ഓണപ്പുലരിയില്‍

ചാന്ദ്‌നി

കാറ്റ്‌ മാറ്റിമാറ്റി വരയ്ക്കും
മണൽക്കാഴ്ചകളിലേയ്ക്ക്‌
കണ്ണുകൾ പറിച്ചു നട്ട കാലം മുതൽ

തണ്ടിനും തളിരിനും വിലയിട്ട പൂക്കളെ
തുമ്പയെന്നും മുക്കുറ്റിയെന്നും
വായിച്ചു തളർന്നതാണ്‌

നക്ഷത്രങ്ങൾ പിറക്കാത്ത മാനത്ത്‌
വിളർത്തു നിൽക്കും ചന്ദ്രനെ
'തൂമയെഴും നിലാ'വെന്ന്‌
ചൊല്ലി മടുത്തതാണ്‌

കണ്ണടയ്ക്കും മുൻപേ വരും ഉണർച്ചയിൽ
പലകുറി മുറിഞ്ഞും തിളച്ച്‌ മറിഞ്ഞും
ചോപ്പ്‌ മരവിച്ചതാണ്‌

കടലിനെ കരയെന്ന്‌ വിളിയ്ക്കാൻ
കടം കൊള്ളാതൊരു പുഞ്ചിരി
കരുതണമെന്നും കൊതിച്ചതാണ്‌

വേനൽത്തീയിൽ വെന്തുമലർന്ന
ദേഹത്തിനുള്ളിൽ കത്തും പച്ചയെ,
ചപ്പില പൊതിഞ്ഞ്‌
പാളമൂടി മുഖമെഴുതി
കൊട്ടും താളത്തിലാടി വരും
കുമ്മാട്ടിയെന്ന്‌ കൂടി
പകർത്തി വിളിയ്ക്കുന്നു ഞാൻ.

8 comments:

  1. ലേബര്‍ ക്യാമ്പിന്റെ വടക്കേ മൂലക്കല്‍
    ഒറ്റക്കണ്ണന്റെ വെട്ടത്തില്‍ കൊല്ലത്തിലൊരിക്കല്‍
    ഓക്കാനിക്കാനിരിക്കുന്ന വിജയേട്ടനെ കാണുമ്പോള്‍
    ഞാന്‍ ഓര്‍ക്കും
    ഇന്നു തിരുവോണമാണല്ലോ?

    ഉച്ചക്കുള്ള ഓണസദ്യയുടെ പാര്‍സല്‍
    മൂന്നു മണിക്കെത്തിക്കുന്ന പാവം!
    സല്‍ക്കാരയിലെ ബാഹര്‍വാലയുടെ സ്വാദില്‍
    മനം പിരട്ടുമ്പോള്‍ ഞാന്‍ ഓര്‍ക്കും എല്ലാ
    ആഘോഷങ്ങളുമെന്നെ തനിച്ചാക്കിപ്പോയിട്ടഞ്ചു കൊല്ലമായെന്ന്!
    മാളവികയുടെ വീട്ടില്‍ അവസാനമായിട്ടുണ്ട
    ഓണസദ്യക്കൂട്ടാന്റെ രുചി
    മറക്കാന്‍ കൂട്ടാക്കാത്ത നാവിനു
    കൂട്ടരെ വെറുപ്പിക്കാനേയാവുമെന്നും.....!

    ReplyDelete
  2. ഓണമെന്ന ഗൃഹാതുരതയെ, ചൊല്ലിവിളിച്ച് ആവര്‍ത്തിക്കുന്നു നമ്മള്‍, എല്ലാപ്പച്ചപ്പും അന്യമായിട്ടും, കുമ്മാട്ടിയായി നിലകൊള്ളുന്നു. മനോഹരമായിരിക്കുന്നു.

    ReplyDelete
  3. പച്ചപ്പിന്റെ ആ‍ ഓണക്കാഴ്ച്കകളില്‍ നിന്ന് മണലാരണ്യത്തിലെ വരണ്ട പച്ചയിലേക്കുള്ള ചുവടുമാറ്റം അസഹ്യം..

    എങ്കിലും പച്ചപ്പിന്റെ പ്രതീക്ഷകള്‍ ഉണങ്ങാതിരിക്കട്ടേ.. ആരും ഉണക്കാതിരിക്കട്ടെ..

    എല്ലാവര്‍ക്കും ഓണാശംസകള്‍ :)

    ReplyDelete
  4. കാറ്റ്‌ മാറ്റിമാറ്റി വരയ്ക്കും
    മണൽക്കാഴ്ചകളിലേയ്ക്ക്‌
    കണ്ണുകൾ പറിച്ചു നട്ട കാലം മുതൽ.....

    പരിതാപമെന്തേ?
    -നാട്ടിലെ ഓണത്തേക്കാള്‍ നല്ലത് ഗള്‍ഫിലെ ഓണമാണെന്ന് സ്വയം അറിയുന്നില്ലേ, മനസ്സേ?
    (ഇപ്പഴത്തെ ആഗസ്റ്റ് 15 ഒക്കെ എന്ത് ആഗസ്റ്റ് പതിനഞ്ചാ, ബ്രിട്ടീഷ്കാരടെ കാലത്തെ ആഗസ്റ്റ് പതിനഞ്ചാ ശരിക്കും ഉള്ള ആഗസ്റ്റ് പതിനഞ്ച്....)

    ReplyDelete
  5. നഷ്ടസ്മൃതികളുടെ പൂക്കളം...മനോഹരം..

    (കൈതമുള്ളേ...ചുമ്മാ നാട്ടിലെ ഓണത്തെ ഊതല്ലേ..നാട്ടില്‍ ഓണമില്ല എന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് കൊറെ കാലമായി..:) ഗൃഹാതുരത്വത്തെ പടിയിറക്കിയിട്ട് പുതിയ ട്രെന്‍ഡ് ഇപ്പോ ഇതായി...:) )

    ReplyDelete
  6. മനസ്സില്‍ വാട്ടം തട്ടാതെ നുള്ളി നോവിക്കാതെ കൊണ്ടു നടന്നിരുന്ന ഒരു കുടന്ന മുക്കുറ്റിപ്പൂ ഉണ്ടായിരുന്നു. ഈ ചുട്ടുപഴുത്ത മണലില്‍ അതു തട്ടിമറിച്ച് ചവിട്ടിയകന്നപ്പോള്‍ ചന്ദ്രക്ക് സമാധാനമായില്ലെ...
    എനിക്കും.

    -സുല്‍

    ReplyDelete
  7. ബ്ലോഗിനു തീ പിടിക്കുമ്പോൾ..

    ReplyDelete
  8. ചാന്ദ്നി,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.ഇതു വായിച്ചപ്പോഴാണ് ഞാന്‍ അടുത്തിടെ എഴുതിയ ഈ കവിത ഓര്‍ത്തത്.ഇതും ഒരു പ്രവാസിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്

    ReplyDelete