നൂറുരൂപ

ടി.പി. അനില്‍കുമാര്‍

സന്തോഷകരമായ ഒരോണവും ഓര്‍മ്മ വരുന്നില്ല. നാഷണല്‍ ടാക്കീസിലെ ഒരു സിനിമ, കടലുകാണാന്‍ പോക്ക്. അത്രയൊക്കെത്തന്നെ. രാത്രി കൂട്ടുകാരുമൊത്ത് ഓണനിലാവുകൊണ്ട് അമ്പലപ്പറമ്പിലെ പൂഴിമണലില്‍ മലര്‍ന്നു കിടക്കും. ആല്‍ത്തറയുടെ മറവില്‍ നിന്ന് ബീഡി വലിക്കും. ആല്‍ത്തറയില്‍ നിരന്നിരുന്ന് വള്ളം തുഴയുന്നതുപോലെ കൈകളിളക്കി വഞ്ചിപ്പാട്ടുപാടും. രണ്ടോണനാളിലാണ്‌ ആകെയൊരു പ്രതീക്ഷ. അന്ന് മാമന്റെ വീട്ടില്‍ പോകും. പടിഞ്ഞാറെ മുറിയിലെ പഴക്കുലയ്ക്ക് കറന്റു കമ്പിയില്‍ തൂങ്ങിക്കിടക്കുന്ന വവ്വാലിന്റെ നിറമായിട്ടുണ്ടാകും. കുഞ്ഞുമാമന്‍ വരച്ച് ചില്ലിട്ടു വച്ച, സത്യന്റെ ഒരു ബ്ലാക് ആന്റ് വൈറ്റ് ചിത്രമുണ്ട് ആ മുറിയില്‍. അമ്മാമ്മ രഹസ്യമായി ആ മുറിയിലേയ്ക്ക് കൊണ്ടു പോകും. ചില്ലിട്ട ചിത്രത്തിനു പിന്നില്‍നിന്ന് പുഴുങ്ങിയ കോഴിമുട്ടയുടെ വെള്ളപോലെ തിളങ്ങുന്ന ഒരു ചെറിയ പാത്രത്തില്‍നിന്ന് ഓണസമ്മാനം എടുത്തു തരും. ഭാഗ്യമുണ്ടെങ്കില്‍ അഞ്ചു രൂപ, ഏറ്റവും കുറഞ്ഞത് രണ്ടു രൂപയെങ്കിലും പേരക്കുട്ടിയെ കാത്ത് ആ പാത്രത്തിലുണ്ടാകും. പേരക്കുട്ടി പണിയെടുക്കാന്‍ മാത്രം വളര്‍ന്നിട്ടും, അമ്മാമ്മ വയ്യാതെ കിടപ്പിലായിട്ടും, കാണാന്‍ ചെല്ലുമ്പോഴൊക്കെ തലയണയ്ക്കടിയിലോ മുണ്ടിന്റെ തുമ്പത്തോ ആ സ്നേഹം കാത്തിരുന്നു.

ഒരോണക്കാലം. എന്തു കൊണ്ടാണെന്നറിയില്ല, അച്ഛനെ കുറച്ചു നാളായി മദ്യപിച്ചു കാണാറില്ലായിരുന്നു. ഇടയ്ക്ക് തിണ്ണയില്‍ കിടന്ന് 'ഏഴാം കടലിന്നക്കരെയുണ്ടോരേഴിലം പാല..' പാടുന്നുണ്ട്. ഞങ്ങള്‍ പൂക്കളമിടുമ്പോള്‍ തിണ്ണയിലിരുന്ന് നിര്‍ദ്ദേശങ്ങള്‍ തരുന്നുണ്ട്. സന്തോഷം കലര്‍ന്ന അത്ഭുതമുണ്ടാക്കുന്നുണ്ടയിരുന്നു അതൊക്കെ. പൂരാടത്തിന്റന്ന് ഉച്ചയായപ്പോള്‍ അച്ഛന്‍ പുറത്തു പോയി മൂന്നു ചെറിയ ടിന്‍ പെയിന്റുമായി വന്നു. വിറകുപുരയില്‍ നിന്ന് പൂതലിക്കാന്‍ തുടങ്ങിയ കനം കുറഞ്ഞ പലകകള്‍ തപ്പിയെടുത്ത് പൂത്തറയുണ്ടാക്കി. ആരോ മേശയുണ്ടാക്കാന്‍ കൊണ്ടുവച്ച കാലെടുത്ത് മൂന്നു കാക്കേര്യപ്പനെ ഉണ്ടാക്കി. പൂത്തറയില്‍ കറുപ്പും വെളുപ്പും പെയിന്റടിച്ചു. കാക്കേര്യപ്പനു ചുവപ്പ്, പൂക്കള്‍ കുത്തി വയ്ക്കാനുള്ള തുളകളിട്ടു.
സഹായിക്കാന്‍ അടുത്തു നില്‍ക്കുമ്പോള്‍ പതിവായുണ്ടാകാറുള്ള ശകാരമോ, ഉടലിലാകെ മുറിവുകളുണ്ടാക്കുന്ന ചുഴിഞ്ഞു നോട്ടമോ ഉണ്ടായില്ല. എനിയ്ക്കും അച്ഛനും അനിയത്തിമാര്‍ക്കും ഓണം മുറ്റത്തെത്തിയിരുന്നു. പണി തീരാത്ത അടുക്കളയില്‍ പരതിപ്പരതി നടക്കുന്ന അമ്മയ്ക്കൊഴികെ. ഉച്ച തിരിഞ്ഞപ്പോള്‍ അച്ഛന്‍ ഒരു കത്തെഴുതി മടക്കി കൈയ്യില്‍ തന്നു. തമ്പാന്‍ കടവില്‍ അറയ്ക്കക്കാരുടെ കൂറ്റന്‍ വീടുപണി നടക്കുന്നുണ്ട്. സുകുമാരേട്ടനുള്ളതാണ്‌ കത്ത്. താമരയുടെ ചിത്രമുള്ള പച്ച സീറ്റുള്ള പഴയൊരു റാലി സൈക്കിള്‍ അച്ഛനുണ്ടായിരുന്നു. എനിയ്ക്ക് സൈക്കിളില്‍ കാലുറച്ച സമയം. എവിടെ പോകാന്‍ പറഞ്ഞാലും ഞാന്‍ സൈക്കിളിലേയ്ക്കൊന്നു നോക്കും. നല്ല മൂഡിലാണെങ്കില്‍ സൈക്കിള്‍ എടുത്തോളാന്‍ പറയും. മൂന്നു കിലോമീറ്ററുണ്ട് തമ്പാന്‍ കടവിലേയ്ക്ക്. സൈക്കിളില്‍ യാത്രയായി. ഇരുവശവും പാടവും കൈതക്കൂട്ടവുമുള്ള ഒരു ഷോര്‍ട്ട് കട്ടുണ്ട്. ആള്‍ സഞ്ചാരം കുറവാണ്‌. ഉറക്കെ കവിത ചൊല്ലി സൈക്കിള്‍ ചവിട്ടാം.
വഴിയരിലികില്‍ നിറയെ തൊട്ടാവാടി പൂത്തു നില്‍ക്കുന്നു. പേരറിയാത്ത പലപല പൂക്കള്‍ കുഞ്ഞു വിരലുകള്‍ക്ക് ഇറുത്തെടുക്കാന്‍ കഴുത്തു നീട്ടി നില്പ്പുണ്ട്. മാനത്തു നിന്ന് പലവര്‍ണത്തിലുള്ള കടലാസുകള്‍ വിതറിയതുപോലെ തുമ്പിക്കൂട്ടങ്ങള്‍ പറന്നു നടക്കുന്നു. അച്ഛന്റെ മനം മാറ്റം ഉള്ളില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിടര്‍ത്തുന്നുണ്ടായിരുന്നെങ്കിലും, ആ സന്തോഷത്തിനു മേലെ എന്തോ ഒരു സങ്കടം എപ്പോഴും കയറി വന്നു. എല്ലാ സന്തോഷങ്ങളും അവസാനം സങ്കടമായിത്തീരുകയാണു പതിവ്. അതുകൊണ്ട് മനസ്സ് അങ്ങനെ ആയിത്തീര്‍ന്നതായിരിക്കും. സമാധാനിക്കാന്‍ ശ്രമിച്ചു.
സുകുമാരേട്ടന്‍ വീട്ടിലുണ്ടായിരുന്നു. കത്തു കൊടുത്തു. അഡ്വാന്‍സ് വേണമെങ്കില്‍ അച്ഛനിങ്ങോട്ടു വന്നു കൂടേ, എന്തിനാ മോനെ അയച്ചത്? എന്ന് ശകാരഭാഷയില്‍ പറഞ്ഞു. വീട്ടിനകത്തു പോയി നൂറു രൂപ കൊണ്ടു വന്നു തന്നു. ശ്രദ്ധിച്ചു പോകണമെന്നു പറഞ്ഞു.

വൈകുന്നേരമാകാന്‍ തുടങ്ങി. തിരിച്ചു സൈക്കിള്‍ ചവിട്ടുമ്പോള്‍ അമ്മയുടെ മുഖം ഒന്നു തെളിയുമല്ലോ എന്ന സന്തോഷമായിരുന്നു ഉള്ളു നിറയെ. പാടത്തുകൂടെയുള്ള വഴിയില്‍ ഒരാള്‍പോലുമില്ല. അല്പം ഭയം തോന്നി. വേഗം കൂടാന്‍ സൈക്കിളിന്റെ സീറ്റില്‍നിന്ന് ഇറങ്ങി ചവിട്ടി. മെയിന്‍ റോഡിലേയ്ക്കു കയറുമ്പോള്‍ മുന്നിലൂടെ വെള്ളച്ചിറകുള്ള ഒരു വലിയ തുമ്പി പറന്നു പോയി. പെട്ടെന്ന് എന്തുകൊണ്ടോ ചങ്കിടിച്ചു. വൈകിയതുകൊണ്ട് ശ്രദ്ധിക്കാന്‍ നിന്നില്ല. വീട്ടിലെത്തുമ്പോള്‍ അക്ഷമനായി അച്ഛന്‍ കാത്തു നില്പ്പുണ്ടായിരുന്നു. ഞാന്‍ സൈക്കിള്‍ സ്റ്റാന്റില്‍ വച്ച് വീട്ടിലേയ്ക്കു കയറി. ഷര്‍ട്ടിന്റെ കീശയില്‍ പരതി. ഉള്ളിലൂടെ ഒരു വാള്‍ പാഞ്ഞുപോയി.
സിനിമാനോട്ടീസിനൊപ്പം കീശയില്‍ വച്ചിരുന്ന നൂറുരൂപയാണ്‌, മെയിന്‍ റോഡിലേയ്ക്കു കയറുമ്പോള്‍ വെളുത്ത ശലഭരൂപം പൂണ്ട് പറന്നു പോയതെന്ന് അറിഞ്ഞില്ലായിരുന്നു! കാശിനു കാത്തിരുന്ന്, തോറ്റവനെപ്പോലെ പടിയിറങ്ങിപ്പോയ അച്ഛന്‍ കണ്ണുപൊട്ടുന്നതുപോലെ ഒന്നു ചീത്ത വിളിച്ചിരുന്നെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി.

നഷ്ടപ്പെടലിന്റെ ഓര്‍മ്മപുതുക്കലാണ്‌ ഓണം.
തുമ്പപ്പൂവും പൂവാലന്തുമ്പികളുമൊക്കെ പ്രകൃതിയുടെ തിരിച്ചു വിളികേട്ട് മടങ്ങിപ്പോയ ഭൂമിയില്‍, ഓണം ഓണമെന്ന്, എല്ലാരുമൊന്നെന്ന്, സ്നേഹം വിളറിയ ഒരു വെയിലായി‍ പരക്കുവാന്‍‍ നോക്കുന്നുണ്ട്. മുറ തെറ്റാതെ പ്രജകളെ കാണാനെത്തുന്ന അസുര ചക്രവര്‍ത്തി അറിയുന്നുണ്ടാകുമോ അഴിഞ്ഞുവീണ, നിറം മങ്ങിയ തന്റെ അലങ്കാരങ്ങളെക്കുറിച്ച്?

10 comments:

  1. ഓര്‍മ്മകളിത്രയും ഓര്‍മ്മയാവുന്നതെങ്ങനെയെന്നോര്‍ക്കുന്നു.

    ReplyDelete
  2. അനിലേ...

    നിന്റെ മനസ്സ് എപ്പൊഴും ഒരു നെരിപ്പോടാണല്ലോ... :(

    ഇനി അതു പുകയണ്ട..

    “സ്നേഹം വിളറിയ ഒരു വെയിലായി‍ പരക്കുവാന്‍‍ നോക്കുന്നുണ്ട്.“

    വിളറിയ വെയിലല്ല.. നല്ല തെളിഞ്ഞ വെയിലായി പരക്കും :)

    ReplyDelete
  3. ഓർമ്മകൾ തനിയെ ഒരു ജീവിതമാകുന്നു.

    ReplyDelete
  4. തളിക്കുളത്തെ വഴികളെല്ലാം ഇപ്പോള്‍ പരിചയമാണ് :)

    ReplyDelete
  5. കണ്മുന്നിലൂടെ നഷ്ട്ടപ്പെട്ടു പോവുമ്പോഴും
    ചിലതൊന്നും നമ്മള്‍ കാണുകേയില്ല,

    ReplyDelete
  6. ethra nalla achhan.njaan aayirunnenkil otta thozhi thannene :)

    ReplyDelete
  7. ഓര്‍ക്കുകയില്ല ഒന്നും...എന്ന് വാശി പിടിച്ചിരുന്നാലും നീ സമ്മതിക്കുകയില്ല.
    നല്ല ഗദ്യം.

    ReplyDelete
  8. നഷ്ടപ്പെടലിന്റെ ഓര്‍മ്മപുതുക്കലാണ്‌ ഓണം.
    തുമ്പപ്പൂവും പൂവാലന്തുമ്പികളുമൊക്കെ പ്രകൃതിയുടെ തിരിച്ചു വിളികേട്ട് മടങ്ങിപ്പോയ ഭൂമിയില്‍, ഓണം ഓണമെന്ന്, എല്ലാരുമൊന്നെന്ന്, സ്നേഹം വിളറിയ ഒരു വെയിലായി‍ പരക്കുവാന്‍‍ നോക്കുന്നുണ്ട്. മുറ തെറ്റാതെ പ്രജകളെ കാണാനെത്തുന്ന അസുര ചക്രവര്‍ത്തി അറിയുന്നുണ്ടാകുമോ അഴിഞ്ഞുവീണ, നിറം മങ്ങിയ തന്റെ അലങ്കാരങ്ങളെക്കുറിച്ച്?

    good.............

    ReplyDelete