മുഖമ്മൂടിക്കാലം / The Era of Masc

കഥ,തിരക്കഥ,സംഭാഷണം (സംവിധാനം) :സനാതനൻ ;)












ആമുഖം


പ്രിയ വായനക്കാരാ/രീ
ഇത് ഓണത്തിനോട് ബന്ധപ്പെട്ട ഒരു കഥയല്ല, ഒരു ബുദ്ധിജീവിക്കഥയുമല്ല...വെറുമൊരു പൈങ്കിളിക്കഥ....അതിന്റെ തിരക്കഥ...വായിച്ചുമറന്ന ഏതൊക്കെയോ കഥാപാത്രങ്ങളുടെ അംശങ്ങൾകൊണ്ട് സൃഷ്ടിച്ചെടുത്ത ഒന്ന്...എഴുതിയതും ഇപ്പോഴല്ല... ഏതാണ്ട് പത്ത് വർഷങ്ങൾ ആയിക്കാണും...അതിന്റെ ഗുണദോഷങ്ങൾ ഇതിൽ ഉണ്ട്. അന്നത്തെ തിളപ്പിൽ തിരക്കഥ തിരയിൽ ഓടിക്കാൻ ചില ശ്രമങ്ങൾ ഒക്കെ നടത്തി..കുറേ പേരെ കാണിച്ചു...വിജയിച്ചില്ല..പ്രൊഡ്യൂസറെ കിട്ടിയില്ല.....ഓണപ്പതിപ്പിൽ കിടക്കട്ടെ ആരെങ്കിലുമൊക്കെ വായിക്കുകയെങ്കിലും ചെയ്യുമല്ലോ എന്നു കരുതി ഇവിടെ പോസ്റ്റ് ചെയ്യുന്നു...

ഇനി വായിക്കുക




സീൻ-1
പകൽ/എക്സ്റ്റീരിയർ
കുട്ടികൾ
പുകമഞ്ഞിൽ പച്ചപ്പു ലയിച്ച ഒരു നദീതീരത്തുകൂടി ഓടിവരുന്ന കുറേ കുട്ടികൾ (എട്ടിനും
പന്ത്രണ്ട ​‍ിനും ഇടയ്ക്ക്‌ പ്രായമുള്ളവർ,ചേരിയിലെ കറുത്ത്‌ മെലിഞ്ഞരൂപങ്ങളാണ്‌) അവരുടെ
ചലനത്തിന്‌ സമാന്തരമായി ചലിക്കുന്ന കാമറ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങൾ.കൂട്ടത്തിൽ
മുന്നിലുള്ള കുട്ടിയുടെ കയ്യിൽ സാന്താക്ലോസിന്റെ ഒരു മുഖംമൂടി
ഉയർത്തിപ്പിടിച്ചിട്ടുണ്ട്‌.അതിന്റെ ചലനാത്മകമായ സമീപദൃശ്യം,കുട്ടികളുടെ മുഖഭാവങ്ങൾ
പിന്നിലേക്ക്‌ മറയുന്ന വൃക്ഷത്തലപ്പുകൾ... ദൃശ്യങ്ങൾ എല്ലാം സ്ലോമോഷനിൽ
നേർത്ത വയലിന്റെ അകമ്പടിയിൽ കമന്ററി : ഇത്‌ ഒരു പഴങ്കഥയാണ്‌..പുതിയൊരു
പഴങ്കഥ..ഒരു മുഖം മൂടിയുടെ കഥ...മുഖം മൂടിയുടെ മാത്രം കഥയല്ല..മുഖം മൂടികളില്ലാത്ത
കുറേ കുട്ടികളുടേയും മുഖം തന്നെ ഉപേക്ഷിക്കാൻ കൊതിച്ച ഒരു വൃദ്ധന്റേയും കഥ....
ടൈറ്റിൽ കാർഡ്സ്‌ തെളിയുന്നു
ഫെയ്ഡ്‌ ഔട്ട്‌

സീൻ-2
പകൽ/എക്സ്റ്റീരിയർ
കുട്ടികൾ,കേണൽ
പത്തുമണിയോടടുത്ത സമയം.ചേരിയിലെ കുട്ടികൾ ക്രിക്കറ്റു കളിക്കുന്നു.കളിസ്ഥലത്തിന്‌
സമീപം ചുറ്റുമതിലുള്ള കൊട്ടാരം പോലെയുള്ള ഒരു പഴയ കെട്ടിടം കാണാം
പന്തുമായി ഓടിവരുന്ന ഒരു കുട്ടി,അവന്റെ ആദ്യ പന്തിൽ തന്നെ ബാറ്റ്സ്മാൻ ക്ലീൻ ബൗൾഡ്‌.
കുട്ടികളുടെ ആരവം ഉയരുന്നു
കട്ട്‌ ടു
മതിൽക്കെട്ടിനുള്ളിൽ വിശാലമായ മുറ്റത്ത്‌ വൃദ്ധനായ കേണൽ.അയാൾക്ക്‌
എഴുപതിനടുത്ത്‌ പ്രായം വരും,നടക്കുമ്പോൾ ഒരു കാൽ വേച്ചുവയ്ക്കണം,കയ്യിൽ
ശിൽപ്പഭംഗിയൊത്ത ഒരൂന്നുവടിയുണ്ട്‌,തീക്ഷ്ണമായ കണ്ണുകൾ,തലയിൽ ഒരു തൊപ്പി,ഷാൾ
പുതച്ചിട്ടുണ്ട്‌.മുറ്റത്തുള്ള വിവിധ നിറത്തിലുള്ള ചെടികൾ നനയ്ക്കുകയാണയാൾ
മതിലണുപ്പുറത്തുനിന്നും വീണ്ടും ആരവം ഉയരുമ്പോൾ അസഹ്യതയോടെ
തലതിരിച്ചുനോക്കുന്നു അയാൾ
കട്ട്‌ ടു
കുട്ടികൾ കളി തുടരുന്നു.ഇപ്പോൾ മറ്റൊരുവനാണ്‌ ബാറ്റുമായി നിൽക്കുന്നത്‌.വീണ്ടും
ബൗളിങ്ങ്‌.ഇത്തവണ പന്ത്‌ ആകാശത്തേക്കുയർന്നു.
ബൗൾ ചെയ്ത കുട്ടി:കാച്ച്‌
പന്തിന്റെ ഗതി നോക്കി മറ്റുകുട്ടികൾ: സിക്സർ
പന്ത്‌ നേരേ മതിൽക്കെട്ടിനകത്തേക്ക്‌
അബദ്ധമായെന്ന മട്ടിൽ കുട്ടികൾ തലയിൽ കൈവയ്ക്കുന്നു
ഒരു കുട്ടി: പോയെടാ....
കട്ട്‌ ടു

കേണലിന്റെ വീട്ടുമുറ്റം
ചെടിച്ചട്ടി തകർത്ത്‌ ഉരുണ്ട്‌ പോകുന്ന പന്ത്‌.കേണലിന്റെ മുഖത്ത്‌ കോപം.പന്തെടുത്ത്‌
അകത്തേക്ക്‌ നടക്കുന്നതിനിടെ
കേണൽ: റാസ്കൽസ്‌
കട്ട്‌ ടു

കുട്ടികളുടെ കളിസ്ഥലം
ആശങ്കയൊടെ പരസ്പരം നോക്കുന്ന കുട്ടികൾ.അവരുടെ മുഖത്ത്‌ വല്ലാത്ത ആശയക്കുഴപ്പം
ഒരുകുട്ടി:ഇനി എന്തു ചെയ്യും..അവന്റെയൊരൊടുക്കത്തെ അടി..നീ തന്നെ പോയെടുത്തിട്ടുവാ
മറ്റൊരുവൻ: അങ്ങു പോയേച്ചാ മതി അയാളൊരു ചെകുത്താനാ
ബാറ്റ്സ്മാൻ നഖം കടിച്ചുകൊണ്ട്‌: പിന്നെ എന്ത്‌ ചെയ്യും
കൂട്ടത്തിലെ പെൺകുട്ടി: അയാളവിടെ ഉണ്ടോന്ന്‌ നോക്ക്‌ ആദ്യം
ഒരുവൻ: ഉണ്ടെങ്കിൽ?
പെൺകുട്ടി: ഉണ്ടെങ്കിൽ മോൻ പോയി വേറെ പന്തു വാങ്ങിച്ചോണ്ട്‌ വാ?ഇല്ലെങ്കിൽ നമുക്കൊരുകൈ

നോക്കാം..അല്ലേടാ അയ്യപ്പാ
അയ്യപ്പൻ ;ഇത്തിരി ഉയരം കൂടുതലുണ്ട്‌ അവന്‌,അവനോടൊപ്പം ഉയരം ഉണ്ട്‌
ആന്റോയ്ക്കും അവന്റെ മുഖത്ത്‌ നോക്കാം എന്ന ഭാവം
ബാറ്റ്സ്മാൻ: അയാളവിടെ ഉണ്ടോന്നറിയാൻ പാടൊന്നുമില്ല ഞാൻ നോക്കാം..വാ...അവൻ
പോകുന്നു പിന്നാലെ മറ്റു കുട്ടികളും
കട്ട്‌

സീൻ-2
പകൽ/എക്സ്റ്റീരിയർ
കേണലിന്റെ വീടുമുറ്റത്ത്‌ നിന്നുള്ള ദൃശ്യം
മതിലിനോട്‌ ചേർന്ന്‌ നിൽക്കുന്ന മരം ഉലയുന്നു.മരത്തിലൂടെ ഫ്രെയിമിലേക്ക്‌ ഒരു കുട്ടി
കയറിവന്നു-ബാറ്റ്സ്മാൻ-അവൻ താഴേ പരതി നോക്കുകയാണ്‌.അവന്റെ വിഹഗ
വീക്ഷണത്തിൽ പന്ത്‌ കാണാനിണ്ടല്ല പൊട്ടിയ ചെടിച്ചട്ടി അവിടെത്തന്നെ ഉണ്ട്‌.
മതിലിനപ്പുറം
മരച്ചുവട്ടിൽ അവന്റെ റിപ്പോർട്ടിന്‌ കാതോർത്ത്‌ മേലോട്ട്‌ നോക്കി നിൽക്കുന്ന കുട്ടികൾ
പെൺകുട്ടി:ഒണ്ടോടാ...
ബാറ്റ്സ്മാൻ: (അടക്കിയ സ്വരത്തിൽ)പന്ത്‌ കാണാനില്ല....
അയ്യപ്പൻ: അയാളവിടെ ഒണ്ടോന്ന്‌ നോക്കടാ.. മരക്കഴുതേ
പയ്യന്റെ നോട്ടത്തിൽ ഉമ്മറത്തെ കസേര ഒഴിഞ്ഞ്‌ കിടക്കുന്നു
ബാറ്റ്സ്മാൻ:ഇല്ലെന്നാ തോന്നുന്നേ
അയ്യപ്പൻ: എന്നാ മതിലു ചാട്രാ...
ബാറ്റ്സ്മാൻ:അയ്യോ എനിക്ക്‌ പേടിയാ.
അയപ്പൻ: എന്നാ ഇങ്ങോട്ടെറങ്ങ്‌ ഞങ്ങളു നോക്കാം
അവൻ താഴെ ഇറങ്ങിവരുന്നു.
കട്ട്‌

സീൻ-2അ
അതേ സമയം.
കേണലിന്റെ വീട്ടുമുറ്റത്തുനിന്നുള്ള ദൃശ്യം.
രണ്ട്‌ മൂന്നു കുട്ടികൾ മതിലിൽ വലിഞ്ഞ്‌ കയറുന്നു.അയ്യപ്പൻ ആന്റോ മറ്റൊരുത്തൻ. അയ്യപ്പനും
ആന്റോയും മുറ്റത്തേക്ക്‌ ചാടി മറ്റേയാൾ കാവലുപോലെ അവിടെഇരിക്കുകയാണ്‌. മുറ്റത്തിറങ്ങിയവർ എല്ലാ

ചെടിച്ചട്ടികൾക്കിടയിലും പാത്ത്‌ പതുങ്ങി തെരച്ചിലാണ്‌.
മതിലിനപ്പുറത്ത്‌ നിൽക്കുന്ന കുട്ടികൾ ആകാംക്ഷയോടെ: കിട്ടിയോ?
മതിലിനു മുകളിലിരിക്കുന്നവൻ: മൂക്കത്ത്‌ വിരൽ വച്ചുകൊണ്ട്‌: ശ്‌ ശ്‌
അയ്യപ്പൻ (കോപത്തോടെ അവനെ നോക്കിക്കൊണ്ട്‌ അടക്കിയ സ്വരത്തിൽ
പല്ലിറുമ്മി):ശബ്ദമുണ്ടാക്കാതെടാ
മതിലിനു മുകളിലിരിക്കുന്നവൻ വായ്പൊത്തികൊണ്ട്‌ ചുറ്റും നോക്കുന്നു അവന്റെകാഴ്ചപ്പാടിൽ വീടിന്റെ വശത്ത്‌

കൂടി വരുന്ന കേണൽ.അയാളുടെ കയ്യിൽ ഒരു കാലൻ തോക്‌ൿഅവൻ ഒരു നിമിഷം സ്തബ്ദനായി

അടുത്തനിമിഷം മറുവശത്തേക്ക്‌ ഒറ്റ ചാട്ടം,
ചാടുന്നതിനിടയിൽ ഒരു വിളി :അയ്യപ്പാ ഓടിക്കോടാ...
അവൻ മതിലിനപ്പുറത്തേക്ക്‌ ചാടി ഓടി കുട്ടികളെല്ലാം അവന്റെ പിന്നാലെയും(ഒരു ഫ്ലാഷ്‌
കട്ട്‌)
അയ്യപ്പനും ആന്റോയും ഓടാൻ തുടങ്ങുന്നതിനിടയിൽ തോക്ക്‌ ചൂണ്ടിക്കൊണ്ട്‌ കേണൽ:
ഹാൻസ്‌ അപ്പ്‌ അയ്യപ്പനും ആന്റോയും മതിലിന്‌ ചേർന്ന്‌ നിന്ന്‌ കയ്യുയർത്തി
കേണൽ:(ഒരു വിജയ സ്മിതത്തോടെ അടുത്തേക്ക്‌ വന്ന്‌)ഹും..ഫൂൾസ്‌..എന്റെ മതിൽ
ചാടിയാൽ ഞാൻ അറിയില്ല എന്ന്‌ കരുതിയോ...കുട്ടികൾ വിറച്ചു നിൽക്കുന്നു

കേണൽ: എന്താടാ നിന്റെ പേര്‌?
കുട്ടികൾ മൗനം
കേണൽ:(ശൽമുയർത്തി)ചോദിച്ചകേട്ടില്ലേ
അയ്യപ്പൻ:(വിക്കുന്നുണ്ട്‌)അയ്യപ്പൻ
കേണൽ:(മറ്റേ കുട്ടിക്ക്‌ നേരേ തിരിഞ്ഞ്‌)ഉം നിന്റെയോ?
ആന്റോ: ആന്റോ
കേണൽ:( രൂക്ഷമായി നോക്കിക്കൊണ്ട്‌)നിന്റേക്കെ തന്താരുടെ പേരെന്താടാ
അയ്യപ്പൻ:(കരച്ചിൽ അഭിനയിക്കാൻ ശ്രമിച്ചുകൊണ്ട്‌)അയ്യോ ഞങ്ങളൊന്നും മോഷ്ടിക്കാൻ
വന്നതല്ല
കേണൽ:(കോപിച്ച്‌ ശബ്ദമുയർത്തിക്കൊണ്ട്‌)അപ്പന്റെ പേര്‌ പറയാൻ
അയ്യപ്പൻ: ച..ച..ചന്ദ്രപ്പൻ
കേണൽ:(ആന്റോയിലേക്ക്‌ മുഖം തിരിച്ച്‌)ഉം?
ആന്റോ:വർഗീസ്‌
കേണൽ:തന്തമാരാണോടാ മതിൽ ചാടാൻ പഠിപ്പിച്ചതു?
കുട്ടികൾ താഴേക്ക്‌ നോക്കി നിൽക്കുന്നു
കേണൽ:(തോക്കിൻ കുഴൽ ചലിപ്പിച്ച്‌ വഴി കാണിച്ച്‌ കൊണ്ട്‌)നിന്നെയൊക്കെ മര്യാദ
പഠിപ്പിക്കാൻ ആവുമോന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ..ഉം..നടക്ക്‌...
കേണൽ തോക്ക്‌ കാണിക്കുന്ന വഴിയേ നടക്കുന്ന കുട്ടികൾ.കേണൽ അകത്തേക്ക്‌ നോക്കി
ഉച്ചത്തിൽ :എടാ. ജോസപ്പേ..ഈ എലികളെ ഇവിടെ കെട്ടിയിട്‌
അയ്യപ്പൻ: അയ്യോ ഞങ്ങളിനി മതിലു ചാടില്ല
കേണൽ:(അകത്തേക്ക്‌ നോക്കി ഉച്ചത്തിൽ)എടാ ജോസപ്പേ....ഇവ?​‍ാരുടെ തന്തമാര്‌ വന്നിട്ട്‌
അഴിച്ച്‌ വിട്ടാൽ മതി..
ആന്റോയുടെ മുഖത്ത്‌ ഒരു ചാഞ്ചാട്ടവുമില്ല അയ്യപ്പൻ ആകെ വിരണ്ടിട്ടുണ്ട്‌
കട്ട്‌

സീൻ-3
പകൽ/എക്സ്റ്റീരിയർ
നിറയെ പച്ചപ്പുള്ള ഒരു കുന്നിൻ ചെരുവ്‌.
ഒരു മരച്ചുവട്ടിൽ കുട്ടികളെല്ലാമുണ്ട്‌.മഞ്ഞുകാലത്തിന്റെ ലക്ഷണമുണ്ട്‌ മേഘങ്ങൾക്കും
പച്ചപ്പിനും ഇലത്തുമ്പിലെ തുള്ളികൾക്കും
ഒരുകുട്ടി:(തറയിൽ പട്ടുപോലെ കെട്ടിയ ഒരു ചിലന്തിവലയിൽ ഒരു ഇലയെടുത്ത്‌
ഉഴിയുന്നതിനിടെ) ആ രാക്ഷസനവരെ തല്ലിയിട്ടുണ്ടാകും
പെൺകുട്ടി:പാവം അയ്യപ്പനും ആന്റോയും ?നമ്മൾ ഓടിപ്പോരാൻ പാടില്ലായിരുന്നു
ബാറ്റ്സ്മാൻ:ഹയ്യട... എന്നാലെന്തിനാ ഇവളിങ്ങ്‌ പോന്നേ അവ?​‍ാരുടെ കൂടെപോയാ
പോരായിരുന്നോ
മറ്റൊരുത്തൻ:വേണ്ടേ..വേണ്ടേ കൂടുതൽ വാചകം വേണ്ടെ..നീ കാരണമാ എല്ലാം.. നിന്റെ ഒരു
ഒടുക്കത്തെ സിക്സർ
ബാറ്റ്സ്മാൻ:ഒന്നു പോടാ ഉണ്ടൻ പോരീ
ആ കുട്ടി:ദേ.. ഉണ്ടൻ പൊരി നിന്റെ..
ബാറ്റ്സ്മാൻ:നോക്ക്‌ നോക്ക്‌ ഉണ്ടൻപൊരിക്ക്‌ കോപം
ആ കുട്ടി ബാറ്റ്സ്മാനെ പിടിച്ച്‌ തള്ളി,അവർ മണ്ണിൽ കെട്ടിപ്പിണഞ്ഞ്‌ ഉരുളുകയാണ്‌ മറ്റുള്ള
കുട്ടികൾ അവർക്ക്‌ ചുറ്റും വളഞ്ഞ്‌ ആ പോര്‌ ആസ്വദിക്കുന്നു.പെൺകുട്ടി അവരെ പിടിച്ച്‌ മാറ്റി
പെൺകുട്ടി:പിന്നെ നിങ്ങൾക്ക്‌ തമ്മിൽ അടിവയ്ക്കാൻ വേറൊരു ദിവസം തരാം ഇപ്പോഅവ?​‍ാരെ എങ്ങനെ

രക്ഷിക്കാം എന്ന്‌ നോക്ക്‌. മരത്തലയ?​‍ാര്‌. എണീറ്റ്‌ വാ..
അവൾ നടന്നു പിന്നാലെ കുട്ടിപ്പട്ടാളവും
കട്ട്‌

സീൻ-4
കേണലിന്റെ വീട്‌
പകൽ/എസ്റ്റീരിയർ
ഉമ്മറം കഴിഞ്ഞുള്ള തളത്തിൽ ഒരു പാത്രം ശക്തിയോടെ വന്നുവീണ്‌ കറങ്ങി
നിശ്ചലമായി,അതിലുള്ള ചപ്പാത്തിയും മറ്റും നിലത്ത്‌.കാമറ വൈഡ്‌ ആകുമ്പോൾ ഉമ്മറത്തെ
ഒരു തൂണിൽ കെട്ടിയിട്ടിരിക്കുന്ന ആന്റോയേയും അയ്യപ്പനേയും കാണാം.ഉള്ളിൽ നിന്നും കേണലിന്റെ ഉറക്കെയുള്ള സംസാരം കേൾക്കാം.
കേണൽ:"ഉപ്പുമില്ല എരിവുമില്ല നിന്നെയൊക്കെ ഇവിടെ എന്തിനാണ്‌ നിർത്തിയിരിക്കുന്നത്‌.എന്റെ
പണം.ചെലവാക്കിക്കാനോ.നേരേ ചൊവ്വേ വണ്ടല്ലതും വച്ചു തരാൻ വയ്യെങ്കിൽ ഇനി ഇവിടെ നിൽക്കണ്ട"
ഫ്രെയിമിലേക്ക്‌ വന്ന്‌ ജോസെഫ്‌(അവൻ നന്നേ മെലിഞ്ഞ പയ്യനാണ്‌ ഒരു മുഷിഞ്ഞ പാന്റ്സും
ബെനിയനുമാണ്‌ വേഷം, അധികം ഉയരവുമില്ല 15-16 വയസുകാണും) പാത്രം എടുത്ത്‌ആഹാരത്തിന്റെ തെറിച്ചുവീണ ശകലങ്ങൾ അതിൽ പെറുക്കിയിടാൻ തുടങ്ങി.അതു കണ്ടപ്പോൾ അയ്യപ്പന്റെ മുഖത്ത്‌ ചിരി.അവൻ ആന്റോയെ നോക്കി.അവന്റെ മുഖത്തും ഒരു ചിരി.അവർ വീണ്ടും ഉള്ളിലേക്ക്‌ നോക്കി,അവരുടെ കാഴ്ചപ്പാടിൽ കേണൽ കൈതുടച്ച്‌ മുകളിലെ മുറിയിലേക്ക്‌ പോകുന്നു.പെട്ടെന്ന്‌ അവർ നോട്ടം മാറ്റി.ജോസഫ്‌ നിലം തുടച്ച്‌ വൃത്തിയാക്കി എണീറ്റു.
അയ്യപ്പൻ: ശ്‌ ശ്‌ ..
അവൻ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്നിളിച്ചുകാട്ടി.അവൻ തിരിഞ്ഞുനടക്കാൻ തുടങ്ങി
വീണ്ടും അയ്യപ്പൻ: ശ്‌ .. ശ്‌
ജോസഫ്‌ ദേഷ്യത്തിൽ തിരിഞ്ഞ്‌ നോക്കി
ആന്റോ: ഡാ ഒന്നഴിച്ച്‌ വിട്രാ
അവൻ ഒന്നും കേൾക്കാത്തപോലെ അകത്തേക്ക്‌ പോയി.
അയ്യപ്പൻ:(ഗോഷ്ടി കാട്ടിക്കൊണ്ട്‌)അവന്റെ പവറ്‌ കണ്ടിണ്ടേല്ല
ആന്റോ: നീർക്കോലി..
കട്ട്‌

സീൻ-5
കേണലിന്റെ വീട്‌
പകൽ/എക്സ്റ്റീരിയർ
ഉച്ചയോടടുത്ത സമയം.മുന്നിലെ തൂണിന്റെ ചുവട്ടിൽ ബഞ്ചനസ്ഥരായ അയ്യപ്പനും
ആന്റോയും.ഫ്രെയിമിൽ ഗേറ്റു കാണാം.ഗേറ്റിലൂടെ പാത്തും പതുങ്ങിയും കുട്ടികൾ
അകത്തേക്ക്‌ എത്തിനോക്കുന്നു.അവരുടെ കാഴ്ചയിൽ അയ്യപ്പനും ആന്റോയും ഉള്ളിലേക്ക്‌
നോക്കിയിരിക്കുകയാണ്‌,അവർ കെട്ടു പൊട്ടിക്കാൻ ശ്രമിക്കുന്നുണ്ട്‌.കുട്ടികൾ പരസ്പരം നോക്കി.
പെൺകുട്ടി പകുതി ആംഗ്യത്തിലും അധികം ശബ്ദമുയർത്താതെയും: എടാ ആന്റപ്പാ
ആന്റോ തിരിഞ്ഞ്‌ നോക്കി,ഗേറ്റിനു രണ്ട്‌ സൈഡിലായി എത്തി നോക്കുന്ന കുട്ടികൾ
ആന്റോ:(ചിറി കോട്ടി)അയ്യട വന്നിരിക്കുന്നു.
അയ്യപ്പൻ: ഉം കള്ളത്തിരുമാലികൾ(തലതിരിച്ച്‌ ആട്ടിക്കൊണ്ട്‌,ശൽമുണ്ടാക്കാതെ)പോയിനെടാ
കുട്ടികൾ ആംഗ്യം കൊണ്ട്‌ അവരെ സമാധാനിപ്പിക്കാൻ നോക്കുന്നു.
ആന്റോ ഇരുന്ന ഇരുപ്പിൽ കാൽ ഉയർത്തി വായുവിൽ ചവിട്ടി.അതു കണ്ട്‌ കുട്ടികൾ വായ്പൊത്തി
ചിരിച്ചു.അയ്യപ്പന്റെ മുഖത്ത്‌ ദേഷ്യം വന്നിട്ട്‌ ഒന്നും ചെയ്യാനാവാത്ത നിസഹായത.
കുട്ടികൾ പെട്ടെന്ന്‌ സ്തബ്ദരായി.അവരുടെ കാഴ്ചപ്പാടിൽ ഉള്ളിൽ നിന്നിറങ്ങിവരുന്ന
കേണൽ,അവർ ബഹളം വച്ചുകൊണ്ട്‌ ചിതറിയോടി.അയ്യപ്പനും ആന്റോയും നോക്കുമ്പോൾ
പിന്നിൽ കേണൽ
കേണൽ:ശല്യം...എല്ലാറ്റിനേം പിടിച്ച്‌ കെട്ടിയിടണം
കുട്ടികളുടെ നിസഹായമായ നോട്ടം
കേണൽ കുട്ടികളെ രൂക്ഷമായി നോക്കിക്കൊണ്ട്‌ "ഫൂൾസ്‌.. ഇനിയെന്റെ വീടിന്റെ മതിൽ
ചാടുമോ?
കുട്ടികൾ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടുന്നു.
കേണൽ: ആരുടെയെങ്കിലും വീടിന്റെ മതിൽ ചാടുമോ?
വീണ്ടും തലകുലുക്കി
അയാൾ ദേഷ്യത്തിൽ :ഉറക്കെ..
കേണൽ: ഇല്ല
കേണൽ:സ്വന്തം വീടിന്റെ മതിൽ ചാടുമോ?
പരസ്പരം നോക്കുന്ന കുട്ടികൾ
ദേഷ്യഭാവത്തിൽ കേണൽ:ഉം..?
അയ്യപ്പൻ: സ്വന്തം വീടിന്‌ മതിലില്ല
കേണൽ തമാശകേട്ടപോലെ പൊട്ടിച്ചിരിച്ചുപോയി
"ഫൂൾസ്‌...ഉം..(അകത്തേക്ക്‌ നോക്കി)ജോസഫേ ഇവ?​‍ാരെ അഴിച്ചു വിട്ടേക്ക്‌
കുട്ടികളുടെ മുഖം വിടർന്നു,കേണൽ അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ ആന്റോ
പതിയെ"ഹൊ..ഭൂതം"
കേണൽ തിരിഞ്ഞ്‌ നോക്കി.കുട്ടികൾ ഒന്ന്‌ വിളറി..അയാൾ അത്‌ കാര്യമാക്കാതെ
അകത്തേക്ക്‌.കുട്ടികൾ ചുണ്ട്‌ കോട്ടി.
കട്ട്‌

സീൻ-6
തെളിഞ്ഞ പ്രഭാതം,കുന്നിൻ ചെരുവിലെ പുഴക്കടവ്‌.
പുഴയിലേക്ക്‌ ചാഞ്ഞ്‌ നിൽക്കുന്ന മരത്തിൽ നിന്ന്‌ കുട്ടികൾ പുഴയിലേക്ക്‌ ചാടി
മറിയുന്നു.വെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുട്ടികൾ. തോർത്തുകൊണ്ട്‌ ചെറുമീൻ
പിടിക്കുന്നതിനിടയിൽപെൺകുട്ടി:
?ഹൊ അയാള്‌ നിങ്ങളെ വീട്ടിലെങ്ങാനും അറിയിച്ചിരുന്നെങ്കിൽ..?
അയ്യപ്പൻ:ഓ പിന്നെ..ഞങ്ങൾക്ക്‌ പേടിയൊന്നുമില്ല അല്ലേടാ ആന്റോയേ..എവിടാരുന്നു എല്ലാം
പേടിത്തൂറികൾ
ആന്റോ:(ഒന്ന്‌ മുങ്ങിപ്പൊങ്ങി)കൂടിപ്പോയാ പിടിച്ച്‌ രണ്ടടിതരും ഞങ്ങളതന്തസായങ്ങ്‌ കൊള്ളും
ചുട്ടുതിന്നേന്നുമില്ലല്ലോ.
പെൺകുട്ടി തോർത്തിൽ കയറിയ മീനിനെ കുപ്പിയിലെ വെള്ളത്തിലേക്ക്‌
വിട്ടുകൊണ്ട്‌ : ?ഊം..എന്നാപ്പിന്നെ അന്തസ്‌ കുറയ്ക്കണ്ട ഇപ്പോത്തന്നെ ഞാൻ പറഞ്ഞേക്കാം..?
ആന്റോ: ഓ..എന്നാ മോള്‌ ചെല്ല?.​‍്‌ ചെന്ന്‌ പറഞ്ഞേച്ചും വാ എന്റെ കുപ്പി ഞാനെടുത്തു(അവൻ
ആ കുപ്പിയിലെ മീനിനെ പുഴയിലൊഴിച്ച്‌ കുപ്പി കമിഴ്ത്തിവച്ചു)
പെൺകുട്ടി:(കളിയാക്കി ചിരിച്ചുകൊണ്ട്‌)ഹ ഹ അപ്പ പേടിയൊണ്ട്‌...
അവളെ അനുകരിച്ച്‌ ചിരിച്ചുകൊണ്ട്‌ അയ്യപ്പൻ :ഇക്കിക്കിക്കി..എന്തരു ചിരി..
വെള്ളത്തിലൂടെ ഊളി വന്ന ഒരുത്തൻ പൊന്തി: എടാ അയ്യപ്പാ..നമുക്കയാളെ ഒരു പാഠം
പഠിപ്പിക്കേണ്ടടാ....
ഗൗരവഭാവത്തിൽ അയ്യപ്പൻ:പോട്ടെടാ പാവം ജീവിച്ചു പൊയ്ക്കോട്ടെ
പെൺകുട്ടി വായ്പൊത്തി ചിരി അടക്കുന്നു
ആന്റോ:അയാളത്ര പാവമൊന്നുമല്ല..ഒരു ഭൂതമാ..ഒരു ദിവസം ഒരു കോഴിയേയാ
തീറ്റി..പട്ടാളത്തിലായിരുന്നപ്പോ ആയിരം പേരെ വെടിവച്ചുകൊന്ന തോക്കാ അയാളുടെ
കയ്യിലിരിക്കുന്നത്‌.
ഒരുവൻ:ആയിരം പേരെയോ..
ആന്റോ:ആ..ആയിരം പേരെ..ആ തോക്ക്‌ പട്ടാളത്തീന്ന്‌ പോന്നപ്പോ അടിച്ചോണ്ട്‌ പോന്നതാ
പരിഹാസം നിറഞ്ഞ ഭാവത്തോടെ കവിളിൽ കൈവച്ചുകൊണ്ട്‌ പെൺകുട്ടി
"ഹൊ..ഭാഗ്യം തന്നെ അയാൾ അതുകൊണ്ട്‌ നിങ്ങളെ വെടിവയ്ക്കാത്തത്‌ ഭഗ്യം അണ്ടെല്ലങ്കിൽ
ഇപ്പോ അയ്യപ്പൻസാമിയും ആറ്റോച്ചട്ടമ്പീം ഠിം.."
അയ്യപ്പൻ:ഉം..അതിനിത്തിരി പുളിക്കും..വേണന്ന്‌ വച്ചാ ആ ഊത്താം പെട്ടിക്ക്‌ രണ്ട്‌ ഇടീം
കൊട്ത്ത്‌ ആ തോക്കും പിടിച്ച്‌ വാങ്ങി ഞങ്ങളിങ്ങ്‌ വന്നേനെ..അല്ലേടാ ആന്റോയേ
ആന്റോ:(മുഖത്തൊരു കള്ള ലക്ഷണം)ഉം..
ചിരിയമർത്തിക്കൊണ്ട്‌ പെൺകുട്ടി
"ചുമ്മാ കടുവറക്കാതെടാ അയ്യപ്പാ..നീ നിക്കറിക്കൂടി മുള്ളിയ കാര്യം ആന്റോ പറഞ്ഞു..
അയ്യപ്പന്റെ സർവ്വ വീര്യവും ചോർന്നു.പെട്ടെന്ന്‌ പല്ലിറുമ്മി "മുള്ളിയത്തവന്റെ"
അയ്യപ്പൻ തിരിഞ്ഞ്‌ നോക്കുമ്പോഴേക്കും ആന്റോ പുഴയിലേക്ക്‌ ചാടിക്കഴിഞ്ഞു.അവനു
പിന്നാലെ ഓടുന്ന അയ്യപ്പൻ.ചിരിയ്ക്കുന്ന കുട്ടികൾ?
ഡിസോൾവ്‌

സീൻ-7
കേണലിന്റെ വീട്‌
പ്രഭാതം/എക്സ്റ്റീരിയർ
ഉമ്മറത്ത്‌ മുറ്റത്തേക്കുള്ള ചാരുകസേരയിൽ ഉല്ലാസവാനായിരിക്കുന്ന കേണൽ.ചെടികളിലും
വീടിന്റെ ഇറയത്തുമൊക്കെ നക്ഷത്രങ്ങൾ തൂക്കുന്ന ജോസഫ്‌.ഫ്രെയിമിലെ ഇലത്തലപ്പുകളിൽ
മഞ്ഞുതുള്ളികൾ വെയിലേറ്റ്‌ തിളങ്ങുന്നുണ്ട്‌.ഡിസംബർ മഞ്ഞ്‌
ഊന്നുവടി ചൂണ്ടി കേണൽ ജോസഫിനോട്‌:ജോസഫേ..ആ വെളുത്ത നക്ഷത്രം ഈ
നടവരമ്പിൽ തൂക്ക്‌
ജോസഫ്‌: ഓ വരുന്നു
കേണൽ:കുറേക്കൂടി ബലൂണുകൾ വാങ്ങണം..കുട്ടികൾ വരുമ്പൊൾ അവർക്ക്‌
കളിപ്പാട്ടങ്ങൾക്കൊന്നിനും ഒരു കുറവും വരരുത്‌.
ജോസഫ്‌ നക്ഷത്രം തൂക്കുന്നു
കേണൽ: അവർക്ക്‌ കളിക്കാൻ ആവശ്യത്തിനുള്ളതൊക്കെ ഇല്ലെങ്കിൽ അവർ ആ
ചേരിപ്പിള്ളരുടെ കൂടെ പോവും..പിള്ളേര്‌ പെട്ടെന്ന്‌ ചീത്തയാവും..വല്ല അസുഖവും പിടിക്കും.
ജോസഫ്‌ നക്ഷത്രത്തിന്റെ ഭംഗി നോക്കുന്നു
കേണൽ കസേരയിൽ നിന്നെണീറ്റ്‌ അകത്തേക്ക്‌ നടക്കുന്നതിനിടയിൽ
"നീ ഇതൊക്കെ ശരിയാക്കിയിട്ട്‌ പോയി എന്തെങ്കിലും കഴിച്ചോ
ജോസഫ്‌ ജോലി തുടരുന്നു.ഇപ്പോൾ ജോസഫിനെ കാണുന്ന ആംഗിളിൽ വീടിന്റെ ഗേറ്റ്‌
കാണാം,ഗേറ്റിലൂടെ അകത്തേക്ക്‌ വലിഞ്ഞ്‌ നോക്കുന്ന കുട്ടികളേയും
കുട്ടികൾ:ശ്‌ ശ്‌
ജോസഫ്‌ തിരിഞ്ഞ്‌ നോക്കി
കുട്ടികൾ ആംഗ്യത്തിൽ"എന്താ വിശേഷം?"
ജോസഫ്‌ അവരെ ശ്രദ്ധിക്കാതെ ജോലി തുടരുന്നു
ഒരു കുട്ടി:എടാ നീർക്കോലി..
ജോസഫ്‌ രൂക്ഷമായൊന്നു നോക്കി
ചിറി കോട്ടിക്കൊണ്ട്‌ മറ്റൊരുവൻ:ഓ..അവന്റെയൊരു പവറ്‌..നിന്നെയൊരിക്കൽ ഒറ്റയ്ക്ക്‌ കിട്ടും...
ജോസഫ്‌ അകത്തേക്ക്‌ പോയി.കുട്ടികൾ പരസ്പരം നോക്കി..
ഡിസോൾവ്‌

സീൻ-8
പകൽ,ഇ ഞ്ചിപ്പുല്ല്‌ പൂത്ത്‌ നിൽക്കുന്ന വിശാലമായ കുന്നിൻ ചെരുവ്‌
പാറക്കൂട്ടങ്ങളും പൊന്തക്കാടുകളും ചേർന്ന്‌ ഒരു വിശാലമായ ഫ്രെയിം.നടുവിലായി ഒരു
നടപ്പാത.കുട്ടികൾ പുൽക്കൂടുണ്ടാക്കാൻ പുല്ലൊടിക്കുന്നു.
പെൺകുട്ടി: അവിടെ എന്താ വിശേഷമെന്നറിയാൻ എന്താ ഒരു വഴി?
അയ്യപ്പൻ:എന്തായാലും ആ മാകൃത്തലയൻ ജോസഫിനോട്‌ ചോദിച്ചിട്ട്‌ കാര്യമൊന്നുമില്ല
പെൺകുട്ടി:ചെലപ്പോ അവന്‌ അറിഞ്ഞ്‌ കൂടായിരിക്കും
ആന്റോ:അതൊന്നുമല്ല അവനിത്തിരി പവറ്‌ കൂടുതലാ..അവന്‌ ഞാൻ വച്ചിട്ടുണ്ട്‌
പെൺകുട്ടി:നീ എന്തെടാ ആന്റപ്പാ ഉപ്പുമാങ്ങയോ വച്ചിരിക്കുന്നേ
പെട്ടെന്നൊരുവൻ ശ ബ്ദമുണ്ടാക്കരുതെന്ന്‌ സിഗ്നൽ കാട്ടി : "ശ്‌ ശ്‌ "
എല്ലാവരും പുല്ലിനിടയ്ക്ക്‌ പതിഞ്ഞിരുന്നു.ദൂരെ നിന്നും ജോസഫ്‌ വരുന്ന ദൃശ്യം അവന്റെ
തലയിൽ ഒരു ചെറിയ ചാക്കു കെട്ട്‌..കയ്യിൽ ഒരു കോഴി..ആരും അനങ്ങരുത്‌ എന്ന്‌
ആംഗ്യത്തിൽ ആന്റോ.എല്ലാവരും പമ്മിയിരിക്കുന്നു.
പെൺകുട്ടി:പാവം അവന്റെ കയ്യിലെ കോഴിയെക്കണ്ടോ...
അയ്യപ്പൻ:ഉം അയാൾക്ക്‌ തിന്നാണാ ഒരു ദിവസം ഒരു കോഴിയാ തീറ്റി..
ജോസഫ്‌ കുട്ടികളിരിക്കുന്ന സ്ഥലം കടക്കുമ്പോൾ ആന്റോ ഒരു ചെറിയ കല്ലെടുത്ത്‌
ഒരേറ്‌.കല്ല്‌ ജോസഫിന്റെ പിന്നിൽ വന്ന്‌ വീണുരുണ്ടു.ജോസഫ്‌ ഒന്ന്‌ ഞെട്ടി ചുറ്റും
നോക്കി.ഒന്നും കാണുന്നില്ല.നോക്കെത്താ ദൂരം പച്ചപ്പ്‌.അവൻ വീണ്ടും നടന്നു തുടങ്ങി..വീണ്ടും
ഒരു കല്ല്‌ വന്നു വീണു ഇത്തവണ അകമ്പടിയായി ഒരു വികൃത ശൽവും..ജോസഫിന്റെ
കണ്ണുകളിൽ ഭീതി..ജോസഫ്‌ തിരിഞ്ഞു വീണ്ടും ഒന്നും കണ്ടില്ല..അവൻ നടന്ന്‌
തുടങ്ങി..വേഗം..ചെറിയ ഒരോട്ടം..ഒരു കല്ലുകൂടി പോയി.ഒരു ശൽവും.ജോസഫ്‌ ഓടെടാ
ഓട്ടം.പൊന്തക്കിടയിലിരുന്ന്‌ ചിരിക്കുന്ന കുട്ടികൾ.
കട്ട്‌

സീൻ-9
കേണലിന്റെ വീട്‌
പകൽ/എക്സ്റ്റീരിയർ
മുൻവശത്തെ ചാരുകസേരയിൽ കിടന്ന്‌ മയങ്ങുന്ന കേണൽ.വരാന്തയിൽ പ്ലാസ്റ്റിക്കിലുള്ള
ക്രിസ്തുമസ്‌ ട്രീ..ചെടികളിലൊക്കെ നക്ഷത്രങ്ങളും വർണ്ണക്കടലാസുകളും കൊണ്ട്‌
അലങ്കരിച്ചിരിക്കുന്നു.വീടിനുമുന്നിലൂടെ പുൽക്കെട്ടുമായി പോകുന്ന കുട്ടികൾ അവരുടെ
കാഴ്ചപ്പാടിൽ കേണൽ
അയ്യപ്പൻ:ആ നീർക്കോലിക്ക്‌ ശരിക്ക്‌ കിട്ടി..ഇനി ഈ കെളവനാ
പെൺകുട്ടി:ഉം..അതിനിത്തിരി പുളിക്കും
അയ്യപ്പൻ:നീ നോക്കിക്കോ മോളെ..മാനത്ത്‌ കണ്ണീ
കുട്ടികൾ നടന്ന്‌ മറയുന്നു.
കട്ട്‌

സീൻ-10
ചേരി
സായാ ഹ്നം
വരിവരിയായി വീടുകൾ തെരുവിന്റെ ഒരു കോണിൽ കുട്ടികൾ പുൽക്കൂടുണ്ടാക്കുന്നതിന്റെ
തിരക്കിലാണ്‌.കൂട്‌ പകുതി പണി തീർന്ന്‌ കഴിഞ്ഞിരിക്കുന്നു.
ആന്റോ:(ദൂരെ മാറി നിന്ന്‌ ഭംഗി നോക്കിക്കൊണ്ട്‌)ദാ ആ വളഞ്ഞ്‌ നിൽക്കുന്ന പുല്ലങ്ങ്‌
വെട്ടിക്കളയെടാ
അവന്റെ വാചകം ഇഷ്ടപ്പെടാത്ത മട്ടിൽ അയ്യപ്പൻ"അതങ്ങനെ വളഞ്ഞ്‌
നിൽക്കുന്നതല്ല..വളച്ചുവച്ചതാ ഞാൻ
ആന്റോ:അയ്യട ഒരു കലാകാരൻ.. (അവൻ ആ
പുൽക്കഷണം പറിച്ചെടുത്തു)ന്നാ ഇത്‌ നിന്റെ തലയിൽ വളച്ചുവച്ചോ
അയ്യപ്പന്റെ മുഖം അവന്‌ അതത്ര രസിച്ചില്ല
ആന്റോ വീണ്ടും ഭംഗി നോക്കിക്കൊണ്ട്‌:ഉം കുഴപ്പമില്ല..പക്ഷേ ഒരു കുറവുണ്ട്‌..
ഒരു കുട്ടി:എന്ത്‌ കുറവെടാ
ആന്റോ:നാല ഞ്ച്‌ നക്ഷത്രങ്ങൾ കൂടി വേണം
അയ്യപ്പൻ:ഇവൻ പറയുന്ന കേട്ടാൽ പുൽക്കൂടല്ല പുൽക്കൊട്ടാരമായിരിക്കും ഉണ്ടാവ്ണത്‌.
പെൺകുട്ടി:എന്നാലും അവൻ പറഞ്ഞേലും കാര്യമുണ്ടെടാ..രണ്ടു മൂന്ന്‌ നക്ഷത്രങ്ങളെങ്കിലും
വേണം
മറ്റൊരു കുട്ടി:പക്ഷേ കാശെവിടുന്നു കിട്ടും?
അയ്യപ്പൻ:അതിനാണോ വഴിയില്ലാത്തത്‌ ആന്റോയുടെ വീട്ടിന്റെ പെറകെ ഒരു മരത്തില്‌ നിറയെ
കായ്ച്ച്‌ നിൽക്കുന്നത്‌ പിന്നെന്താ.
ആന്റോ:അയ്യപ്പാ നീ കൂടുതൽ കളിക്കല്ലേ
അയ്യപ്പൻ:ഞാൻ പോണു നീമാത്രം കളിച്ചാമതി
അവൻ നടന്നു.
ആന്റോ:അവന്റൂടി പോകാൻ പറ..നമുക്ക്‌ വേറെ വഴി നോക്കാം
ദേഷ്യത്തിൽ മുന്നോട്ട്‌ വന്ന്‌ നാട്യത്തിൽ തൊഴുത്‌ പെൺകുട്ടി:മതി സഹായിക്കണ്ട...ഞങ്ങളു
നോക്കിക്കൊള്ളാം വഴി..
ആന്റോ അവജ്ഞയോടെ പുരികം ഉയർത്തി
പെൺ കുട്ടി: വാ നമുക്ക്‌ നോക്കാം
കുട്ടികൾ പിന്നാലെ
കട്ട്‌

സീൻ-11
തെരുവിലെ ഒരു വീട്‌
രാത്രി/എക്സ്റ്റീരിയർ
ഒരു വീടിന്റെ വരാന്തയിൽ കുട്ടികൾ ഒത്തുകൂടിയിരിക്കുന്നു
ഒരു മൺകുടുക്കയുടഞ്ഞു.ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ കുട്ടികളുടെ
മുഖം.നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തുന്ന പെൺകുട്ടി"അ ഞ്ചു രൂപാ അൻപത്‌
പൈസ..ഇനി ആരുടെ കയ്യിലാ?"
ഒരുകുട്ടി മറ്റൊരു കുടുക്ക നീട്ടി:ഇന്നാ
അതു പൊട്ടിച്ച്‌ എണ്ണി:
"ഒൻപത്‌ രൂപാ ഇരുപത്തിയ ഞ്ച്‌ പൈസ ഇനിയോ?"
കുട്ടികളുടെ നിരാശമായ മുഖം,അവർക്കിടയിലെ ആന്റോയുടെ മുഖത്ത്‌ മാത്രം ഒരു
വിജയസ്മിതം
ഒരു രൂപാ നീട്ടുന്നു മറ്റൊരു കുട്ടി"ഇതും കൂടിയേ ഉള്ളു"
കുട്ടികളെ സമാധാനിപ്പിച്ചുകൊണ്ട്‌ പെൺകുട്ടി"സാരമില്ല ഇതു മതി"
പെട്ടെന്ന്‌ ആന്റോയുടെ കളിയാക്കിച്ചിരി "ഇതുകൊണ്ട്‌ നക്ഷത്രമല്ല അമ്പിളിയമ്മാച്ചനേം കൂടി
കിട്ടും"
കുട്ടികൾ നിശബ്ദരായി.പെൺകുട്ടിയും നിരാശയോടെ തലകുലുക്കി
ഒരു കള്ളച്ചിരിയോടെ ആന്റോ:"വേണമെങ്കിൽ വഴി പറഞ്ഞുതരാം"
ഒരു കുട്ടി:"എന്തു വഴി?"
ആന്റോ : ധൈര്യമുണ്ടോ?
കുട്ടികൾ:എന്തിനാ?
ആന്റോ:മതിലു ചാടണം..കേണലിന്റെ വീട്ടിൽ ഇഷ്ടമ്പോലെ നക്ഷത്രമുണ്ട്‌
ഗൂഡ സ്മിതത്തോടെ ഒരു കുട്ടി:അതിന്‌ ധൈര്യമുള്ള ഒരാളെ ഞാൻ പറഞ്ഞുതരാം
ആന്റോയുടെ ചോദ്യഭാവമുള്ള മുഖം
കുട്ടി:നിന്റപ്പൻ കൊച്ചൗസേപ്പ്‌
മറ്റു കുട്ടികൾ ചിരിക്കുന്നു.ആന്റോയുടെ ദഹിപ്പിക്കുന്ന നോട്ടം
സമാധാനിപ്പിക്കുന്ന മട്ടിൽ പെൺകുട്ടി
"ആരും മതിലൊന്നും ചാടണ്ട..മോഷ്ടിച്ചുകിട്ടുന്ന നക്ഷത്രം പുൽക്കൂട്ടിൽ വച്ചിട്ടെന്തിനാ?"
ആന്റോ:എന്നാപ്പിന്നെ നീ പോയി മാനത്തൂന്നു രണ്ടെണ്ണം പിടിച്ചോണ്ട്‌ വാ..
ഗൗരവത്തിൽ പെൺകുട്ടി:നമുക്ക്‌ ആ കേണലിനോട്‌ ചോദിച്ചാലോ
കളിയാക്കൽ ശ ബ്ദത്തിൽ ചിരിച്ചുകൊണ്ട്‌ ആന്റോ"നീ തന്നെ ചോദിച്ച്‌ വാങ്ങണം
കേട്ടോ..എന്തായാലും ചോദിക്കുമ്പം ഒന്നാക്കണ്ട നാല​‍െ ഞ്ചണ്ണം
ചോദിച്ചോ..ചുമ്മാകിട്ടുന്നതല്ലേ?"
പെൺകുട്ടിയുടെ മുഖത്ത്‌ ദീപനാളം കാറ്റിലാടി
പശ്ചാത്തലത്തിൽ ആന്റോയുടെ പരിഹാസച്ചിരി
ഫെയ്ഡ്‌ ഔട്ട്‌

സീൻ-12
ഫെയ്ഡ്‌ ഇൻ
കേണലിന്റെ വീട്‌
പ്രഭാതം/എക്സ്റ്റീരിയർ
മുറ്റത്ത്‌ ചെടികൾ നനക്കുന്ന കേണൽ,കുട്ടികൾ ഗേറ്റിന്‌ വശത്തൂടെ എത്തിനോക്കുന്നു.മുന്നിൽ
പെൺകുട്ടി.അവളുടെ മുഖത്ത്‌ ഒരു ആശങ്കയുണ്ട്‌.മറ്റുകുട്ടികൾ ചേർന്ന്‌ അവളെ ഗേറ്റിന്‌
മുന്നിലേക്ക്‌ തള്ളിവിട്ടു.ബഹളം കേട്ട്‌ കേണൽ നോക്കുമ്പൊൾ ഗേറ്റിന്‌ ഒത്തനടുവിലായി
പെൺകുട്ടി ഒറ്റക്ക്‌ നിൽക്കുന്നു.
ഗൗരവത്തിൽ കേണൽ:ഉം?
പെൺകുട്ടി ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയാണ്‌
കേണൽ:എന്തു വേണം?
അക്ഷരങ്ങൾ വിഴുങ്ങി വിഴുങ്ങി പെൺകുട്ടി:ന..ന..നക്ഷത്രം
കേണൽ അവളെ സൂക്ഷിച്ചുനോക്കി
പെൺകുട്ടി:പുൽക്കൂട്ടിൽ തൂക്കാൻ ഒരു നക്ഷത്രം
കേണൽ ഗൗരവം വിടാതെ തന്നെ അവളെ നോക്കി നിന്നശേഷം ഉള്ളിലേക്ക്‌
നടന്നു.പെൺകുട്ടി പരിഭ്രമം കൊണ്ട്‌ കിതയ്ക്കുന്നുണ്ട്‌
മറ്റുകുട്ടികൾ അവളോട്‌ ആംഗ്യഭാഷയിൽ എന്തുണ്ടായെന്ന്‌ ചോദിക്കുന്നു.
പെൺകുട്ടി:അകത്തുപോയി..
ആന്റോ:അകത്തുപോയോ?
പെൺകുട്ടി തലകുലുക്കി
ഭയപ്പെടുത്തുന്ന ഭാവത്തിൽ ആന്റോ :ഓടിക്കോ തോക്കെടുക്കാൻ പോയതാ...
അവന്റെ പിന്നാലെ കുട്ടികളെല്ലാം ഓടിപ്പോയി.എന്തു ചെയ്യണമെന്നറിയാതെ നിൽക്കുന്ന
പെൺകുട്ടി.അവൾ ചുറ്റും നോക്കി താനൊറ്റക്കാണ്‌.ഒരു നിമിഷം ഉള്ളിലേക്ക്‌ നോക്കി ശങ്കിച്ച്‌
മറ്റുകുട്ടികളുടെ ദിക്കിലേക്ക്‌ അവളും ഓടിപ്പോയി
കേണൽ വലിയൊരു ചുവന്ന നക്ഷത്രവും പിടിച്ച്‌ ഇറങ്ങിവരുന്നു.വേച്ചുവേച്ച്‌ അയാൾ
ഗേറ്റിനടുത്തെത്തി ഗേറ്റിനു മുൻപിൽ ആരുമില്ല.അയാൾ പുറത്തേക്ക്‌ ഇരുവശത്തേക്കും
നോക്കി..ആരുമില്ല
അയാളുടെ ആത്മഗതം:സ്റ്റുപ്പിഡ്‌
കട്ട്‌

സീൻ-13
ചേരിയിലെ പൊതുകിണറിനുചുറ്റും കുട്ടികൾ.
ആന്റോ കിണറിന്റെ കൈവരിയിൽ ചവിട്ടി തൂണിൽ തൂങ്ങി ചാ ഞ്ചാടുന്നു.ചുറ്റും കുട്ടികൾ
ആന്റോ:ഇപ്പം എങ്ങനെയുണ്ട്‌?ഇതാ ഈ പെൺപിള്ളേരുടെ ഒരു കുഴപ്പം.എല്ലാം
പേടിത്തൂറികളാ
ആന്റോയെ തറപ്പിച്ചുനോക്കുന്ന പെൺകുട്ടി.
അതിനു മറുപടിയായി ആന്റോ:ആരും നോക്കി പേടിപ്പിക്കുകയൊന്നും വേണ്ട.ഞാനില്ലേ ൽ
കാണാരുന്നു.ആ കാലൻതോക്കുവച്ച്‌ ഒറ്റവെടി..ഠേ..ദാ കെടക്കുണൂ വലിയതമ്പുരാട്ടി
കുട്ടികൾ ചിരിച്ചു
പെൺകുട്ടി:പോടാ കോന്തപ്പ..നീ പേടിപ്പിച്ച്‌ ഓടിച്ചതല്ലേ അല്ലായിരുന്നെങ്കിൽ..
അവളെ കളിയാക്കിക്കൊണ്ട്‌ ആന്റോ:അയ്യോ..അല്ലായിരുന്നെങ്കിൽ.. തമ്പുരാട്ടിക്ക്‌ ഒരു
സ്വർണക്കിരീടം കൊണ്ട്‌ തന്നേനെ
വീണ്ടും കുട്ടികൾ ചിരിച്ചു.
ഒരു കുട്ടി:ശരിയാ നക്ഷത്രം തരാനായിരുന്നെങ്കിൽ അയാളെന്തിനാ അകത്ത്‌
പോയെ..അവിടുന്നു തന്നെ ഒന്ന്‌ പൊട്ടിച്ച്‌ തന്നാ പോരായിരുന്നോ?
മറ്റൊരുത്തൻ:അതൊക്കെ പോട്ടെ ഇനിയിപ്പോ എന്താ ഒരു വഴി?
ആന്റോ കിണറ്റിന്റെ കൈവരിയിൽ നിന്ന്‌ താഴേക്ക്‌ ചാടി
:"വഴിയൊക്കെ യുണ്ട്‌..നക്ഷത്രോം കിട്ടും ആ കെളവനെ ഒരു പാഠവും പഠിപ്പിക്കാം"
പെൺകുട്ടിയുടെ മുഖത്ത്‌ നിസഹായത.
കട്ട്‌

സീൻ-14
അയ്യപ്പെന്റെ വീട്‌
പകൽ/എക്സ്റ്റീരിയർ
ടോപ്പ്‌ ആംഗിൾ
പഴയോലകൊണ്ട്‌ കുത്തിമറച്ച വീടിനു മുന്നിൽ അയ്യപ്പൻ ഒരു കിളിക്കൂടിന്റെ
പണിയിലാണ്‌.കുട്ടികൾ വരിവരിയായി കടന്നുവന്നു.അവൻ അവരെ കണ്ടഭാവം നടിക്കാതെ
പണിയിൽ മുഴുകിയിരിക്കുന്നു.
ചില കുട്ടികൾ വീടിന്‌ മുൻവശത്ത്‌ കിടപ്പുള്ള വലിയ തടിക്കഷണത്തിൽ ഇരിപ്പു
പിടിച്ചു(ഇപ്പോൾ കാമറ നിലത്താണ്‌ അയ്യപ്പൻ ഫോർഗ്രൗണ്ടിൽ)
അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നില്ലെന്ന്‌ കണ്ടപ്പോൾ ആന്റോ മുഖം കൊണ്ട്‌ മറ്റൊരു കുട്ടിയെ
നോക്കി ഗോഷ്ടികാണിക്കുന്നു.മുരടനക്കിനോക്കി.രക്ഷയില്ല
ആന്റോ യാതൊരു പിണക്കവുമില്ലാത്തപോലെ പറഞ്ഞ്‌ തുടങ്ങി:"കേട്ടോടാ അയ്യപ്പാ ആ കേണൽ ഭൂതം നമ്മുടെ

സുന്ദരിക്കോതയെ പേടിപ്പിച്ചോടിച്ചു.ഞാനില്ലായിരുന്നെങ്കിൽ ഈ കാട്ടുതാറാവിനെ വെടിവെച്ചിട്ടേനെ "
അയ്യപ്പൻ മൈൻഡ്‌ ചെയ്യുന്നിണ്ടല്ല.അവൻ തടിക്കഷണങ്ങൾ തമ്മിൽ തറയ്ക്കുകയാണ്‌
ആന്റോ അവന്റെ ഭാവം കണ്ട്‌ മുഖം കോടിച്ച്‌ നിന്നു,പിന്നെയും പറഞ്ഞ്‌ തുടങ്ങി
"നമുക്കാ കെളവനെ ഒരു പാഠം പഠിപ്പിക്കണമെടാ"
അയ്യപ്പൻ എണീറ്റ്‌ ആന്റോയുടെ അടുത്തേക്ക്‌ നടന്ന്‌ അവന്റെ കാൽക്കൽ കിടന്ന ഒരു
തടിക്കഷണം പെട്ടെന്ന്‌ കുനിഞ്ഞെടുത്ത്‌ തിരിച്ച്‌ ചെന്നിരുന്നു.അപ്രതീക്ഷിതമായ ആക്ഷനിൽ
ആന്റോ ഞെട്ടിപ്പോയി.
മറ്റൊരു കുട്ടി ആന്റോയെ നോക്കി കണ്ണിറുക്കിക്കൊണ്ട്‌: "അയ്യപ്പൻ നിന്നോട്‌ പിണക്കമാണെടാ.. അതോണ്ടാ ഒന്നും മിണ്ടാത്തത്...അവനെ നോക്കി ഒരു കള്ളച്ചിരിയോടെ ആന്റോ: ?പോടാ അയ്യപ്പനെന്നോട്‌ പിണക്കമൊന്നുമില്ല..എനിക്കവനോട്‌ പിണക്കമിണ്ടല്ലല്ലോ?
അയ്യപ്പൻ അവനെ ഒന്നു നോക്കി
ആന്റോ:ഒന്നു ക്ഷെമിയെടാ അയ്യപ്പാ..
അയ്യപ്പൻ വീണ്ടും പണിയിലേക്ക്‌
ഒരു കുട്ടി:അയ്യപ്പൻ ചേട്ടാ..നമുക്ക്‌ ആ കെളവന്റെ കയ്യീന്ന്‌ രണ്ടൂന്ന്‌ നക്ഷത്രം
തട്ടണം...അയ്യപ്പൻ ചേട്ടനില്ലെങ്കിൽ നടക്കൂല്ല
അയ്യപ്പൻ അവനെയും ഒന്നു നോക്കി
അയ്യപ്പൻ നോട്ടം തിരിച്ചപ്പോൾ പറഞ്ഞവൻ ചുണ്ട്‌ കൂർപ്പിച്ച്‌ ഗോഷ്ടികാട്ടി.
മറ്റൊരു കുട്ടി:അയ്യടാ.. മതിലു ചാടാനും മോട്ടിക്കാനുമൊന്നും ഇനി അയ്യപ്പനെ
കിട്ടൂല്ല..അയ്യപ്പന്‌ പേടിയാ..
അയ്യപ്പൻ ആണിയിലുള്ള അടി ഉച്ചത്തിലാക്കി
ആന്റോ:അയ്യോടാ മോട്ടിക്കാൻ ആരെങ്കിലും പറഞ്ഞോ..എടാ ബൈബിളിലെന്തോന്നാ
പറഞ്ഞിരിക്കുന്നത്‌ ഉള്ളവൻ ഇല്ലാത്തവന്‌ കൊടുക്കണം എന്നല്ലേ..അയാൾ നമ്മൾ ചോദിച്ചിട്ട്‌
തന്നോ..
മറ്റൊരു കുട്ടി:ഹൊ..കർത്താവിന്റെ കൽപ്പന ധിക്കരിച്ചാൽ അയാളു നരകത്തിൽ പോവൂല്ലേ!
ആന്റോ:നമ്മളുകാരണം അയാള്‌ നരകത്തിൽ പോണോടാ അയ്യപ്പാ...
അയ്യപ്പൻ പക്ഷിക്കൂടിന്റെ പണി തീർത്ത്‌ എടുത്ത്‌ ഭംഗി നോക്കിക്കൊണ്ട്‌:"കാള വാലു പൊക്കുന്നതെ ന്തിനാടാ.. ആന്റോയേ"
ജാള്യതയോടെ ആന്റോ:നീ വരില്ലേടാ അയ്യപ്പാ
അയ്യപ്പന്റെ മുഖത്തൊരു ചിരി..
കട്ട്‌

സീൻ-15
കേണലിന്റെ വീട്‌
രാത്രി/എക്സ്റ്റീരിയർ
ഇരുട്ട്‌ വീണു തുടങ്ങുന്ന സമയം..കുട്ടികൾ ഗേറ്റിലൂടെ ഉള്ളിലേക്ക്‌ നോക്കുന്നു ആരുമില്ല.ഗേറ്റ്‌
പൂട്ടിക്കിടക്കുകയാണ്‌.കുട്ടികൾ മതിലിനു വശത്തേക്ക്‌ നടക്കുന്നു.അയ്യപ്പനും ആന്റോയുമാണ്‌
മുന്നിൽ

സീൻ-16
മരത്തിലേക്ക്‌ വലിഞ്ഞ്‌ കയറുന്ന ഒരു കുട്ടി
കട്ട്‌ ടു
കേണലിന്റെ മതിൽ കെട്ടിനകത്തുനിന്നുള്ള ദൃശ്യം.മരത്തിന്‌ മുകളിലിരിക്കുന്നവൻ താഴോട്ട്‌
നോക്കി ആംഗ്യം കാണിക്കുന്നു.അയ്യപ്പനും ആന്റോയും മതിലിൽ വലിഞ്ഞ്‌ കയറി
ചാടിയിറങ്ങി.അവർ നക്ഷത്രങ്ങൾക്കടുത്തേക്ക്‌ പമ്മിപ്പമ്മി നടന്നു ഒരു നക്ഷത്രം പൊട്ടിച്ചു.
മരത്തിനു മുകളിലിരിക്കുന്നവൻ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.പെട്ടെന്ന്‌
അബദ്ധമായെന്ന മട്ടിൽ തലയിൽ കൈവക്കുന്നു.
കട്ട്‌

സീൻ-17
കേണലിന്റെ വീട്‌
രാത്രി/എക്സ്റ്റീരിയർ
കേണൽ ചാരുകസേരയിലിരിക്കുന്നു.തൊട്ടടുത്ത്‌ കാലുതിരുമ്മിക്കൊണ്ട്‌ ജോസഫുമുണ്ട്‌
കേണലിന്റെ ദൃശ്യത്തിൽ ആന്റോയുടെ അയ്യപ്പന്റേയും അച്ഛനമ്മമാരുടെ ശബ്ദം.
അയ്യപ്പന്റെ തലയിൽ തട്ടിക്കൊണ്ട്‌ അച്ചൻ: "സാർ മാപ്പാക്കണം ഈ തല തിരിഞ്ഞവനെക്കൊണ്ട്‌ മനുഷ്യന്‌

സ്വൈര്യമില്ല.ഇവന്‌ വല്ല എലൈവ്ഷവും കൊടുത്ത്‌ ഞാൻ ശരിയാക്കും?
കേണലിന്റെ അചഞ്ചലമായ മുഖം
ആന്റോയുടെ പുറത്ത്‌ ഒരടികൊടുത്തുകൊണ്ട്‌ കണ്ണുതുടച്ച്‌ അമ്മ:"തന്ത ചത്ത്‌ തൊലഞ്ഞു.ഞാൻ കരിങ്കല്ല്‌
പൊട്ടിച്ചിട്ടാ സാറേ ഇവന്‌
തീറ്റികൊടുക്കുന്നത്‌.തടിപോലെയായിട്ടും എനിക്കൊരു ഗുണവുമില്ല
കേണൽ:ഉം മതി വിളിച്ചോണ്ട്‌ പോ..
അവർ നടക്കാൻ തുടങ്ങുമ്പൊൾ കേണലിന്റെ ശ ബ്ദം
"കുട്ടികളെ ഇങ്ങനെ തല്ലരുത്‌..കടയിൽ നല്ല ചൂരൽ കിട്ടും
കുട്ടികളുടെ നോട്ടം
അവർ നടന്നുപോകുന്നതും നോക്കിയിരിക്കുന്ന കേണൽ
കട്ട്‌

സീൻ-18
കേണലിന്റെ വീട്‌
രാത്രി /ഇന്റീരിയർ
മുറിയിൽ ഈസി ചെയറിൽ ചാരി മയങ്ങുന്ന കേണൽ.മുഖത്ത്‌
നെറ്റിയിലേക്കുയർത്തിവച്ചിട്ടുള്ള കണ്ണട നെ ഞ്ചിൽ ഒരു പുസ്തകം.
കണ്ണടയിലേക്ക്‌ ഫോക്കസ്‌ ഔട്ട്‌

സീൻ-18അ
കേണലിന്റെ വീട്‌
രാത്രി/ഇന്റീരിയർ
ദീപാലംകൃതമായ കേണലിന്റെ വീട്ടിൽ സ്വീകരണമുറി നിറയെ ബലൂണുകളും
വർണത്തൂവലുകളും പറന്നു നടക്കുന്നു.സാന്താക്ലോസിന്റെ വേഷമിട്ട്‌ കളിക്കുന്ന
കേണൽ.അയാൾക്ക്‌ ചുറ്റും കളിക്കുന്ന പേരക്കിടാങ്ങൾ.കസേരയിൽ ഇരിക്കുന്ന കേണലിന്റെ
മകനും മരുമകളും.എല്ലാവരും ചിരിക്കുന്നു.കുട്ടികൾ കേണലിനെ ഇക്കിളിയിടുമ്പോൾ മുഖം
മൂടിയിളകുന്നു.ദൃശ്യം മുഴുവൻ സ്ലോ മോഷനിലാണ്‌.പശ്ചാത്തലത്തിൽ വയലിൻ സംഗീതം

സീൻ-18ആ
കേണലിന്റെ വീട്‌
രാത്രി/ഇന്റീരിയർ
ഈസി ചെയറിൽ കിടക്കുന്ന കേണൽ,ദൃശ്യം ഫോക്കസ്‌ ഇൻ ചെയ്യുന്നു.സ്വപ്നത്തിൽ
ചിരിക്കുന്ന കേണൽ.ഇക്കിളിയിൽ പുളയുന്ന കേണൽ.ഇക്കിളിയുടെ പാരമ്മ്യത്തിൽ കേണൽ
ഉണർന്ന്‌ നോക്കുമ്പോൾ മുറി ശൂന്യം.ടെലഫോൺ സ്റ്റാൻഡിൽ ഫോൺ നിശ ബ്ദം.ചുവരിലേക്ക്‌
തല ചെരിച്ച്‌ നോക്കുമ്പോൾ മകന്റെയും ഭാര്യയുടേയും കുട്ടികളുടേയും ചില്ലിട്ട ചിത്രം. ചുവരിൽ കേണലിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾ.അയാൾ കണ്ണടയെടുത്തുവച്ച്‌ എണീറ്റ്‌ ഫോട്ടോകൾക്കടുത്തേക്ക്‌ നടക്കുന്നു.അവയൊക്കെ കാണുമ്പോൾ വികാരനിർഭരമായ കേണലിന്റെ കണ്ണുകൾ.കേണൽ നിലക്കണ്ണാടിക്കരികിലേക്ക്‌ നടക്കുന്നു.കണ്ണാടിയിൽ നോക്കിച്ചിരിച്ച്‌ ഗോഷ്ഠികാണിച്ചുകൊണ്ട്‌ ....
"ഹ ഹ..യൂ നോട്ടി കേണൽ.."
അയാൾ കുട്ടികൾക്ക്‌ വാങ്ങിവച്ച സമ്മാനപ്പൊതികൾക്കടുത്തേക്ക്‌ നടന്നു.അതിൽ ഒന്നു തുറന്ന്‌
സാന്താക്ലോസിന്റെ വേഷമെടുത്തിട്ടു.നിലക്കണ്ണാടിക്കരികിലേക്ക്‌ നടന്നു.കണ്ണാടിക്കു മുന്നിൽ
ചെറുതായി നൃത്തം ചെയ്യുന്നപോലെ ചലിച്ചുകൊണ്ട്‌ പാടുകയും ചിരിക്കുകയും ചെയ്യുന്നു
"ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."
ടെലഫോൺ റിംഗ്‌ ചെയ്തു,കേണൽ വേഗം മുഖം മൂടി തലയ്ക്കുയരേക്കുയർത്തിവച്ച്‌
റിസീവറെടുക്കുന്നു.
കേണൽ:ഹലോ
അങ്ങത്തലക്കൽ ഒരു കുട്ടിയുടെ ശബ്ദം:ഗ്രാൻപാ ഇതു ഞാനാ..പപ്പായുടെ സുന്ദരക്കുട്ടൻ
കേണലിന്റെ അത്യാഹ്ലാദം:ഹൊ..ഹൊ..ഹ..ഹ..ഹ..ഹ..ആര്‌ സുന്ദരക്കുട്ടനോ...അപ്പാപ്പയുടെ
പൊന്നുകുട്ടപ്പനോ..ഹൊ..ഹൊ..ഹ..എന്നാടാ കൊച്ചുതെമ്മാടീ നീ വരുന്നത്‌..വേൺ യു പീപിൾ
ആർ കമിങ്ങ്‌...അപ്പാപ്പനിവിടെ എന്തൊക്കെയാ വാങ്ങി വച്ചിട്ടുള്ളതെന്നറിയാമോ..ആയിരം
സ്റ്റാർസ്‌..ക്രാകേർസ്‌..ടോയ്സ്‌..ഹ ഹ ഹ...ആൻഡ്‌ എ ക്രിസ്മസ്‌ പപ്പാ..ഹ ഹ..അപ്പാപ്പന്റെ
പൊന്നുമക്കൾക്ക്‌ സുഖം തന്നെയല്ലേടാ..
കുട്ടി:ഫൈൻ ഗ്രാൻഡ്‌ പാ..ആൻഡ്‌ ഹൗ ആർ യൂ..
കേണൽ:ഹ ..ഹ ..ഹ..ഫൈൻ ഫൈൻ..വെയർ ഈസ്‌ യുവർ സിസ്റ്റർ എന്റെ സുന്ദരി ക്കു​‍ുടുക്ക..
കുട്ടി:ഫൈൻ ഗ്രാൻ പ..ബട്ട്‌ ഷീ ഇസ്‌ അഫ്രൈഡ്‌...ഷീ ഇസ്‌ അഫ്രൈഡ്‌ ഒഫ്‌ യു..
കേണൽ പെട്ടെന്ന്‌ വല്ലാതായി..ഉടൻ തന്നെ ആ വല്ലായ്ക അയാൾ ചിരികൊണ്ട്‌ മറച്ചു: ഹ
ഹ...അം ഐ എ ഗോസ്റ്റ്‌...
മറുവശത്ത്‌ മൗനം..
കേണൽ:ഊം..?
കുട്ടി:ഗ്രാൻഡ്പായെ പേടിയാ അവൾക്ക്‌ ..ഷീ സേയ്സ്‌ ഗ്രൻഡ്പാ ഇസ്‌ എ ഗോസ്റ്റ്‌...മമ്മ
അവളെ ഉറക്കാൻ നേരം?. ഗ്രാൻഡ്‌ പാ വരുമെന്ന്‌ പറഞ്ഞാ പേടിപ്പിക്കുന്നേ?.
പെട്ടെന്ന്‌ ഫോണിലെ ശബ്ദം നിന്നു.
കേണൽ:ഹലോ..ഹലോ..
മറുതലക്കൽ ഒരു പുരുഷ ശ ബ്ദം:ആ..ഡാഡീ.. ഹൗ ആർ യൂ..
കേണൽ ഗൗരവമായി:ഫൈൻ..വേൺ യു പീപ്പിൾ ആർ കമിങ്ങ്‌..
മറുതലക്കലെ ശൽം:ഡാഡീ..അത്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ ഇസ്‌..ഇറ്റ്‌ സീംസ്‌ ഡിഫികൾറ്റ്‌ നൗ ഡാഡീ...
കേണലിന്റെ മുഖം മ്ലാനമായി
മറുതലക്കലെ ശൽം: ലീവ്‌ കിട്ടാൻ പ്രയാസമാണ്‌...എൽസക്കും അതെ...ശൊ..
കേണലിന്റെ മുഖത്ത്‌ ഔ നിരാശയുടെ പു ഞ്ചിരി വിരിയുന്നു..കണ്ണുകളിൽ കഠിനമായ
ദുഃഖം..അയാൾ മറ്റൊന്നും പറയാതെ ഫോൺ റിസീവറിൽ വച്ചു..വേച്ച്‌ വേച്ച്‌
നിലക്കണ്ണാടിയുടെ മുന്നിലേക്ക്‌ നടന്നു...കണ്ണാടിയിലെ മുഖത്ത്‌ കണ്ണുകൾ നിറഞ്ഞ്‌
വരുന്നു...പെട്ടെന്നയാൾ മുഖം മൂടി മുഖത്തേക്ക്‌ വലിച്ചിട്ടു.
ഫോൺ വീണ്ടും റിങ്ങ്‌ ചെയ്യുന്നു..കേണൽ അതു ശ്രദ്ധിക്കാതെ ചുവരിലെ ചിത്രങ്ങളെ നോക്കി
നടന്നു.മുഖം മൂടിയുടെ കണ്ണുകളുടെ ദ്വാരത്തിലൂടെ ചിത്രങ്ങൾ..(സ്ലോ മോഷൻ)
ഫെയ്ഡ്‌ ഔട്ട്‌

സീൻ-19
കേണലിന്റെ വീട്‌
പകൽ/എക്സ്റ്റീരിയർ
പൂക്കളേയും ഇലകളെയും തഴുകുന്ന കേണലിന്റെ വൃദ്ധൻ കൈപ്പത്തി,ഇലത്തുമ്പിലെ ജലം
താഴെ വീഴുന്നുണ്ട്‌.കാമറ വൈഡ്‌ ആകുമ്പോൾ കേണൽ മുറ്റത്തെ ചെടികളെ താലോലിച്ച്‌
നടക്കുകയാണ്‌.ചെടികളിൽ തൂക്കിയിട്ട നക്ഷത്ര വിളക്കുകൾ ആട്ടിവിട്ട്‌ നിരാശയോടെ നോക്കി
നിൽക്കുന്നു.പിന്നീട്‌ വേച്ച്‌ വേച്ച്‌ ഉള്ളിലേക്ക്‌ നടന്നു ഒരുവിധത്തിൽ ചാരുകസേരയിൽ
ചെന്നുവീണു.
കീതച്ചുകൊണ്ട്‌ ഉള്ളിലേക്ക്‌ :ജോസഫെ
മൗനമാണ്‌ മറുപടി
കേണൽ:കുറച്ച്‌ വെള്ളം..
കേണൽ കസേരയിലേക്ക്‌ ചാഞ്ഞ്‌ പുറത്തേക്ക്‌ നോക്കികിടക്കുന്നു.അയാളുടെ പോയിന്റ്‌ ഓഫ്‌
വ്യൂവിൽ മതിലിൽ പതിഞ്ഞ ഒരു കലടയാളം.കേണൽ മുന്നോട്ടാഞ്ഞ്‌
അതുനോക്കി.അപ്പോഴെക്കും ഉള്ളിൽ നിന്നും വെള്ളവുമായി ജോസഫ്‌ വന്നു.വെള്ളം വാങ്ങി
കയ്യിൽ വച്ചുകൊണ്ട്‌:"ആ കുട്ടികൾ എവിടുള്ളവരാ...?"
ജോസഫ്‌:ഇവിടെ കോളനിയിലെ....
കേണൽ ഒന്നും മിണ്ടുന്നിണ്ടല്ല..ജോസഫ്‌ കേണലിന്റെ ഭാവമാറ്റം ശ്രദ്ധിക്കുന്നുണ്ട്‌.അയാൾ കുറച്ച്‌ വെള്ളം കുടിച്ചിട്ട്‌

വെളിയിളേക്ക്‌ എറ്റി..അത്‌ നിലത്തുവീണ്‌ പടർന്നു.

സീൻ-20
കേണലിന്റെ വീട്‌
പകൽ/ഇന്റീരിയർ
കോണി കേറി മുകളിലത്തെ നിലയിലേക്ക്‌ വരുന്ന കേണൽ.കേണലിന്റെ
വിശ്രമമുറി..മേശപ്പുറത്ത്‌ കുറേ പുസ്തകങ്ങൾ വൃത്തിയായി അടുക്കി വച്ചിട്ടുണ്ട്‌.വൃത്തിയായി
വിരിച്ചിട്ട ഒരു കിടക്ക.ഒരു ചാരുകസേര.കുട്ടികളുടെ കളിസ്ഥലത്തേക്ക്‌ തുറക്കുന്ന ഒരു
ജനാല.കേണൽ ജനാലക്കടുത്തെത്തി വെളിയിലേക്ക്‌ നോക്കി.പുറത്ത്‌ കളിസ്ഥലത്ത്‌ സ്ഥാനം
തെറ്റിയ രണ്ട്‌ സ്റ്റാമ്പുകൾ നിൽപ്പുണ്ട്‌.കുട്ടികളാരുമില്ല.കേണൽ ചാരുകസേരയിലേക്ക്‌ വന്നുചാരി
ഒരു മാസിക കയ്യിലെടുത്ത്‌ മറിച്ചുനോക്കി.അതിൽ ഒരു മുത്തച്ഛനും കുട്ടികളും ചിരിച്ചുനിൽക്കുന്ന പരസ്യ
ചിത്രം.കേണൽ വാരിക നെഞ്ചിൽ മലർത്തിവച്ച്‌ കണ്ണട നെറ്റിയിലേക്കുയർത്തി മച്ചിലേക്ക്‌ നോക്കി കിടക്കുന്നു.പഴയ തടികൊണ്ടുണ്ടാക്കിയ മച്ചിലെ കൊത്തുപണികൾ..
ദൃശ്യം ഫോക്കസ്‌ ഔട്ട്‌.

സീൻ-20അ
ദൃശ്യം ഫോക്കസ്‌ ഇൻ.
കേണലും കുട്ടികളും കളിക്കുന്നു.കേണലിന്റെ മുഖത്ത്‌ കരികൊണ്ട്‌ പടം വരയ്ക്കുന്ന
കുട്ടികൾ.കണ്ണാടി എടുത്തുകാണിക്കുമ്പൊൾ കേണലും കുട്ടികളും ചിരിക്കുന്നു.കേണൽ
ഭൂതമായി അഭിനയിച്ചുകൊണ്ട്‌ കുട്ടികളോടൊപ്പം കളിക്കുന്നു.കുട്ടികൾ ഭയന്ന്‌ ഓടിപ്പോകുന്നു

സീൻ-20ആ
കേണൽ ഞെട്ടിയുണർന്ന്‌ ചുമരിലെ ഫോട്ടോയിൽ നോക്കിയിരുന്നു.സാവധാനം എണീറ്റ്‌
ജനാലക്കരികിലേക്ക്‌ നടന്നു,എന്തോ പരത്തുമ്പോലെ പുറത്തേക്ക്‌ നോക്കി..ദൂരെ ഒരു വലിയ
മരക്കൊമ്പും വലിച്ചുകൊണ്ട്‌ ആഘോഷമായി പോകുന്ന കുട്ടികൾ.കേണലിന്റെ മുഖം
വിടർന്നു.കുട്ടികൾ കാഴ്ചയിൽ നിന്നും മറയുമ്പോൾ കേണൽ വീണ്ടും മ്ലാനവദനനായി.
കട്ട്‌

സീൻ-21
കേണലിന്റെ വീട്‌
പകൽ/എക്സ്റ്റീരിയർ
കേണൽ വീടിന്‌ മുൻവശത്തെ ചാരുകസേരയിൽ പുറത്തേക്ക്‌ നോക്കിയിരിക്കുന്നു.ആരോ
നാലഞ്ചുപേർ ഗേറ്റ്‌ കടന്ന്‌ വരുന്നത്‌ അവ്യക്തമായി കാണാം.കേണൽ വേഗം കണ്ണടയെടുത്ത്‌
ശരിയാക്കിവയ്ക്കുന്നു.കുറച്ച്‌ മുതിർന്ന ആളുകളുകളാണ്‌.കേണൽ രസിക്കാത്ത മട്ടിൽ
ചാഞ്ഞിരുന്നു.
ആഗതരിലൊരാൾ:"പള്ളിയിൽ നിന്നാണ്‌"
കേണൽ:പിരിവിനായിരിക്കും
അപരൻ:ഏയ്‌ പിരിവൊന്നുമല്ല..ക്രിസ്മസല്ലേ ചെറിയ ഒരു ആഘോഷം..
കേണൽ താൽപ്പര്യമില്ലാതെ ഒന്നു നോക്കി
ആഗതരിലൊരാൾ:ചെറിയ ഒരു സംഭാവന..
കേണൽ:അതിന്റെ പേരല്ലേ പിരിവ്‌
ജാള്യതയോടെ ആഗതൻ:അല്ല ക്രിസ്മസാകുമ്പൊ നാട്ടുകാരെല്ലാം ചേർന്നാലല്ലേ..
കസേരയിലേക്ക്‌ ചാഞ്ഞുകൊണ്ട്‌ കെണൽ:ജോസഫേ..ഇവർക്കൊരു പത്തുരൂപ എടുത്ത്‌
കോടുക്ക്‌
ആഗതരുടെ മുഖത്ത്‌ ഒരു വൈഷമ്യം,അവർ തല ചൊറിയുന്നു..
കേണൽ:ഊം?
ആഗതർ:അല്ല പത്തുരൂപാ..!
കേണൽ:ജോസഫേ..അവർക്ക്‌ രൂപാ വേണ്ടന്ന്‌
ആഗതർ:അയ്യോ അങ്ങനെയല്ല..
വാതിൽക്കൽ ജോസഫ്‌ എന്ത്‌ ചെയ്യണമെന്നറിയാതെ നിൽക്കുന്നു.
കേണൽ കൊടുത്തെക്ക്‌ എന്ന ഭാവത്തിൽ ഒന്നു മൂളി
ആഗതർ കാശ്‌ വാങ്ങി റസീപ്റ്റെഴുതാൻ തുടങ്ങുമ്പോഴേക്ക്‌
കേണൽ:വേണ്ട വേണ്ട കാശ്‌ കിട്ടിയല്ലോ ഇനി പോകാം
അവർ വിഷണ്ണരായി മടങ്ങി.കേണൽ അവർ പോയ വഴി നോക്കിയിരിക്കുന്നു..ഗേറ്റിനു
മുന്നിലൂടെ കുറച്ച്‌ കുട്ടികൾ ഓടിമറഞ്ഞു,കേണൽ ധൃതിയിൽ കണ്ണട ശരിയാക്കിവച്ചു..അവർ
പോയിക്കഴിഞ്ഞിരുന്നു.കേണൽ വീണ്ടും കസേരയിലേക്ക്‌ ചാഞ്ഞു.
കട്ട്‌

സീൻ-22
കേണലിന്റെ വീട്‌
പകൽ/ഇന്റീരിയർ
കേണലിന്റെ തീ​‍േ?ശ നിറയെ വിഭവങ്ങൾ കേണൽ ഭക്ഷണം കഴിക്കുന്നു,ജോസഫ്‌
വിളമ്പിക്കൊടുത്തുകൊണ്ട്‌ അരികിൽ തന്നെയുണ്ട്‌.കേണൽ താൽപ്പര്യമില്ലാത്തപോലെ
സ്പൂൺകൊണ്ട്‌ ഭക്ഷണം വായിലേക്ക്‌ വെച്ച്‌ ശേഷം തുപ്പിക്കളയുന്നു.ജോസഫ്‌ ആകെ ഭയന്ന്‌
വിറച്ചപോലെയാണ്‌ നിൽപ്പ്‌.കേണൽ എന്തോ ആലോചിച്ചപോലെ ഭിത്തിയിലേക്ക്‌
നോക്കിയിരിക്കുന്നു.ഭിത്തിയിൽ അവസാനത്തെ അത്താഴത്തിന്റെ പെയിന്റിങ്ങ്‌.
കേണൽ:ജോസഫെ..
ജോസഫ്‌:ഓ..
കേണൽ:നിനക്ക്‌ ആ കുട്ടികളെ അറിയാമോ?
ജോസഫ്‌:അറിയാം
കേണൽ:നീ പോയി അവരോട്‌ വരാൻ പറയൂ.നക്ഷത്രങ്ങളും കളിപ്പാട്ടങ്ങളുമൊക്കെ
എടുത്തോണ്ട്‌ പോവാൻ പറ..ഇനി ഇതൊക്കെ ഇവിടെ എന്തിനാ..
ജോസഫ്‌ കേണലിനെ അഞ്ചാളിച്ച്‌ നോക്കുന്നു മനസില്ലാത്ത മട്ടിൽ തലചൊറിയുന്നു.
കേണൽ:എന്താ...കേട്ടില്ലേ..
ജോസഫ്‌:ഓ
കേണൽ ഭക്ഷണം നിർത്തി വാഷ്ബേസിനരികിലേക്ക്‌ നടക്കുന്നു..ജോസഫ്‌ പാത്രങ്ങൾ
പെറുക്കാൻ തുടങ്ങി
കട്ട്‌

സീൻ-23
കോളനി
സന്ധ്യാസമയം
കുട്ടികളുടെ ഒരു സംഘം ഘോഷയാത്രയായി വരുന്നു
ഘോഷയാത്രയ്ക്ക്‌ മുന്നിൽ കരിയും ചായവും തേച്ച ജോസഫാണ്‌ അവനെ ഒരു
കഴുതപ്പുറത്ത്‌ കയറ്റിയിരുത്തിയിട്ടുണ്ട്‌ "കേണൽ ഭൂതത്തിന്റെ മന്ത്രി" എന്നെഴുതിയ ഒരു
ബോർഡ്‌ കഴുത്തിൽ കെട്ടിത്തൂക്കിയിട്ടുണ്ട്‌.രണ്ട്‌ കുട്ടികൾ ചെണ്ടപോലെ തകരപ്പാത്രത്തിൽ
അടിച്ച്‌ ശബ്ദമുണ്ടാക്കുന്നു.മുന്നിൽ അയ്യപ്പനും ആന്റോയും ഒരു മരക്കൊമ്പ്‌ മൈക്രോ
ഫോണുപോലെ പിടിച്ചിട്ടുണ്ട്‌
അയ്യപ്പ ൻ: "ശ്രീമാൻ കേണൽ ഭൂതത്തിന്റെ പ്രധാനമന്ത്രി..ജോസഫ്‌ കോമാളിയെ സ്വീകരിച്ച്‌ കൊണ്ടുള്ള വമ്പിച്ച ഘോഷയാത്രയാണ്‌ ഇതുവഴി വന്നുകൊണ്ടിരിക്കുന്നത്‌"
ആന്റോ: ശ്രീമാൻ കേണൽ കിളവന്റെ നക്ഷത്രങ്ങളെല്ലാം ഞങ്ങൾക്ക്‌ തരാമെന്ന്‌ പറഞ്ഞ്‌ പറ്റിച്ച്‌
ഞങ്ങളെ പിടിച്ച്‌ കെട്ടി എല്ലൊടിക്കാൻ വന്ന ഒടിഞ്ഞിൽ ജോസഫാണ്‌ നിങ്ങൾക്ക്‌ മുന്നിൽ
എഴുന്നള്ളുന്നത്‌"
ജോസഫിന്റെ അവശമായ മുഖഭാവം.ആർത്ത്‌ വിളിക്കുന്ന കുട്ടികളുടെ മുഖങ്ങൾ.ഘോഷയാത്ര
ക്യാമറയിൽ നിന്നുമകന്ന്‌ പോകുന്നു.

സീൻ-24
കേണലിന്റെ വീട്‌
രാത്രി/എക്സ്റ്റീരിയർ
കേണൽ ചാരുകസേരയിലിരിക്കുന്നു
മുറ്റത്ത്‌ അവശനായ ജോസഫ്‌ നിൽക്കുന്നു.കേണലിന്റെ കയ്യിലാണ്‌ ഇപ്പോൾ ജോസഫിന്റെ
കഴുത്തിൽ തൂക്കിയിരുന്ന കാർഡ്ബോർഡ്‌.കേണൽ അതിൽ നോക്കി വിഷാദം മറയ്ക്കാനെന്ന
പോലെ പൊട്ടിച്ചിരിക്കാൻ ശ്രമിക്കുന്നു.ചിരിക്കുന്ന കേണലിനെ വെറുപ്പോടെ നോക്കി
നിൽക്കുന്ന ജോസഫിന്റെ മുഖം.അവന്റെ മുഖം നിറയെ ചായവും കരിയും.
കേണൽ:അവരു നിന്നെ ഉപദ്രവിച്ചോ?
ജോസഫ്‌ ഒന്നും മിണ്ടിയില്ല
കേണൽ വീണ്ടും ബോർഡിൽ തന്നെ നോക്കിയിരുന്നു ചിരിക്കുന്നു
കേണൽ:"കേണൽ ഭൂതം"
കേണൽ അതുമായി അകത്തേക്ക്‌ നടക്കാൻ തുടങ്ങുമ്പോൾ നോക്കി നിൽക്കുന്ന
ജോസഫ്‌.കേണൽ വാതിൽക്കലോളം എത്തി തിരിഞ്ഞു നോക്കി
കേണൽ:"കുളിച്ച്‌ വല്ലതും തിന്നോണ്ട്‌ കിടന്നുറങ്ങിക്കോ..ക്ഷീണം മാറും..എനിക്കൊന്നും വേണ്ട"
ജോസഫിന്റെ മുഖം
കേണൽ നടന്നു തുടങ്ങി വീണ്ടും നിന്ന്‌:"വാങ്ങിവച്ച പുതിയ ഡ്രെസ്സൊക്കെ നിനക്കുവേണമെങ്കിൽ എടുത്തോ"
നിർവികാരനായിത്തന്നെ കേണലിനെ നോക്കി നിൽക്കുന്ന ജോസഫ്‌.അവൻ മുഖത്തെ കരി
തുടച്ചുകൊണ്ട്‌ തിരിഞ്ഞു നടന്നു ഇരുട്ടിലേക്ക്‌ മറഞ്ഞു.
ഫെയ്ഡ്‌ ഔട്ട്‌

സീൻ-25
ഫെയ്ഡ്‌ ഇൻ
പുഴക്കടവ്‌ പകൽ
കുട്ടികൾ ചൂണ്ടലിടുകയാണ്‌ കുട്ടികളുടെ നിഴൽ വെള്ളത്തിൽ കാണാം..
പെൺകുട്ടി:പാവമായിപ്പോയെടാ..
അയ്യപ്പൻ:അയ്യോടാ..ഈ പെണ്ണിനെന്താ ആ ഒടിഞ്ഞിൽ ജോസപ്പിന്റൂടി ഇത്ര ഇഷ്ടം?
പെൺകുട്ടി:നിനക്കൊക്കെ കിട്ടും..
ആന്റോ:ഓ..
ഒരു കുട്ടി:ആ കെളവൻ വരും ചോദിക്കാൻ സൂക്ഷിച്ചോ
ആന്റോ:ഓ പിന്നെ അയാളിങ്ങു വരട്ടെ അയാളെ എനിക്കു കിട്ടണം
പെൺകുട്ടി:ചുമ്മാ കടുവറക്കണ്ടേല്ലടാ..ആന്തപ്പാ..അയാളെ കണ്ടാൽ നീ പറക്കും.
ആന്റോ:(അവളെ കളിയാക്കിക്കൊണ്ട്‌)ഓ..വറക്കും
പെൺകുട്ടി അവനെ പുഴയിലേക്ക്‌ തള്ളിയിട്ടു"പോടാ കോന്തപ്പ"കുട്ടികൾ കൂക്കി
വിളിച്ചു.ആന്റോ വെള്ളത്തിലൊന്നു മുങ്ങിപ്പൊന്തി.അവന്റെ നോട്ടത്തിൽ കേണൽ നടന്ന്‌
വരുന്നു.
?ഓടിക്കോ? അവൻ കരയിൽ വലിഞ്ഞുകയറി മറ്റുകുട്ടികളും അയാളെ കണ്ടു
?ഭൂതം വരുന്നേ? അവർ ഓടിപ്പോയി
കേണൽ ഓടുന്ന കുട്ടികളെ നോക്കി അവിടെത്തന്നെ നിന്നു.കുട്ടികൾ ഓടി മറഞ്ഞു.അയാൾ
സാവധാനം നടന്ന്‌ പുഴയിൽ കുട്ടികൾ ഇരുന്ന തിട്ടിൽ ഇരുന്നു.പുഴയിൽ അയാളുടെ മുഖം
കാണാം..പ്രതി ബിംബം ഓളങ്ങളിൽ ഇളകുന്നു.അയാൾ അത്‌ തകർത്തുകൊണ്ട്‌ ഒരു കുമ്പിൾ
വെള്ളം കോരി മുഖത്തു വീഴ്ത്തി.കേണലിന്റെ നനഞ്ഞ മുഖത്ത്‌ വിഷാദം നിറഞ്ഞ്‌
നിൽക്കുന്നു.
ഡിസോൾവ്‌

സീൻ-26
കേണലിന്റെ വീട്‌
രാത്രി/ഇന്റീരിയർ
കിടപ്പുമുറിയിലെ കസേര നിലക്കണ്ണാടിക്കു മുന്നിലേക്ക്‌ തിരിച്ചിട്ട്‌ നോക്കിയിരിക്കുന്ന
കേണൽ.ദൂരെ എവിടെയോ നിന്ന്‌ ഒരു കരോളിന്റെ ശ ബ്ദം കേൾക്കുന്നു.കേണൽ എണീറ്റ്‌
ജനാലയുടെ അടുത്തെക്ക്‌ പോയി നോക്കി..ദൂരെ നിന്നും കുട്ടികളുടെ കരോൾ വരുന്നത്‌
കാണാം.കേണൽ വേഗം ഒരു പെട്ടിക്കുള്ളിൽ നിന്നും സാന്താക്ലോസിന്റെ മുഖം മൂടി
കയ്യിലെടുത്ത്‌ മുറി വിട്ട്‌ ഗോവണിയിറങ്ങി...
കട്ട്‌

സീൻ-27
രാത്രി,നിരത്ത്‌
കുട്ടികളുടെ കരോൾ,സാന്താക്ലോസ്‌ നൃത്തം ചെയ്യുന്നു..ജിംഗിൾ ബെൽസ്‌ എന്ന പാട്ട്‌..ചെറിയ
ബാൻഡ്‌ വാദ്യം, ഫ്ലൂട്ട്‌ ഒക്കെയുണ്ട്‌.ഒരു നക്ഷത്രത്തിനുള്ളിൽ മെഴുകുതിരി
കൊളുത്തിവച്ചിട്ടുണ്ട്‌.അതുമായി ഒരുവൻ മുന്നിൽ.രണ്ടുമൂന്ന്‌ പെറ്റ്രോ മാക്സ്‌..കുട്ടികളുടെ
മുഖങ്ങൾ.വീടിന്റെ ഗേറ്റിനരികെ കരൊളിന്റെ നേരേ നോക്കി കേണൽ നിൽക്കുന്നു.അയാൾ പിന്നിൽ ആ മുഖം മൂടി പിടിച്ചിട്ടുണ്ട്‌.കരോൾ അടുത്തെത്താറായി.കേണൽ മുഖം മൂടി എടുത്തുനോക്കി വീണ്ടും പിന്നിൽ പിടിച്ചു.കരോളിന്റെ വെളിച്ചം ഇപ്പൊൾ കേണലിന്റെ മുഖത്ത്‌ വീഴുന്നു.കരോൾ കേണലിന്റെ വീട്ടിലേക്ക്‌ തിരിയാതെ കടന്നുപോകുന്നു..കേണലിന്റെമുഖം..അരണ്ട വെളിച്ചം മാറിമാറി വന്നു വീണു കൊണ്ടേയിരിക്കുന്നു.
ഫെയ്ഡ്‌ ഔട്ട്‌

സീൻ-28
കേണലിന്റെ വീട്‌
രാത്രി /ഇന്റീരിയർ
രാത്രി മുകളിലത്തെ നിലയിലെ മുറിയിലിരുന്ന്‌ നിലക്കണ്ണാടിക്ക്‌ നേരേ കസേര തിരിച്ചിട്ടിരുന്ന്‌
പ്രതിബിംബത്തെ നോക്കി പിറുപിറുക്കുകയും വീഞ്ഞുകുടിക്കുകയും ചെയ്യുന്ന
കേണൽ.മുറിയിലാകെ ഊതി വീർപ്പിച്ച ബലൂണുകളും മിഠായികളും സാന്താക്ലോസിന്റെ
വേഷവുമൊക്കെ ചിതറി കിടക്കുന്നു. അഗാധമായ ദുഃഖം നിറഞ്ഞ മുഖത്തോടെ പ്രതിബിംബത്തെ നോക്കി പുശ്ചത്തോടെ ചിരിക്കുന്ന കേണൽ
കേണൽ :"ഹാപ്പി ക്രിസ്മസ്സ്‌ കേണൽ"
പ്രതി ബിംബം അത്‌ പ്രതിവചിക്കുന്നപോലെ അയാൾക്ക്‌ തോന്നുന്നു.മിഴിച്ചുനോക്കിക്കൊണ്ട്‌
ഭാവം മാറ്റി കേണൽ പൊട്ടിച്ചിരിക്കുന്നു
കേണൽ :"ഹ ഹ ഹ..ആർ യൂ അലോൺ..ഡോണ്ട്‌ വറി..ഐ..ആം. ടൂ?."
കണ്ണാടിയിലെ പ്രതിബിംബം
കേണൽ മദ്യ ലഹരിയിൽ കണ്ണടച്ചിരിക്കുന്നു.സാവധാനം കണ്ണുതുറന്ന്‌ കണ്ണാടിയിൽ നോക്കി
കേണൽ :സോറി ഐ ആം ..സോറി"
അതു തന്നെ പ്രതിവചിക്കുന്ന പ്രതി ബിംബം
കേണൽ കണ്ണാടിയിലേക്ക്‌ മുഖമടുപ്പിച്ച്‌ പ്രതി ബിംബത്തെ നോക്കി വിതുമ്പാൻതുടങ്ങി.. കരയുന്ന തന്റെ മുഖം കണ്ണാടിയിൽ കാണുമ്പൊൾ കേണലിനുസഹിക്കുന്നില്ല.അയാൾ പ്രതി ബിംബത്തെ ആശ്വസിപ്പിക്കുന്നു
കേണൽ :ഡോണ്ട്‌ ക്രൈ..ബീ..എ ജെന്റിൽ മാൻ സോൽജിയർ..ശ്‌ .."
കേണലിന്‌ പക്ഷേ കരച്ചിലടക്കാൻ കഴിയുന്നില്ല.കണ്ണീരണിഞ്ഞ തന്റെ മുഖത്തിന്റെ പ്രതി
ബിംബം അയാളെ അസ്വസ്ഥനാക്കുന്നു.അലറിക്കൊണ്ട്‌ മുന്നോട്ടായുന്ന കേണൽ
കേണൽ :കാണ്ട്‌ യൂ ഹിയർ..? ഡോന്റ്‌ ക്രൈ.."
അതു തന്നെ തിരിച്ചു പറയുന്ന പ്രതി ബിംബത്തിന്റെ പ്രവർത്തി കേണലിനെ ചൊടിപ്പിച്ചു. നിയന്ത്രിക്കാനാവാത്ത കോപത്തോടെ അലറിക്കൊണ്ടെണീൽക്കുന്ന കേണൽ വീഞ്ഞുകുപ്പി യെടുത്ത്‌ കണ്ണാടി അടിച്ചു പൊട്ടിച്ചു
കേണൽ : യൂ.. ഡേർട്ടി ഓൾഡ്‌ മാൻ.."
ഒരു കരിങ്കൽ പ്രതിമ പോലെ നിശ്ചലനായി കുറേ നേരം നിന്നശേഷം കേണൽ സാവധാനം
കസേരയിലേക്ക്‌ വീണ്‌ തലചെരിച്ച്‌ കിടന്നു.ദൂരെ നിന്നും ക്രിസ്മസ്‌ ആഘോഷത്തിന്റെ ശ ബ്ദങ്ങൾ.കേണൽ ജനാലയിലേക്ക്‌ നോക്കുന്നു.ജനാലയിലൂടെ അകലെ നക്ഷത്രവിളക്കുകളുടെ വെളിച്ചവും പൂത്തിരികളുടെ വർണ്ണജാലവും കിടന്ന കിടപ്പിൽ കാണാം.അതു നോക്കിയിരിക്കവേ കേണലിന്റെ ചുണ്ടിൽ ഒരു ഗാനമുണർന്നു
കേണൽ : ആവാരാ..ഹൂം..
കേണലിന്റെ മുഖത്ത്‌ വിയർപ്പു തുള്ളികൾ.തലചെരിച്ച്‌ കാമറയിലേക്ക്‌ നോക്കിക്കൊണ്ട്‌
കസേരയിൽ ചാഞ്ഞ്‌ കിടക്കുന്ന കേണൽ.അങ്ങിനെ തന്നെ കിടന്ന്‌ കണ്ണുകൾ
അടയുന്നു...ചുണ്ടുകൾ ചലിക്കുന്നുണ്ട്‌...
ദൃശ്യം ഫെയ്ഡ്‌ ഔട്ട്‌?

സീൻ-29
ക്രിസ്തുമസ്‌ നാളിലെ പ്രഭാതം.കോളനിത്തെരുവ്‌
മഞ്ഞിലൂടെ പ്രകാശം അരിച്ചിറങ്ങുന്നു.നീണ്ട തെരുവിനിരുവശവും തിങ്ങി ഞെരുങ്ങിയ
വീടുകൾ. ദൂരെയായി പള്ളിയുടെ തലയെടുപ്പ്‌.ഫ്രെയിമിൽ ഔട്ട്‌ ഓഫ്‌ ഫോക്കസ്‌ ആയി
കുട്ടികളുണ്ടാക്കിയ പുൽക്കൂടിന്റെ ഭാഗം കാണാം അതിൽ മഞ്ഞ്‌ തുള്ളികൾ
തിളങ്ങുന്നു.തെരുവിൽ ഒന്നു രണ്ട്‌ പട്ടികളും കാക്കകളും മുറ്റം വൃത്തിയാക്കുന്ന സ്ത്രീകളും
മാത്രം.തെരുവിന്റെ അങ്ങേത്തലക്കൽ ഒരു രൂപം പ്രത്യക്ഷപ്പെടുന്നു.ഒരു സാന്താക്ലോസ്‌.ആ രൂപം വേച്ച്‌ വേച്ച്‌ അടുത്തേക്ക്‌ വരുന്നു.മുറ്റം വൃത്തിയാക്കിയിരുന്ന ഒരു പെൺകുട്ടി നിവർന്ന്‌ നോക്കുമ്പോൾ അയാളെ കണ്ട്‌ സ്തബ്ധയായി. അടുത്ത നിമിഷം അവൾ വീടിനുള്ളിലേക്ക്‌ കയറിയോടി. സാന്താ അടുത്തേക്ക്‌ നടന്ന്‌ വരുകയാണ്‌.വീടിനകത്തേക്ക്‌ കയറിപ്പോയവൾ ഒരു പയ്യനേയും വിളിച്ച്‌ പുറത്തേക്കിറങ്ങിയോടിവന്നു.അവൻ കണ്ണു തിരുമ്മി നോക്കിയപ്പോൾ സാന്താ കീശയിൽനിന്നും ഒരുപിടി മിഠായി വാരി അവനു നേരേ നീട്ടി.അവൻ അതു വാങ്ങി.
അവൻ വിളിച്ചുകൂവി : സാന്താക്ലോസ്‌ വരുന്നേ
വീടുകളിൽ നിന്നും കുട്ടികൾ ഇറങ്ങിയോടിവരുന്ന ദൃശ്യങ്ങൾ സ്ത്രീകളും പുരുഷ?​‍ാരും
വാതിൽക്കൽ വന്ന്‌ മിഴിച്ചു നിൽക്കുന്നു.നിമിഷങ്ങൾക്കകം അതൊരു ഘോഷയാത്രയായി.
കുട്ടികൾ കയ്യിൽ കിട്ടിയതൊക്കെ വാദ്യങ്ങളാക്കി സാന്തായ്ക്ക്‌ പിറകേ കൂടി.സാന്താ
കുട്ടികളുടെ ഒരു പടയെ നയിച്ചുകൊണ്ട്‌ പോകുന്നു..
കുട്ടികളുടെ പാട്ട്‌ : ജിംഗിൾ ബെൽ..ജിംഗിൾ ബെൽ.."
ഡിസോൾവ്‌





സീൻ-30
കേണലിന്റെ വീടിന്റെ ഗേറ്റ്‌
പ്രഭാതം
സാന്താക്ലോസും കുട്ടികളും കേണലിന്റെ വീടിലേക്കുള്ള വഴിയിൽ.വീടിന്റെ ഗേറ്റ്‌ തുറന്ന്‌
കിടക്കുന്നു.സാന്താക്ലോസ്‌ ഗേറ്റിനുള്ളിലേക്ക്‌ നടക്കുമ്പോൾ വാദ്യഘോഷവും പാട്ടും
നിലച്ചു.സാന്താ അവരെ തിരിഞ്ഞു നോക്കി കുട്ടികൾ നിശബ്ദരായി നിൽക്കുകയാണ്‌.
സാന്താ കൈകാട്ടി വിളിച്ചു
ഒരു കുട്ടി:ഇത്‌ കേണലിന്റെ വീടാ..ഞങ്ങളെയിഷ്ടമല്ല
സാന്താ തളർന്ന പോലെ മുന്നോട്ട്‌ വന്ന്‌ കുട്ടികളുടെ ചുമലിൽ കയ്യിട്ട്‌ നടക്കാൻ
ശ്രമിച്ചു.കുട്ടികൾ കുതറി മാറി
കുട്ടികളിലൊരാൾ:കേണൽ ഭയങ്കരൻ ഭൂതമാ..ആരും അങ്ങോട്ട്‌ ചെണ്ടല്ലുന്നതിഷ്ടമല്ല.
കേണൽ ഒരു നിമിഷം നിർന്നിമേഷനായി നിന്ന ശേഷം വേച്ച്‌ വേച്ച്‌ അകത്തേക്ക്‌ നടക്കാൻ തുടങ്ങി.
ഭയന്ന പോലെ കുട്ടികളിലൊരാൾ: സാന്താക്ലോസേ..കേണൽ ഭയങ്കരനാ..കയ്യിൽ വലിയൊരു
തോക്കുണ്ട്‌..അങ്ങാട്ട്‌ പോകണ്ട..
സാന്താക്ലോസ്‌ കുട്ടികൾക്ക്‌ നേരേ തിരിഞ്ഞ്‌ കുപ്പായത്തിന്റെ കീശയിൽ നിന്നും ഒന്നുരണ്ട്‌
മിഠായി തപ്പിപ്പെറുക്കി അവരെ കാണിച്ചുകൊണ്ട്‌ മാടി വിളിക്കുന്നു.കുട്ടികൾ അനങ്ങുന്നില്ല. സാന്തായുടെ നിവർത്തിയ കൈവെള്ളയിൽ നിന്ന്‌ മിഠായികൾ ഊർന്നുവീണു..സാന്താ നിരാശയോടെ നടന്നു..കുട്ടികളുടെ സംഭീതമായ മുഖം.
കട്ട്‌

സീൻ-31
കേണലിന്റെ വീട്‌/ഇന്റീരിയർ
സാന്തായായി വേഷമിട്ട കേണൽ മുറിയുടെ കോവണി കയറി വരുന്നു.ഇപ്പോൾ മുഖം മൂടി
കേണലിന്റെ നെഞ്ചോട്‌ ചേർത്ത്‌ പിടിച്ചിട്ടുണ്ട്‌.കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്‌.അയാൾ
വേച്ച്‌ വേച്ച്‌ ഗോവണി കയറി.ജനാലയ്ക്കടുത്തെത്തുമ്പോഴേക്കും വീണ്ടും മുഖം മൂടി
വച്ചു.പുറത്ത്‌ കുട്ടികൾ ആകാംശയൊടെ നിൽക്കുകയാണ്‌.അവരുടെ മുഖത്ത്‌ ഭയവും ദുഃഖവും
ഒക്കെയുണ്ട്‌. കുട്ടികളുടെ കാഴ്ചപ്പാടിൽ ജനാലയിലൂടെ അവരെ നോക്കുന്ന സാന്താ. കേണൽ ജനാലയ്ക്ക്‌ പുറം തിരിഞ്ഞ്‌ നിന്ന്‌ മുഖം മൂടി ഇളക്കി വീണ്ടും നെഞ്ചോട്‌ ചേർത്തു.പിന്നീട്‌ അത്‌ താഴേക്ക്‌ വലിച്ചെറിഞ്ഞ്‌ കസേരയിലേക്ക്‌ വന്ന്‌ വീണു. മുഖം മൂടി മുകളിൽ നിന്നും കുട്ടികൾ നിൽക്കുന്നതിന്‌ കുറച്ച്‌ മുന്നിലായി വന്നു വീണു.കുട്ടികൾ പരസ്പരം നോക്കി.ഒരുവൻ മുന്നോട്ട്‌ വന്ന്‌ അതെടുത്ത്‌ നോക്കി അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്‌ അവൻ അതെടുത്തുയർത്തി ഓടാൻ തുടങ്ങി
ഓട്ടത്തിനിടെ അവന്റെ ശബ്ദം: സാന്തായെ കേണൽ ഭൂതം പിടിച്ചേ..
അവന്റെ പിന്നാലെ ഓടുന്ന കുട്ടികൾ അവരുടെ ഓട്ടത്തിനൊപ്പം ചലിച്ച്‌ കാമറ പകർത്തുന്ന
ദൃശ്യങ്ങൾ..ഇത്‌ തുടക്കത്തിൽ നാം കണ്ട്‌ അതേ ദൃശ്യങ്ങൾ തന്നെനേർത്ത വയലിന്റെ അകമ്പടിയിൽ ആദ്യം കേട്ട കമന്ററി തുടരുന്നു


“ ജീവനു തുല്യം സ്നേഹിച്ച മുഖം മൂടിക്കു പിന്നിൽ അവർ അങ്ങേയറ്റം വെറുക്കുന്ന
കേണലിന്റെ കണ്ണീരൊഴുകുന്ന മുഖമായിരുന്നെന്ന്‌ അവർ ഒരിക്കലും തിരിച്ചറിഞ്ഞില്ല.അവരുടെ
പ്രിയപ്പെട്ട സാന്താക്ലോസിനെ തടവിലാക്കിയ ഭൂതത്താൻ കേണലിനെ അവർ കൂടുതൽ കൂടുതൽ
വെറുത്തു.എണ്ടല്ലാവരും വെറുക്കുന്ന കേണൽ എന്ന ചെകുത്താനെപ്പോലും സ്നേഹിക്കാൻ മനസുള്ള
സാന്തക്ലോസിനെ അവർ കൂടുതൽ കൂടുതൽ സ്നേഹിച്ചു.ഓരോ വർഷവും സ്നേഹത്തിന്റെ ജീവൽ സ്വരൂപമായ സാന്താക്ലോസിനെ അവർ കാത്തിരുന്നു...വർഷം മുഴുവൻ കുട്ടികളുടെ വെറുപ്പേറ്റുവാങ്ങിക്കൊണ്ട്‌ അവർക്കൊപ്പംകേണലും കാത്തിരുന്നു.എല്ലാ ക്രിസ്തുമസ്‌ പുലരിയിലും അൽപ്പ നേരത്തേക്കെങ്കിലും അവർ ജീവനുതുല്യം സ്നേഹിക്കുന്ന സാന്താ ആയി മാറാൻ“

എൻഡ്‌

മുഖമ്മൂടിക്കാലം

അടിക്കുറിപ്പ്:
സങ്കുചിതന്റെ തിരക്കഥ പരോൾ ബ്ലോഗിലിട്ടതുകൊണ്ട് കയ്ക്കുന്നതും മധുരിക്കുന്നതുമായ അനുഭവങ്ങൾ ഉണ്ടായി..മധുരം എന്തെന്നാൽ പരോൾ ചലച്ചിത്രമായി എന്നതാണ്...കയ്പ്പ് വന്നത് പരോൾ കണ്ട ചില പ്രേക്ഷകർ പരോളിന് “മഞ്ചാടിക്കുരു” എന്ന സിനിമയുമായി ഫ്രെയിമുകൾക്ക് പോലും ഉള്ള സാമ്യം പറഞ്ഞപ്പോഴാണ്...പരോൾ കണ്ട എന്റെ ഒരു അടുത്ത സുഹൃത്തായ മാധ്യമപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെ: “എന്തായാലും നിങ്ങൾ എടുത്തത് മഞ്ചാടിക്കുരുതന്നല്ലോ എന്നാൽ പിന്നെ പരോൾ എന്ന് പേരു മാറ്റാൻ പോയതെന്തിന് മഞ്ചാടിക്കുരു എന്ന് തന്നെ ഇട്ടാൽ പോരായോ”...
അയ്യോ അല്ല പരോൾ ബ്ലോഗിൽ വർഷങ്ങൾക്ക് മുന്നേ പ്രസിദ്ധീകരിച്ച തിരക്കഥയാണെന്നൊക്കെ വാദിച്ചു നോക്കിയെങ്കിലും “ഓ...അഞ്ചലീ മേനോന് ബ്ലോഗ് അടിച്ചുമാറ്റിയിട്ടല്ലേ സിനിമയെടുക്കാൻ” എന്നൊരു മറുപടിയായിരുന്നു ഫലം...അതിന്റെ കയ്പ്പ് തൊണ്ടയിൽ ഇരിക്കുമ്പോഴും എന്തിനിത് ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് ചോദിക്കാം...ഉത്തരം സിമ്പിൾ ഇത് അത്ര മഹത്തായ സൃഷ്ടിയൊന്നുമല്ല..പക്ഷേ അടിച്ചുമാറ്റാതെ ഇരിക്കപ്പൊറുതിയേ ഇല്ല എന്നുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വളരെ സൌമ്മ്യമായി,എളിമയോടെ ഒന്നു പറയട്ടെ...ഇവനെ അടിച്ചുമാറ്റിയാൽ വിവരമറിയും..അതിനുള്ള മരുന്നൊക്കെ ഈ എളിയ ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്...

നന്ദി നമസ്കാരം

No comments:

Post a Comment