മിന്നലുകളെ വായിക്കേണ്ടത്‌

സുനില്‍ ജി കൃഷ്ണന്‍


മിന്നലുകൾ
ആകാശത്തിന്റെ
ദാഹമാണ്‌

പിഞ്ഞിത്തീരുന്നതിനുമുമ്പ്‌
ഒരു ഞൊടിയിൽ
ഭൂമിയെ
വെളിപ്പെട്ടുകിട്ടാൻ
ദ്രവിച്ചുകഴിഞ്ഞ
ശരീരം വിട്ട്‌
അഴിഞ്ഞുവീഴുന്നതാണ്‌

ജലത്താളുകളിൽ
മഞ്ഞുപെൻസിലുകൾ കൊണ്ട്‌
ആകാശം വരച്ചുപഠിക്കുമ്പോൾ
ജീവിതത്തിന്‌
കൈവേദനിക്കുന്നുവോയെന്ന്‌
പാഞ്ഞുവന്നു നോക്കുന്നതാണ്‌

അകത്തെ അറകളിൽ
നിറച്ചിട്ട തൊണ്ടിമുതലുകൾക്കുമേൽ
ഇരുണ്ടയാമങ്ങളിൽ
ഒരു നിമിഷത്തേക്കുമാത്രം
ടോർച്ച്‌ തെളിയും പോലെ
പൊടുന്നനെ
പകൽ വെളുക്കുന്നതാണ്‌

മുഷിഞ്ഞതെല്ലാമെടുത്തുകളഞ്ഞ്‌
തിളങ്ങുന്ന ഉടുപ്പിട്ടുനിർത്തി
മരങ്ങളെ പുത്തനാക്കും

ചിലവ
അബദ്ധത്തിൽ
എല്ലാം തെളിഞ്ഞ ആധിയിൽ
വെന്തുപോകും

ചിലർ വെളിച്ചമാണെന്നുമാത്രം
കണ്ണടച്ച്‌ ഇരുട്ടാക്കും
എന്നിട്ടും
കുടിക്കാനൊന്നുമെടുക്കാതെ
പുത്തനാണിത്തുമ്പിന്റെ
ചിറകൊന്നുകുടഞ്ഞ്‌
പറന്നുപോകു

3 comments:

  1. സുനില്‍,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  2. കവിത കൊള്ളാം മാഷെ!!

    ReplyDelete