത്തിലേക്ക്‌
രണ്ടായി പിരിഞ്ഞ്‌ കണ്ണുകളുടെ ഉള്‍ക്കിണറുകളിലേക്ക്‌
ആഴത്തിലൊരു കടലിരമ്പുന്നു
ഒര്‍മ്മകളുടെ പ്രാചീനമായൊരു തണുപ്പ്‌ വന്നു മൂടുന്നു
ഉടലിന്റെ മണ്ണിലേക്ക്‌ തുളഞ്ഞ്‌
വേരുകള്‍ മൌനത്തിന്റെ
ചരിത്രം തേടി അലയുകയാണ്‌
അവ നിന്റെ ഉള്ളിലൂടൊഴുകുന്ന
ചുവന്ന നദീ തീരത്ത്‌
ഒരു നഷ്ട നഗരിയെ കണ്ടെത്തുന്നു
അവിടെ ആശ്ലേഷങ്ങളുടെ കൊത്തു പണികളും
നിശബ്ദമായ ജനാലകളും
അടഞ്ഞ വാതിലുകളുമുള്ള വീടുകള്‍
ചുംബനങ്ങളുടെ പുരാതന ലിപികളില്‍
എഴുതപ്പെട്ട ശിലാശാസനങ്ങള്‍
ഭരിച്ചു പോയവര്‍ അവശേഷിപ്പിച്ച മുദ്രകള്‍
അസ്ഥികളില്‍ തീര്‍പ്പിച്ച സ്തംഭങ്ങള്‍,
മോഹങ്ങളുടെ ഏകാന്തമായ പാതകള്‍
സ്വപ്നങ്ങളുടെ വയലുകള്‍
അവയിലെറിഞ്ഞ വിത്തുകള്‍
പ്രണയത്തിന്റെ അരണി കടഞ്ഞ്‌ കടഞ്ഞ്‌
അവര്‍ നിന്നില്‍ പടര്‍ത്തിയ തീ,
പുരാതനമായ ആ തീ
പൂജിച്ച പുഷ്പങ്ങള്‍
എല്ലാം മണ്ണിട്ടു മൂടി മണ്ണിട്ടു മൂടി നിശബ്ദമാക്കുന്ന
എല്ലാത്തിനേയും അന്ധമാക്കുന്ന
കാലത്തിന്റെ അതേ ഇരുട്ട്‌
അതിന്റെ ഗുഹാമുഖത്തു നിന്നും
മനുഷ്യരിപ്പോള്‍ നടന്നു പോകുന്നു
നിന്റെ വിജനതയില്‍ നിന്നും നടന്നു നടന്നു പോകുന്നു
കാഴ്ചകളും ശബ്ദങ്ങളുമാകുന്നു
റോഡുകളും കെട്ടിടങ്ങളുമാകുന്നു
വേഗങ്ങളും വ്യഥകളുമാകുന്നു
അതിനരികില്‍ നിന്റെ ഇടത്തു വശത്ത്‌
എത്ര പുഞ്ചിരികളാണ്‌ ഒരു പൂവാവുന്നതെന്ന്‌
എത്ര മൌനങ്ങളാണ്‌ ഒരു വാക്കാവുന്നതെന്ന്‌
എത്ര മരണങ്ങളാണ്‌ ഒരു ചരിത്രമാവുന്നതെന്ന്‌
സംശയിച്ചു കൊണ്ടേ നില്‍ക്കുമ്പോള്‍
നിന്നില്‍ നിന്നും എന്നിലേക്ക്‌ അലയടിച്ചുയരുന്ന
ഒരു പച്ചപ്പില്‍ ഞാന്‍ മുങ്ങുന്നു
മുങ്ങി മുങ്ങി പോകുന്നു

5 comments:

  1. മഹീ
    നഷ്ടനഗര വര്‍ണന കുറച്ചു കൂടുതലുണ്ടെങ്കിലും നല്ല കവിത.

    ഓണാശംസകള്‍

    ReplyDelete
  2. ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ,തീവ്രാനുഭവമാകേണ്ടിയിരുന്ന കവിത.

    ReplyDelete
  3. അനിലനോടും വി.ശിയോടും യോജിച്ചുകൊണ്ട്,
    അഭിവാദ്യങ്ങളോടെ

    ReplyDelete
  4. മഹി,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  5. അനിലേട്ടാ എനിക്കും തോന്നിയിരുന്നു കൂടതലായെന്ന്‌ കുറച്ചു വരി തട്ടി കളഞ്ഞിട്ടുണ്ട്‌ എന്നാലും അസംതൃപ്തി ബാക്കി കിടക്കുന്നു എല്ലാവര്‍ക്കും നന്ദി

    ReplyDelete