പിറവി

മുഹമ്മദ് കവിരാജ്


ബിസ്മി ചൊല്ലി
ഒസ്സാത്തിയുടെ കത്തി
എന്റെ മുടി വടിച്ചുകളഞ്ഞു

പുറത്ത് വാഴത്തോട്ടത്തില്‍
എന്റെ പേര് മൂന്നു പ്രാവശ്യം ചൊല്ലി.
മൂരിയുടെ കഴുത്തറുത്ത
അപ്പോള്‍ ചീറ്റിയ ചോരയ്ക്കൊപ്പം
കുടമണികളുടെ മുഴക്കം ഞാന്‍ കേട്ടു.

കാലുകള്‍ മുകളിലേക്കാക്കി
തല ചരിച്ചു കിടക്കുന്ന
അതിന്റെ കണ്ണില്‍
മരക്കൊമ്പത്ത് ഒറ്റയ്ക്കിരിക്കുന്ന
ഒരു കാക്കയെ കണ്ടു
കണ്ണുകള്‍ക്ക് പിന്നില്‍ ഇപ്പോഴില്ല
എന്നറിയാത്തതുപോലെ
അതു കിടന്നു...

വാരിക്കൊടുത്ത
ഓരോ പൊതിച്ചോറിലും
മല്ലിക്കും മുളകിനുമൊപ്പം
ഓരോ വീട്ടിലും രുചിഭേദങ്ങളായി
തിളച്ചുമറിഞ്ഞു

മൂര്‍ദ്ധാവില്‍ നിന്ന് കത്തി താഴോട്ടിറങ്ങുമ്പോള്‍
എന്റെ തലയില്‍ അതിന്റെ ചോര പൊടിഞ്ഞൂ
അപ്പോള്‍ ജനിക്കുന്നതിനു മുന്‍പേ മരിച്ചുപോയ
അമ്മയിമാരുമായി
ഞാന്‍ ഒളിച്ചു കളിക്കുകയായിരുന്നു.

മുകളിലേക്ക് നോക്കുമ്പോള്‍
ഓരോ വീട്ടിലെ ഇറച്ചിപ്പാത്രങ്ങളില്‍ നിന്ന്
മേലോട്ടുയരുന്ന ആവി മേഘങ്ങളായി
ആകാശത്ത് ഒരു മൂരിയുടെ രൂപം തീര്‍ത്തുകൊണ്ടിരുന്നു.


ആ സമയം എന്നെയും വയറ്റിലിട്ട്
എന്റെ ഉമ്മ
അയലില്‍ തുണി ഉണക്കുന്നത്
ഇനിയും ജനിച്ചിട്ടില്ലാത്ത ഞാന്‍ നോക്കിയിരുന്നു

7 comments:

  1. നന്നായി, അവസാന നാല് വരികള്‍ ഞാന്‍ കൊണ്ട് പോകുന്നു!

    ReplyDelete
  2. കവിരാജിന്റെതായി ഞാൻ വായിച്ചതിൽ ഏറ്റവും സ്പർശിച്ച കവിത..

    ReplyDelete
  3. കവിരാജ്,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  4. വായനക്കാര്‍ എന്തുകൊണ്ട് ഈ മനോഹരമായ കവിതയെ കൈവിട്ടുവെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു...

    ReplyDelete
  5. അവസാനത്തെ നാല് വരി ഇതിനെ വിവരണത്തില്‍നിന്ന് കവിതയായി പരിവര്‍ത്തനം ചെയ്തു.
    നല്ലരചന.

    ReplyDelete
  6. Nalla varikal...!

    Manoharam, Ashamsakal...!!!

    ReplyDelete