ഈച്ച / ഗുപ്തന്‍

പാതിരായ്ക്ക് കാള വണ്ടി ഇഴഞ്ഞു വരുന്നതുപോലെയാണ് ചിലകാര്യങ്ങള്‍ നടക്കുന്നത്. ആദ്യം അകലെ കട കട ശബ്ദം കേള്‍ക്കും. പിന്നെ വളവു തിരിഞ്ഞൊരു വെളിച്ചം തുള്ളിത്തുള്ളി വരും. ഒരു ചാട്ടവാറിന്റെ ചുഴറ്റല്‍. ഉരുവിന്റെ നിലവിളി.

ഇപ്പോള്‍ അകലെ പാറമടയ്ക്കരികിലെ കയറ്റത്തില്‍ കേള്‍ക്കാം പത്തനാപുരം റോഡില്‍ ജീപ്പ് കയറി വരുന്നശബ്ദം. വക്കച്ചനാവണം. ഒപ്പം അളിയന്മാരുണ്ടാവണം.

അതിലൊരാള്‍ മാത്തുക്കുട്ടിയായിരിക്കും. കൊമ്പന്‍ മീശക്കാരന്‍ . ആറടി ഉയരവും അതിനൊത്തവണ്ണവുമുള്ള ശിക്കാരി. കള്ളവാറ്റു ചൂണ്ടിയ ഒരുത്തനെ വേട്ടയാടിയതിനു ജയിലില്‍ പോയവന്‍. ചോരകണ്ട് അറപ്പ് തീര്‍ന്നവന്‍ .

'ആ പൊട്ടനവിടെത്തന്നെയൊണ്ടോ ജോസേ?' -- ചായക്കടയ്ക്കകത്ത് ആരോ ചോദിക്കുന്നു.

'ആം. അവടെത്തന്നെയിരിപ്പൊണ്ട്'. കാണാതെങ്ങനെ മറുപടി പറയുന്നാവോ കഴുത. കാര്യം ശരിയാണ്. ഉണ്ട്. അവിടെത്തന്നെയുണ്ട്. കുലവെട്ടി മറിച്ചിട്ട വാഴത്തട ആരോ കുത്തിച്ചാരിവച്ചതുപോലെ. കാലു നീട്ടിയിട്ട്. തല മുട്ടിലേക്ക് ചായ്ചുവച്ച്. ഒരേയിരിപ്പ്. അനങ്ങിയിട്ടേയില്ല.

'റാന്നീന്ന് മാത്തുക്കുട്ടി വരുവോടാ?' -- ചോദ്യത്തില്‍ ഭയമല്ല. നടക്കാനുള്ളത് നടക്കും എന്ന് ഒന്നുകൂടി ഉറപ്പിക്കലാണ്.

ഉച്ചമുതല്‍ ഇതുതന്നെയാണവസ്ഥ. സൂചനകളിലൂടെ വല നെയ്തുവരുന്ന ഒരു കഥയില്‍ കുരുങ്ങി കാത്തുനില്‍ക്കുകയാണ്. പലരും. പലയിടങ്ങളില്‍. പല മറവുകളില്‍.

പൊട്ടന്‍ കുട്ടാപ്പുവും ഒരുപക്ഷേ കാത്തിരിക്കുകയാവും.

പൊട്ടനെത്തല്ലാന്‍ വക്കച്ചന് അളിയന്മാരുടെ കൂട്ടുവേണ്ട. ഗള്‍ഫ് സരസമ്മയുടെ വീട്ടില്‍ മിനിലോറിക്കിറക്കുന്ന റബറ് തടി ഒറ്റത്തച്ചിന് വിറകാക്കും പൊട്ടന്‍. എങ്കിലും ആരെങ്കിലും തല്ലിയാല്‍ തിരിച്ചു തല്ലില്ല.

തല്ലാനല്ല കൊല്ലാനാണ് പോകുന്നതെന്ന് പറഞ്ഞതാണ് വക്കച്ചന്‍. മാത്തുക്കുട്ടി വന്നാല്‍ അതുതന്നെ നടന്നേക്കും.

പൊട്ടനു പ്രാണനില്‍ പേടിയില്ലേ. ചാവാനിരിക്കുകയാണെന്ന് തോന്നും.
വളവില്‍ ഹോണടിക്കുന്നു. ഇതുവരെ ഒരു നല്ല തല്ല് കണ്ടിട്ടില്ല. ഇന്നു പറ്റിയേക്കും. പൊട്ടനെ മാത്തുക്കുട്ടി കുത്തുമോ. ഈശ്വരാ വീട്ടില്‍ പോയിരുന്നിട്ട് പിന്നെ വന്നു നോക്കാം.

പോകാന്‍ പറ്റുന്നില്ല. ചായക്കടയിലെ വൃത്തിയുള്ള ചില്ല് പെട്ടിയില്‍ വാഴക്കാ അപ്പവും പരിപ്പുവടയും ബോണ്ടയും അടുക്കി വച്ചിരിക്കുന്നു. ഒരു വലിയ ഈച്ച ഉള്ളിലുണ്ട്. തിന്നാനുള്ള ഒന്നിലും പോയിരിക്കാതെ അത് ചില്ലില്‍ നിന്ന് ചില്ലിലേക്ക് മാറിപ്പറക്കുന്നു. രക്ഷപെടാനാണ്. പറ്റണ്ടേ. കാഴ്ചകള്‍ ചില്ലു പോലെയാണ്. തളച്ചിട്ടുകളയും.

'ചാന്നാരെ ഒരു ചായ'. ചാന്നാ‍രു നിന്റെ തന്ത എന്ന് വേലുക്കുട്ടിയാശാന്‍ ക്ലീനായി തന്തയ്ക്ക് വിളിക്കുന്നു. എന്നാല്‍ നായരെ ഒരു നായ. അയാള്‍ കേള്‍ക്കണ്ട.

വണ്ടി വന്നു. വക്കച്ചന്‍ ഇറങ്ങി. മറുവശത്തുനിന്ന് മാത്തുക്കുട്ടിയും. പിന്നില്‍ നിന്ന് വേറേ രണ്ടളിയന്മാരും. എതിര്‍ വശത്തെ മാടക്കടയിലേക്കാണ്.

‘നാലു സോഡേം ഒരു വിത്സും’ മാത്തുക്കുട്ടിയുടെ മുണ്ടിനടില്‍ നിന്ന് വരയന്‍ കളസം വഴിയേപോയ രാധാമണിയേ നോക്കി ചിരിച്ചു. രാധാമണി പേടിച്ച് ഓടിപ്പോകുന്നു.

‘എന്തുചെയ്തിട്ടാന്നോ എല്ലാരും കൂടെ ആ പൊട്ടന്‍ ചെക്കനെ കൊല്ലാന്‍ പോവുന്നത്’ പലചരക്കു കടയില്‍ ഉപ്പുചാക്ക് ചാരിയിരുന്ന പാറുത്തള്ള പിറുപിറുക്കുന്നു.

വക്കച്ചന്റെ പെങ്ങള്‍ ആന്‍സിയുമായി ബന്ധപ്പെട്ട എന്തോ ആണ്. വക്കച്ചന്റെ പെണ്ണ് അലീസാണ് കശപിശ തുടങ്ങിയതു പോലും. പൊട്ടന്റെ ചെവിട്ടത്ത് ഒന്നു പൊട്ടിച്ചതിനു ശേഷമാണ് വക്കച്ചന്‍ അളിയന്മാരെ വിളിക്കാന്‍ പോയത്.

കുട്ടാപ്പു. പാവം കുട്ടാപ്പു. കറമ്പന്‍. പൊട്ടന്‍. ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തവന്‍. അവന്‍ ആന്‍സിയെ എന്തു ചെയ്തെന്നാണ്. പ്രേമിച്ചോ? കമന്റടിച്ചോ? കുളിപ്പുരയില്‍ ഒളിഞ്ഞുനോക്കിയോ? കയറിപ്പിടിച്ചോ ?...

പറയാന്‍ പറ്റില്ല. മനസ്സുകൊണ്ട് പൊട്ടനാണേലും അവനും ഒരാണല്ലേ. ഒന്നുമില്ലാതെ വക്കച്ചന്‍ ഒരുത്തനെ കൊല്ലാനിറങ്ങുമോ

‘ആ ചെറുക്കന്‍ അതുവഴിയെങ്ങാണ്ട് പോയതേയൊള്ള് . ആ ആലീസൊരുത്തി ഒണ്ടാക്കിയ പ്രശ്നമാന്നാ അമ്മായി പറയ്‌ന്നെ’ ചായക്കടയ്ക്കുള്ളില്‍ നിന്ന് ജോസ് പറയുന്നു.

‘നെന്റെമ്മായി അല്ലേ. അവര്‍ക്ക് ഈ കുട്ടാപ്പുവുമായി എന്താണ്ടൊക്കെ എടപാടൊള്ളതാ’ മറ്റാരോ. നാട്ടില്‍ പലരും വീട്ടിലെ ചില്ലറ ജോലികള്‍ക്ക് കുട്ടാപ്പുവിനെ വിളിക്കാറുണ്ട്. ഗള്‍ഫ് സരസമ്മയുടെ വീട്ടിലെ ജോലികഴിഞ്ഞാല്‍ കുട്ടാപ്പു ഒക്കെ ചെയ്തുകൊടുക്കും. ഇപ്പോള്‍ ആന്‍സീടെ കാര്യം വന്നപ്പോഴല്ലേ. ഇതിനുമുമ്പ് എന്തൊക്കെ ഒപ്പിച്ചിട്ടുണ്ടെന്ന് ആര്‍ക്കറിയാം.

നാട്ടിലെ വാര്‍ത്തകളാണ്. ഒക്കെ പെയിന്റ് ചെയ്ത് നീറ്റായി പത്രപ്പരുവത്തിലേ വരൂ. പത്രവാര്‍ത്ത കണ്ടിട്ടില്ലേ "പ്ലസ് റ്റൂ വിദ്യാര്‍ത്ഥിനി വിഷം ഉള്ളില്‍ ചെന്നു മരിച്ചു. മുരിക്കിന്‍ വിള വടക്കേ വീട്ടില്‍ സഹകരണബാന്കുദ്യോഗസ്ഥന്‍ ദിനകരന്റെ മകള്‍ ആഷ (17) വിഷം ഉള്ളില്‍ ചെന്നു മരിച്ചു. പ്ലസ് വണ്‍ പരീക്ഷയില്‍ കിട്ടുമെന്ന് ഉറപ്പായിരുന്ന വിഷയത്തില്‍ തോറ്റതില്‍ മനം നൊന്താണ് അങ്ങാടിമുക്ക് സെയ്ന്റ് അന്തോണീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ആഷ ഈ കടുംകൈ ചെയ്തതെന്ന് വീട്ടുകാര്‍ പറഞ്ഞു."

പതിനേഴാം വയസ്സില്‍ മരിക്കാന്‍ കണ്ട വകുപ്പ് നോക്കിക്കേ. വിഷയത്തില്‍ തോറ്റ് വിഷം ഉള്ളില്‍ ചെന്നുപോലും. വിഷയം ഉള്ളില്‍ ചെന്നുകാണും. ചെക്കന്മാര്‍ക്ക് വിഷയാസക്തി കൂടിവരുന്ന കാലമാണ്. എന്തു സംഭവിച്ചാലും വീട്ടുകാര്‍ കാശുകൊടുത്ത് പരീക്ഷയില്‍ തോറ്റതാക്കും. കുടുംബത്തിന്റെ മാനം നോക്കണ്ടേ.

അതൊക്കെ തന്നെയാണ് നാട്ടിലെ കാര്യവും ഒന്നും പറയണ്ട.

അപ്പനാരെന്നും അമ്മയാരെന്നും അറിയാത്ത കുട്ടപ്പു (പൊട്ടന്‍ കുട്ടാപ്പു 39വയസ്സ്) കവലയില്‍ കുത്തേറ്റ് മരിച്ചു. പള്ളിക്കാലായില്‍ വക്കച്ചന്റെ പെങ്ങള്‍ ആന്‍സി പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വക്കച്ചന്റളിയന്‍ മാത്തുക്കുട്ടിയാണ്.. എന്നമട്ടില്‍ ഒരു വാര്‍ത്ത നാളെ പത്രത്തില്‍ വരുമോ.

കഥകളുടെ ചിറകൊടിച്ച് വളിച്ച വാര്‍ത്തകളാക്കുന്ന അറുബോറന്മാരെ തൂക്കിക്കൊല്ലണം.

സോഡകുടിയും കൂടിയാലോചനയും കഴിഞ്ഞ് വക്കച്ചനും അളിയന്മാരും വായനശാലയിലേക്ക് നടക്കുകയാണ്. മാത്തുക്കുട്ടി മുന്നില്‍. ബാക്കി മൂന്നുപേരും പിന്നില്. റോഡിനു നടുവിലൂടെയാണ് നടത്തം. ആന നടക്കുന്നതുപോലെ. കൂപ്പില്‍ നിന്ന് തടികയറ്റി വന്ന ലോറി വശത്ത് ഒതുങ്ങിക്കൊടുത്തു. ആണുങ്ങളായാല്‍ ഇങ്ങനെ വേണം.

ഇരുന്നിടത്തു തന്നെ ഇരിക്കുകയാണ് കുട്ടാപ്പു. ഇവനിതെന്ത് ഭാവിച്ചാണ്? ഓടിച്ചെന്ന് പറഞ്ഞാലോ, എഴുന്നേറ്റ് ഓടാന്‍. ഗള്‍ഫ് സരസമ്മയുടെ വീട്ടിലേക്ക് ഓടിക്കയറാന്‍ ഒരു നിമിഷം മതി. സരസമ്മ തടസം നിന്നാല്‍ പള്ളിക്കാലാക്കാരുപോലും ഒന്നറയ്ക്കും.

പക്ഷെ ഇനിയും ഓടിച്ചെന്നാല്‍ അവിടെക്കിട്ടാനുള്ള അടി ഇവിടെക്കിട്ടിയെന്നുവരും. വേണ്ട. തന്നെയല്ല ഇതുവരെ പാവം പോലെയൊക്കെ നടന്നെങ്കിലും ഇപ്പോള്‍ അവന്റെ ഇരിപ്പുകണ്ടാല്‍ കള്ള ലക്ഷണമുണ്ട്. എടാ കുട്ടാപ്പൂ തങ്കക്കുടമേ നീ ആന്‍സിയെ എന്താടാ ചെയ്തത് ?

ആനക്കൂട്ടം കുട്ടാപ്പുവിനെ കണ്ടിരിക്കുന്നു. 'മാത്തുക്കുട്ടിച്ചായാ വിടരുതവനെ' എന്ന് അലറിക്കൊണ്ട് വക്കച്ചന്‍ വേലിയരികിലെ ശീമപ്പത്തല്‍ ചവിട്ടിയൊടിക്കുന്നു. മാത്തുക്കുട്ടീടെ അനിയന്‍ വഴിയരികില്‍ നിന്നൊരുപാറക്കല്ല് വലിച്ചു പൊക്കുന്നു.

മാത്തുക്കുട്ടി കയ്യില്‍ ആയുധമൊന്നുമില്ലാതെ കുട്ടാപ്പുവിന്റെ നേരേ ചാടിക്കുതിച്ചു ചെല്ലുകയാണ്.

‘അയ്യോ ആരെങ്കിലുമൊന്ന് ചെന്ന് പിടിച്ചുമാറ്റ്'’ പിന്നില്‍ ഭവാനിയക്കയാണ്. നല്ല സമയം. പെണ്ണുങ്ങള്‍ക്കുമാത്രമേയൊള്ളോ ഇവനോട് സഹതാപം?

ഒരു ചവിട്ടിനു തന്നെ കുട്ടാപ്പു വീണു. ഈ വേലുക്കുട്ടിയാശാന് ചായ കൊണ്ടുവരാന്‍ കണ്ട നേരം. ചായ കയ്യില്‍ പിടിപ്പിച്ചിട്ട് തല്ല് നോക്കി നിന്ന് വിറക്കുകയാണ് കിളവന്‍. ശവം.

മാത്തുക്കുട്ടിയുടെ അനിയന്‍ ടപ്പേന്ന് താഴേക്കിട്ട കല്ലില്‍ നിന്ന് കുട്ടാപ്പു രക്ഷപെട്ടു. അവിടെയിട്ട് വക്കച്ചനും ഒരളിയനും കൂടി അവനെ അവിടെയിട്ട് ചവിട്ടുകയാണ്.

‘ഞാനെങ്ങാനും ആയിരുന്നെങ്കി ചവിട്ടാമ്മരുന്ന കാലീ പിടിച്ച് പൊക്കി നെലത്തിട്ടേനേ ആ കാലമാടനെ.’ ജോസ് കടയ്ക്കുള്ളില്‍ നിന്ന് ഇറങ്ങിവന്നിട്ടുണ്ട്. ഹയ്യട! വാചകമടിയേയുള്ളൂ.

‘ആശാനേ ഞാനൊരുകെട്ട് ബീഡിയെടുത്തേ' എന്നു വിളിച്ചുപറഞ്ഞ് രാധാകൃഷ്ണനും റോഡിലേക്കിറങ്ങുന്നു.

ചായക്ക് ചൂടുമില്ല കടുപ്പവുമില്ല. കിളവന്‍ തല്ലുകാരെ നോക്കിനിന്നാണ് ചായയുണ്ടാക്കിയതെന്ന് തോന്നുന്നു.

കുട്ടാപ്പു നിലവിളിക്കുന്നതുപോലുമില്ല. നിലത്തുകിടന്ന് ചവിട്ടുകൊള്ളുകയാണ്. വക്കച്ചന്‍ വേലിപ്പത്തല്‍ കൊണ്ട് കിട്ടുന്നിടത്തൊക്കെ കുത്തുകയും അടിക്കുകയും ചെയ്യുന്നു. എന്തെങ്കിലും നടക്കും.

ഹൊ! ഗ്ലാസ് ഇപ്പോള്‍ കയ്യില്‍ നിന്ന് പോയേനെ. വിറയ്ക്കുന്നുണ്ടേ. പോക്കറ്റില്‍ മൊബൈല്‍ ഫോണുണ്ട്. അതെടുത്താല്‍ വീഡിയോ പിടിച്ചുവയ്ക്കാമായിരുന്നു.

മാത്തുക്കുട്ടി കുട്ടാപ്പുവിനെ പിടിച്ചുപൊക്കുന്നു. മതിലില്‍ ചാരിനിര്‍ത്തുന്നു. ഇപ്പോള്‍ കത്തിയെടുക്കും. കുത്തും. ചോര ചുവന്നു ചാടും. ഫോണെവിടെ?. അല്ലെങ്കില്‍ വേണ്ട. നാട്ടുകാരു കണ്ടാല്‍ എന്തുവിചാരിക്കും?

ആരാണത്? ങും. വാസുദേവന്‍ സാര്‍ ആണ്. പള്ളിക്കൂടം വാധ്യാര്‍ ആന്‍ഡ് പഞ്ചായത്ത് മെംബര്‍. അയാളിന്നു വാങ്ങിക്കും.

ഓ നന്നായി. മാത്തുക്കുട്ടി വിട്ടു. കുട്ടാപ്പു നിലത്തു വീണു. വാസുദേവന്‍സാര്‍ വക്കച്ചനോടും അളിയന്മാരോടും സംസാരിക്കുന്നു. കുട്ടാപ്പു രക്ഷപെട്ടു എന്ന് തോന്നുന്നു. നന്നായി. കുട്ടാപ്പു പാവമല്ലേ? ആന്‍സിയെ ഒന്നു നോക്കിയെനു വച്ചാല്‍ എന്താണ് അല്ലെങ്കില്‍ ഒന്നു ലൈനടിച്ചെന്നു വച്ചാല്‍ എന്താണ്?

ചായ തണുത്തുപോയി. ഹ! ഈച്ച.. കാലൊന്നു തട്ടിമുറിഞ്ഞ വൃണത്തില്‍ വന്നിരുന്നു ചൊറിയുന്നു. വാസുവണ്ണന്റെ കടയില്‍ നിന്ന് ഒരു തുണ്ട് പ്ലാസ്റ്റര്‍ വാങ്ങി ഒട്ടിക്കണം.

ചാന്നാരേ ഞാനെറങ്ങുന്നേ.

ആം. നിന്റെ അമ്മയോട് ഞാന്‍ ചോയിച്ചെന്നു പറ. മുതുകിളവന്‍. പിന്നെയും തെറിപറയുകയാണ്. നിങ്ങളെ വൈകിട്ടു പാമ്പുകടിക്കും.

കുട്ടാപ്പുവിനു ഒരു ചവിട്ടുകൂടി കിട്ടിയെന്ന് തോന്നുന്നു. ഒന്നുമുണ്ടായില്ലല്ലോ. നന്നായി. ഒന്നുമല്ലേലും പൊട്ടനല്ലേ. പാവം.

‘ടാ കുട്ടാപ്പുവേ...’ ഗള്‍ഫ് സരസമ്മയാണ്. കഥയൊന്നും അറിഞ്ഞമട്ടില്ല. അടുക്കളയില്‍ നിന്നു നീട്ടിവിളിച്ചാല്‍ ജംഗ്ഷനില്‍ കേള്‍ക്കും മൂപ്പത്തിയുടെ ശബ്ദം.

‘ഡാ എവ്ടെ പ്പോയിക്കെടക്കുവാടാ പൊട്ടാ.’

വൈകിട്ട് ഗള്‍ഫ് സരസമ്മ കുട്ടാപ്പുവിന് തൈലം പുരട്ടിക്കൊടുക്കുമായിരിക്കും. കുളിക്കുന്ന വേഷത്തില്‍. അടിപ്പാവാടയൊക്കെ നെഞ്ചത്തുകയറ്റി ഉടുത്ത്. പതിവ് സഹായക്കാരനല്ലേ.
എന്തോ ആവട്ടെ!

18 comments:

 1. ഓ, അങ്ങു സുഖിച്ചു.. :)

  ReplyDelete
 2. വെളുപ്പിനെ ഒരു കാലിയടിക്കാന്‍ ചാന്നാരെ കടയില്‍വരാം. അന്നേരത്തേക്ക് പൊട്ടന്റെയും ആന്‍സിയുടേയും പുതിയ ന്യുസുവല്ലോം കിട്ടിയാ പറയണേ.
  ഇഷ്ടമായി

  ReplyDelete
 3. കുട്ടാപ്പുവിനൊന്നും പറ്റീലല്ലോ...
  എന്തോ ആവട്ടെ...
  എനിക്ക് വേറെ പണീണ്ട്...
  അല്ലാ ആൻസിയെ കുട്ടാപ്പു എന്ത് ചെയ്തെന്നാ പറഞ്ഞത്?

  ReplyDelete
 4. പള്ളിക്കാലായില്‍ വക്കച്ചന്റെ പെങ്ങള്‍ ആന്‍സി പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വക്കച്ചന്റളിയന്‍ മാത്തുക്കുട്ടിയാണ്..

  ഗുപ്താ... :)

  ReplyDelete
 5. "കാഴ്ചകള്‍ ചില്ലു പോലെയാണ്. തളച്ചിട്ടുകളയും."
  നല്ല (സെന്‍സേഷേന്‍) കഥകളും.

  കാഴ്ച്ചക്കു നല്ല വിരുന്നായിരുന്നു. കോള കുടിച്ചു സഹതാപത്തില്‍ വറുത്ത കപ്പലണ്ടി കൊറിച്ചു കാണുന്നബോക്സിംഗ്‌.
  നന്ദി.

  ReplyDelete
 6. ക്ഷ പിടിച്ചു !

  ReplyDelete
 7. ഗൊള്ളാം...എന്നാലും വെളഞ്ഞുപഴുത്തതാണോന്ന് ഒരു സംസയം !

  ReplyDelete
 8. സത്യം സനലേ ഞെക്കിപ്പഴുപ്പിച്ചതാണ്; ശരിക്കും എഴുതാനുള്ള മാറ്റര്‍ കിട്ടാത്തതുകൊണ്ട് ഒരു പുതിയ ത്രെഡിനെ പഴയ ചില കഥകളിലേക്ക് കയറ്റി വിട്ട് റീമിക്സ് ചെയ്തു. അതും ശരിക്ക് മിക്സ് ആയില്ല. ഒന്നു മാറ്റിപ്പണിയണമെന്നുണ്ട്. ഒന്നും നടക്കുന്നില്ല. ഈ ഒരു അവസ്ഥയെക്കുറിച്ച് ഞാന്‍ സനലിനു വിശദീകരിക്കേണ്ട ആവശ്യമില്ലല്ലോ. ജീവന്‍ ബാക്കിയുണ്ടെന്ന് അറിയിക്കാന്‍ ഒരു അവസരമായിട്ടേ വിഷ്ണുമാഷ് വിളിച്ചപ്പോല്‍ തോന്നിയുള്ളൂ :)

  ReplyDelete
 9. കാഴ്ചകള്‍ ചില്ലു പോലെയാണ്. കണ്ടതെന്നാല്‍ തൊട്ടുനോക്കാന്‍ വന്നാല്‍ ചില്ലുചില്ലെന്നാണ്. അയ്യോ! തണുപ്പിച്ചേന്ന്.:)

  ReplyDelete
 10. മുരിക്കിന്‍ വിള വടക്കേ വീട്ടില്‍ സഹകരണബാന്കുദ്യോഗസ്ഥന്‍ ദിനകരന്റെ മകള്‍ ആഷ (17)

  ദിനകരന്‍ സര്‍ വന്നു ഗുപ്തന്റെ കൊരവള്ളിക്ക് പിടിക്കണത് ഭാവനയില്‍ കണ്ടു.എവിടെ കണ്ടിട്ടാ ല്ലേ :)

  ReplyDelete
 11. ഓ എന്തരോ ആവട്ടെ :)

  ReplyDelete
 12. കൊള്ളാം.. നല്ല എഴുത്ത്. ആള്‍മോസ്റ്റ് വിഷ്വലൈസ് ചെയ്യാന്‍ പറ്റുന്നുണ്ട്

  ReplyDelete