അകം വാഴ്വ്

സറീന


എന്‍റെ ഉറക്കത്തിന്‍റെ കരയില്‍
എന്നുമിങ്ങനെ വന്നിരുന്ന്
എന്താണ് നീ ചെയ്യുന്നത്?
ഞാനൊന്നും അറിയില്ലെന്നാണോ!
സ്വപ്നങ്ങളില്‍ നിറയെ പൂക്കുന്ന
പൂവുകള്‍ നേരം വെളുക്കുമ്പോഴെയ്ക്കും
കാണാതാവുന്നതെങ്ങനെയെന്ന് എനിക്കറിയാം.
നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
ഉണര്‍ന്നു കണ്ണാടിയില്‍ നോക്കാതെ
മുറ്റത്തിറങ്ങിയെങ്കില്‍ ആരെങ്കിലും കണ്ടുപിടിച്ചേനെ
നെറ്റിയിലെ ഉറക്കം മണക്കുന്ന ഉമ്മ.
പെട്ടെന്ന് ബസ്സ് കേറിപ്പോകാന്‍ നേരം
പാതിയില്‍ നിര്‍ത്തിയ വാചകം
കവിത പോലെ മുഴുമിപ്പിച്ചിരിയ്ക്കുന്നത്
ഒട്ടുമിണങ്ങാത്ത പകലൊച്ചകളില്‍ നിന്ന്
ഞാന്‍ വായിച്ചെടുക്കുന്നുണ്ട്.
വേരുകള്‍ മാത്രമറിയുന്ന ജലസ്വകാര്യങ്ങളില്‍
ഒരു മരം തളിര്‍ക്കും പോലെ
അകം നിറയെ ചിരിയ്ക്കുന്നുണ്ട്,
ഒരിയ്ക്കലും ഭൂമിയുടെ വെട്ടമറിയാത്ത ഒരുവള്‍.
കഴുകി കമഴ്ത്തിയ പാത്രത്തില്‍ ഒരു തുണ്ട്
ചീരയില പോലെ ഇങ്ങനെ മറഞ്ഞിരു‌ന്നോളൂ,
ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.

41 comments:

  1. മനോഹരം സെറീന..
    അതി മനോഹരം

    ReplyDelete
  2. ഹ! മനോഹരം, കവിതയുടെ ആഴങ്ങള്‍ തൊട്ട പെണ്ണേ, അസൂയ കൊണ്ട് കത്തുന്നു ഞാന്‍!

    ReplyDelete
  3. ഓരോരുത്തരേയും കുഴക്കുന്നുണ്ട് അവനവനിലെ അകം വാഴ്വ്. നല്ല കവിത...

    ReplyDelete
  4. ആഴത്തിലേക്കിറങ്ങി..ഉള്ളില്‍ തൊട്ടു.

    ReplyDelete
  5. മറഞ്ഞിരുന്നാലും അറിയാന്‍ കഴിയുന്നുണ്ട് ഈ പൂമണം..

    ReplyDelete
  6. എനിയ്ക്കൊന്നും കാണുന്നില്ല,
    ആദ്യത്തെ ഏഴുവരി വായിച്ചപ്പോഴേക്കും ഞാൻ അന്ധനായി.

    ReplyDelete
  7. ഉള്ളു നിറഞ്ഞു കത്തുന്നുണ്ട് കവിതയും

    ReplyDelete
  8. ഉണ്ടുകഴിഞ്ഞപ്പോള്‍ ഞാനുമറിയുന്നുണ്ട്. ഈ നിറവു്‌!
    ചീരയിലയെന്നു ചേരുന്നൊരൊളിച്ചുവെപ്പും. സുന്ദരം

    ReplyDelete
  9. കവിത എന്റെ ഹൃദയത്തില്‍ ഇങ്ങനെ അലകടലായിരമ്പുന്നു. സെറീന, നന്ദി.ഒപ്പം അഭിനന്ദനങ്ങളും.

    ReplyDelete
  10. കവിത വായിച്ചു. അകംകാഴ്‌ച നന്നായിരിക്കുന്നു.

    ReplyDelete
  11. നന്നായിരിക്കുന്നു.

    ReplyDelete
  12. കവിതേ കവിതേ എന്നെത്ര പറഞ്ഞിട്ടും ഒതുങ്ങുന്നില്ല.ഹൃദയത്തില്‍ അറിഞ്ഞതും നിറഞ്ഞതും.ഇതിനേക്കാള്‍ നല്ലൊരു ഓണ സമ്മാനം എനിക്കിതേ വരെ കിട്ടിയിട്ടില്ല

    ReplyDelete
  13. ഈ വരികളിലൂടെ നടക്കുമ്പോള്‍ അറിയാതെ പോകുവതെങ്ങനെ ഒരിക്കലും വാടാത്തൊരു പൂമണം...

    ReplyDelete
  14. ...നീ നടന്ന വഴിയിലൊക്കെയുണ്ട് ആ പൂ മണം.
    കവിതയുടെ കാട്‌ പൂത്തുലയുന്ന മണം..!!!!

    പൊന്നോണാശംസകള്‍
    - ചാന്ദ്‌നി.

    ReplyDelete
  15. ബലേ ഭേഷ്‌;
    എന്തെങ്കിലും പറയാമെന്നു വച്ചാൽ അതു കുറഞ്ഞു പോകും.
    ഓണാശംസകൾ മാത്രം നേരുന്നു

    ReplyDelete
  16. ഒന്നും പറയുന്നില്ല
    ഇത്തിരി അസൂയയാണെന്നു കൂട്ടികൊ

    ReplyDelete
  17. വാഴുന്നോര്‍ക്കുമറിയുമായിരിക്കും :)
    ഓണാശംസകള്‍!

    ReplyDelete
  18. നല്ല കവിത.
    ഓണാശംസകൾ!

    ReplyDelete
  19. വേരുകള്‍ മാത്രമറിയുന്ന ജലസ്വകാര്യങ്ങളില്‍
    ഒരു മരം തളിര്‍ക്കും പോലെ
    പറയുന്നത് സ്വകാര്യം ആണോ..?
    ഭാഗ്യവതി എന്നല്ലാതെന്താ പറയുക

    ReplyDelete
  20. This comment has been removed by the author.

    ReplyDelete
  21. This comment has been removed by the author.

    ReplyDelete
  22. എന്തെങ്കിലും പറഞ്ഞാല്‍ അത് അധികപ്പറ്റാവും

    ReplyDelete
  23. ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്. .....

    മനോഹരം സറീന

    ReplyDelete
  24. ഒരു കവിത വായിച്ചു..പെൺ കവിതകൾ മലയളത്തെ ഇത്രയധികം ബലപ്പെടുത്തിയ മറ്റൊരു കാലമുണ്ടായിട്ടില്ല. എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു.

    ReplyDelete
  25. കഴുകി കമിഴ്ത്തിയ പാത്രത്തിലെ ചീരയില. ഇങ്ങനെയൊരു ബിംബത്തിന്റെ സാധ്യത മാത്രം മതി ഈയടുത്ത് വായിച്ച കവിതകളില്‍ ഏറ്റവും മികച്ചതായി ഈ കവിതയെ മാറ്റി വയ്ക്കാന്‍.

    ദ്രൌപതിയുടെ അക്ഷയപാത്രം പോലെ കവിതകളിനിയും നിറയട്ടെ.

    ReplyDelete
  26. ശക്തമായ രചന
    ഒട്ടുമുറങ്ങാത്ത് കണ്ണേ കടലേ
    കാറ്റിന്റെ കൈലേസുകൊണ്ട്
    ആല്‍ബം (അലകള്‍ക്ക്)
    അതെഴുതിയ സറിനയാണോ ഇത്

    ReplyDelete
  27. സെറീന,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  28. ഞമ്മടെയൊന്നും അകംവാഴ്വുകള്‍ ഇങ്ങനെയല്ല.നിന്നെപ്പോലെ നല്ലതാവാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അസൂയയെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു...

    ReplyDelete
  29. വളരെക്കാലത്തിനുശേഷം ഒരു കവിത എന്നെ ഉലച്ചുകളഞ്ഞു. നന്ദി.

    ReplyDelete
  30. ..ചേച്ചീ...
    നിറഞ്ഞെഴുതൂ...
    ‘മരം തളിര്‍ക്കുമ്പോലെ ചിരിക്കുക.. അകം നിറഞ്ഞ്.. എഴുതിപ്പെയ്യുക.. :)

    നന്ദി..

    ReplyDelete
  31. ഉണ്ണാതെ നിറയുമ്പോള്‍ ഞാനറിയുന്നുണ്ട്.
    Ithu manoharamayirikkunnu... Ashamsakal...!!!

    ReplyDelete
  32. Urakkam manakkunnorumma iam giving you Sareena...you simply touch my heart! Sweetness is your name...long live!!!

    ReplyDelete
  33. വരികള്‍ കിടിലന്‍...അകത്തു തന്നെ കയറി പിടിക്കുന്നവ. ശൈലി തീരേ പോര..!!

    ReplyDelete
  34. ഈ വായനയ്ക്കൊക്കെയും നന്ദി,
    ഉള്ളിലുള്ള ഓരോ വാക്കിന്‍റെ തരിയെയും കൊതിയോടെ
    എടുത്തു മണത്തു നോക്കി നടക്കുന്ന ഒരാള്‍ക്ക്‌,
    എന്നാല്‍ പുറത്തേയ്ക്ക് അതെടുത്ത് വെയ്ക്കാന്‍
    ഒരു വിശ്വാസവും ഇല്ലാത്ത ഒരാള്‍ക്ക്‌,
    പലപ്പോഴും വാക്കും അര്‍ത്ഥവും വിരുദ്ധങ്ങളായി
    ഭവിയ്ക്കുന്ന ഒരാള്‍ക്ക്‌ ഇതില്‍പ്പരം എന്ത് സന്തോഷം!

    ReplyDelete
  35. വേരുകള്‍ മാത്രമറിയുന്ന ജലജലസ്വകാര്യങ്ങളുമായി നീ നടക്കുന്ന വഴികളിലെല്ലാം പൂമണം പരത്താനാകട്ടെ

    ReplyDelete
  36. ഏറെക്കാലത്തിനു ശേഷം നിന്റെ വാക്കുകൾ വായിക്കുമ്പോൾ മഹാരാജാസിന്റെ മരത്തണലുകളും നിന്റെ നിറഞ്ഞ കണ്ണുകളും ഓർമ്മവരുന്നു.

    ReplyDelete
  37. വേരുകള്‍ മാത്രമറിയുന്ന ജലസ്വകാര്യങ്ങളില്‍
    ഒരു മരം തളിര്‍ക്കും പോലെ..

    ഹോ!!!! വാക്കുകളില്ലെനിക്ക്..

    ReplyDelete