
ലേഖാ വിജയ്
നടുവില്‍ മിന്നലുപോലെ ഇടവിട്ടിട വിട്ടാണ് വേദന.രണ്ട് ദിവസമായി.ഡോക്ടര്‍
പറഞ്ഞ ദിവസമായിട്ടില്ല.അതിനു ഇനിയുമുണ്ട് പത്ത് ദിവസം.ഇന്നലെ രാത്രിയിലും
കൂടി കേട്ടു തൊട്ടപ്പുറത്തെ ലേബര്‍ റൂമില്‍ അലറിക്കരച്ചില്‍.ഞാന്‍ അങ്ങനെ
കരയുകയൊന്നുമില്ല.നാളെക്കൂടി നോക്കിയിട്ട് സിസേറിയന് ആവാമെന്നു ഡോക്ടര്‍
പറഞ്ഞു.അടുത്ത ബെഡിലെ പെണ്‍കുട്ടിക്കും കടിഞ്ഞൂല്‍ പ്രസവം ആണ്.അവള്
ഇന്നിപ്പോള്‍ വന്നതേയുള്ളൂ.പറഞ്ഞ ഡേറ്റിന് ഒരു ദിവസം മുന്നെ അഡ്മിറ്റ്
ആയതാണ്.വന്നപ്പോള്‍ മുതല്‍ കലപിലാന്ന് വര്‍ത്തമാനമാണ്.ഇടക്കിടെ ഏതോ
താരാട്ടുകള്‍ മൂളുന്നുണ്ട്.എത്ര റിലാക്സ്ഡ് ആണവള്‍.അമ്മയും ഇളയമ്മമാരും
ഒപ്പമുണ്ട്.അവരൊക്കെ ടെന്ഷനില് ആണെന്നു തോന്നുന്നു.ഇടക്കിടെ ഞാന്‍ വേദന
കടിച്ച്പിടിക്കുമ്പോള്‍ സഹതാപത്തോടെ നോക്കുന്നുണ്ട്.ആരുമില്ലേ കൂടെ എന്നു
ചോദിച്ചു അവളുടെ അമ്മ.
ഉണ്ട് അമ്മയുണ്ട്.വീട്ടില്‍ വരെ പോയിരിക്കുന്നു.ഇപ്പോള്‍ വരും എന്നു പറഞ്ഞു.
അമ്മയോട് സഹതാപം തോന്നി.എന്തു ജോലികള്‍ ആണ് പാവത്തിനു.പശുവും കോഴികളും ഒക്കെയുണ്ട്.
പുലര്‍ച്ചെ മുതല്‍ ഇരുട്ടും വരേക്കും.പണ്ടൊന്നും അങ്ങനെ
തോന്നിയിട്ടില്ല. വീട്ടുജോലികളില്‍
ഒരു കൈ സഹായിക്കുമായിരുന്നില്ല.അഛന് വീട്ടിലുള്ളപ്പോഴാണെങ്കില്‍ അഛനോട്
വര്‍ത്തമാനം പറഞ്ഞിരിക്കും.അനിയനോട് വഴക്കടിക്കും.ഈ തേങ്ങ ഒന്നു
ചുരണ്ടിത്തരൂ മോളെ എന്നു പറയുമ്പോള്‍ പുസ്തകം കയ്യിലെടുക്കും.നോക്കൂ
അച്ഛാ പഠിക്കാന്‍ സമ്മതിക്കില്ല അമ്മ എന്നു പരാതി പറഞ്ഞ് , അഛന് അമ്മയെ
വഴക്കു പറയുന്നതു കേട്ട് സന്തോഷിക്കുമായിരുന്നു.അമ്മയോട് എപ്പോഴും ഒരു
റിബലിനേപ്പോലെ ; അഛനോട് ലിബറലും.നീയെന്താ ഇങ്ങനെ എന്നു അമ്മ എപ്പോഴും
സങ്കടപ്പെടുമായിരുന്നു.അഞ്ച് വയസ്സുവരെ വളര്‍ത്തിയതു ഇളയമ്മ
ആയിരുന്നു.അതുകൊണ്ടാവണം അമ്മയോട് മനസ്സുകൊണ്ട് അടുക്കാനേ
കഴിഞ്ഞിട്ടില്ല.അമ്മയെ നിഷേധിക്കുന്നതു ഒരു ഹരമായിരുന്നു.എതിര്വാക്കു
പറഞ്ഞ് വേദനിപ്പിക്കുന്നത് ഒരു രസമായിരുന്നു.സ്കൂളില്‍ പഠിക്കുമ്പോഴാണ്
സന്ധ്യക്കു നാമം ജപിക്കാന്‍ പറഞ്ഞപ്പോള്‍ ഏതു ദൈവം എന്തു ദൈവം എന്നൊക്കെ
ചോദിച്ച് വഴക്കിട്ടത്.ദൈവ നിഷേധി എന്നൊക്കെ പറഞ്ഞ് എത്ര അടിയാ
കിട്ടിയത്.അമ്മ അടിച്ച അടികളെല്ലാം ഓര്‍ത്തിരിക്കുന്നു.എത്ര ഉമ്മകള്‍
തന്നിട്ടുണ്ട് അമ്മ .ഓര്‍മ്മയില്ല.
ചേച്ചീടെ അമ്മ രാവിലെ പോയിട്ട് ഇതുവരെ വന്നില്ലെ?ഉച്ചയൂണിനു ശേഷം
കഴിക്കാനുള്ള മരുന്നുമായി വന്ന നഴ്സ് ചോദിച്ചു.
ഇല്ല വന്നില്ല.
സങ്കടം വന്നു.
ഇപ്പൊ വേദന എങ്ങനെയുണ്ട്?
ഇടക്കിടെ വേദനയുണ്ട്.
ചേച്ചി ഇങ്ങനെ ഒരേ കിടപ്പു കിടക്കാതെ ഈ വരാന്തയിലൂടെ ഇറങ്ങി നടക്കൂ.
ഞാന്‍ പിടിക്കണോ?
മെഴ്സി എന്നാണോ പേരു? ഞാന്‍ ചിരിച്ചു.
അല്ലല്ലൊ സിന്ധുഎന്നാണ്. അവളും ചിരിച്ചു.
ചേച്ചി മെല്ലെ എഴുന്നേല്ക്കൂ.അവള് കൈ താങ്ങി.
എഴുന്നേല്ക്കുമ്പോള് തല ചുറ്റി.
തല ചുറ്റുന്നു വയ്യെന്നു പിന്നെയും കിടക്കയിലേക്കു ചാഞ്ഞു.
അമ്മ ഒരു വലിയ ടിഫിന്‍ കാരിയറില്‍ ഉച്ചയൂണുമായി കയറിവന്നു.
അമ്പേ! നാണക്കേടു തോന്നി.ചെറിയ പാത്രമൊന്നും ഉണ്ടായിരുന്നില്ലേ വീട്ടില്‍
അടുത്ത ബെഡിലെ പെണ്‍കുട്ടിയും അവളുടെ അമ്മയും കൌതുകത്തോടെ
നോക്കുന്നു.അവളുടെ ഇളയമ്മമാരെല്ലാം പോയോ?അമ്മ വന്നല്ലോ ഇനി ഞാന്‍ പോട്ടെ
എന്നു പറഞ്ഞു ചിരിച്ച് സിന്ധുവും പോയി.
ന്താമ്മേ വൈകീത്?
അച്ഛന് കുളിമുറിയില്‍ കാല് വഴുതി വീണു.
എന്തെങ്കിലും പറ്റിയോ?
ഇല്ല ഭാഗ്യം.ഭഗവതി കാത്തു.അമ്മയ്ക്ക് എപ്പോഴും മുന്‍ ഗണന അച്ഛന്റെ
കാര്യങ്ങളാണ് എന്നു വഴക്കടിക്കണമെന്നു തോന്നി.അപ്പുറത്തെ ബെഡിലെ
പെണ്‍കുട്ടിയേയും അമ്മയേയും ഓര്‍ത്ത് അടക്കി. അമ്മ പ്ലേറ്റും ഗ്ലാസും
കഴുകി വന്നപ്പോള്‍ അവരോട് കുശലം ചോദിച്ചു ; കഴിക്കുന്നോ?
ഏയ് എന്നു ചിരിച്ചുകൊണ്ട് തലവെട്ടിച്ചു അമ്മയും മകളും.ആശുപത്രി മണത്തിലിരുന്നു
കഴിക്കുന്നതിഷ്ടമല്ല.അമ്മ മുളകും ഉള്ളിയുമൊക്കെ വെളിച്ചെണ്ണയില്‍ വഴറ്റി
ചമ്മന്തി ഉണ്ടാക്കികൊണ്ട് വന്നിരുന്നു.പിന്നെയും എന്തൊക്കെയോ..
ഒന്നും കഴിക്കാന്‍ തോന്നിയില്ല.വെറുതെ ചമ്മന്തി വിരല്‍ കൊണ്ട് തൊട്ടു
നക്കി.അപ്പുറത്തെ ബെഡിലേക്കു ഒളികണ്ണിട്ട് നോക്കി.രണ്ട്പേരും ഞാന്‍
കഴിക്കുന്നത് നോക്കിയിരിക്കുന്നു.അമ്മ അവരുമായി പരിചയത്തിലായി.
വീട്ടുവിശേഷങ്ങള്‍ പറയാന്‍ തുടങ്ങി.എന്നാ ഡേറ്റ്? അമ്മ
എല്ല ഗര്‍ഭിണികളോടും ചോദിക്കുന്ന പതിവു ചോദ്യം ചോദിക്കുന്നു.
നാളെയാ.അസുഖമൊന്നുമില്ല.വീടു കുറച്ചു ദൂരെ ആയതുകൊണ്ട് ഒരുദിവസം
നേരത്തെ ഇങ്ങു പോരുന്നു.
പപ്പക്കു വേദന തുടങ്ങിയിട്ട് കൊണ്ടു വന്നതാ.ഇടക്കിടെ വേദനയുണ്ട്.സ്കാന്‍
ചെയ്തിട്ട് കുഴപ്പമൊന്നുമില്ലെന്നാ ഡോക്ടര്‍ പറഞ്ഞത്.
മറ്റുള്ളവരോട് പറയുമ്പോള്‍ ഈ അമ്മയ്ക്ക് പത്മ എന്നു പറഞ്ഞൂടെ.ദേഷ്യം
വന്നു.കുറേനേരമായി കാലുമടക്കിയിട്ടിരുന്നു പെരുത്തുപോയി
കാലുകള്‍.നീട്ടിവക്കാന്‍ നോക്കുമ്പോള്‍ വേദനിച്ചു.അമ്മ കാലു തടവുമ്പോഴും
അവരോട് സംസാരിച്ഛു കൊണ്ടിരുന്നു.അമ്മയുടെ കൈകള്‍ ആകെ
തണുത്തിരിക്കുന്നു.തടവിയിട്ട് ഒരു സുഖം തോന്നുന്നില്ല.ഉയര്‍ത്തിവച്ച
തലയണയില്‍ ചാരി കണ്ണുകളടച്ഛിരുന്നു.ഹരിയേട്ടന് ഇന്നിതുവരെ
വിളിച്ചില്ലല്ലൊ എന്നോര്‍ത്തു.ഫീല്‍ഡ് വര്‍ക്കിലാവും.വയറിനുള്ളില്‍
അനക്കങ്ങള്‍ നന്നായറിയാന്‍ കഴിയുന്നുണ്ട്.ഒന്നു കഴിഞ്ഞു
കിട്ടിയിരുന്നെങ്കില്‍.മൂന്നാം മാസത്തില്‍ ഒരു സ്കാനിങ്ങ്
ഉണ്ടായിരുന്നു.അന്നു ഡോക്ടറോട് ചോദിച്ചതാ
കുഞ്ഞ് ആണോ പെണ്ണോ എന്നു.പറഞ്ഞില്ല അയാള്‍.പറയാന്‍ പാടില്ലാത്രെ.ആണായാലും
പെണ്ണായാലും ഒരേപോലെ എന്നൊക്കെ പറഞ്ഞാലും മകന് മതിയെന്നാണെനിക്ക്.ഒരു
ഏട്ടനില്ലാത്തതിന്റെ സങ്കടങ്ങള്‍ പലപ്പോഴും അനുഭവിച്ചിട്ടുണ്ട്.ആദ്യം
മകന് പിന്നെ മകള്‍ അങ്ങനെ മതി.ഓരോന്നാലോചിച്ച് ഉറങ്ങിയെന്നു
തോന്നുന്നു.അമ്മയുടെ കരച്ചില് കലര്‍ന്ന ശബ്ദം കേട്ടാണുണര്‍ന്നത്.കഥ
പറഞ്ഞു പറഞ്ഞു കരച്ചിലിന്റെ വക്കോളം എത്തിയിരിക്കുന്നു.ഈ അമ്മേടെ ഒരു
കാര്യം.ആരെയെങ്കിലും കാണുമ്പോള്‍ കരഞ്ഞു വിങ്ങലൊഴിക്കാന്‍ മാത്രം എന്തു
സങ്കടമാ അമ്മയ്ക്കുള്ളത്.
കണ്ണടച്ചു ഉറക്കം നടിച്ചു.
അമ്മ പറയുകയാണ്..
ഒന്നും പറയേണ്ട ശ്യാമളേ വല്ലാത്തൊരു കഷ്ടപ്പാടായിരുന്നു അന്നൊക്കെ.
അന്ന് അടിക്കാനും തുടക്കാനും അരയ്ക്കാനും തുണികള്‍ കഴുകാനുമെല്ലാം ഞാനൊരു
മെഷീനേ ഉള്ളൂ.പപ്പക്കു ഒരു വയസ്സുള്ളപ്പോള്‍ പിന്നേം ഗര്‍ഭിണിയായി.
കുഞ്ഞിനെ നോക്കണം.എല്ലാ ജോലികളും ചെയ്യണം.ഇവളുടെ അഛമ്മ
വരാന്തയില്‍ കാലുനീട്ടിയിരുന്നു ഗീത വായിക്കുകയേ ഉള്ളൂ.ഒരു ദിവസം
നോക്കുമ്പോഴുണ്ട് കുഞ്ഞു കിണറിന്റെ വക്കത്ത് ഇരിക്കുന്നു.തറനിരപ്പായിരുന്നു കിണര്‍.
പതിയെ പിന്നിലൂടെ ചെന്നു വലിച്ചെടുത്തു.അന്നു എത്രയാ കരഞ്ഞത്.
ഞാനൊന്നു കാണാന്‍ വൈകിയിരുന്നെങ്കില്‍ എന്താകുമായിരുന്നു.ഇപ്പോഴും
ഓര്‍ക്കുമ്പോള്‍ പേടിയാണ്.
അന്നു തന്നെ വീട്ടിലേക്ക് അയല്പക്കത്തുള്ള ചെക്കനെ പറഞ്ഞയച്ച് അനിയത്തിയെ
വരുത്തി.ഗര്‍ഭിണി ആയിരുന്നതിനാല്‍ മുലയൂട്ടാന്‍ പാടില്ലെന്നു ഡൊക്ടര്‍
പറഞ്ഞിട്ടുമുണ്ടായിരുന്നു .അന്നു എന്റെ കുഞ്ഞിനെ അവള് കൊണ്ടു
പോകുമ്പോള്‍ ചങ്കുപൊട്ടിക്കരഞ്ഞു.അവള് സുഖമായിരിക്കട്ടെ എന്നു മാത്രേ
ചിന്തിച്ചിരുന്നുള്ളൂ.ആ കഥയൊക്കെ അവളുടെ അച്ഛമ്മ എന്നെ പ്രതി
ചേര്‍ത്ത് പറഞ്ഞുകൊടുത്ത് എന്റെ കുട്ടി അന്നു മുതല്‍ എന്നെ ശത്രുവിനെ
കാണുമ്പോലെയാണ്..എന്റെ അടഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ കണ്ണീരൊലിച്ചു.കണ്ണു
തുടച്ചു മുരടനക്കി.ഞാനുണര്‍ന്നതറിഞ്ഞപ്പോള്‍ അമ്മ സാരിത്തലപ്പു കൊണ്ട്
കണ്ണുകള്‍ തുടച്ചു.
അപ്പുറത്തെ ബെഡിലെ കേഴ്വിക്കാരിയായ അമ്മ സഹതാപത്തോടെ നോക്കുന്നു;പിന്നെയും.
അവരുടെ മകള്‍ നല്ല ഉറക്കമാണ്.നന്നായി അവള് ഒന്നും കേട്ടില്ലല്ലൊ.
മോള്‍ക്ക് ചായ വേണോ?അമ്മ കാന്റീനില്‍ നിന്നും വാങ്ങിക്കൊണ്ട് വരാം.
വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.ആദ്യം കാണുമ്പോലെ അമ്മയെ നോക്കി കിടന്നു.
എന്തു പറ്റി? വേദനിക്കുന്നുണ്ടോ?എന്താ ഇങ്ങനെ നോക്കണത് എന്നൊക്കെ ചോദിച്ചു അമ്മ.
ഒന്നുമില്ല ഒരു പേടിസ്വപ്നം കണ്ടെന്നു പറഞ്ഞൊഴിഞ്ഞു.
അമ്മയും ആ സ്ത്രീയും ചായവാങ്ങാനായി പോയി.
ഷൈല ഉണര്‍ന്നാല്‍ ഒന്നു പറഞ്ഞേക്കൂ മോളെ എന്നു പറഞ്ഞു അവര്‍.
അഛമ്മ എത്ര കഥകള്‍ പറഞ്ഞു തന്നിട്ടുണ്ട്.രാമായണത്തിലേയും
മഹാഭാരതത്തിലേയും കഥകള്‍ അഛമ്മയാണ് തനിക്കും അനിയനും പറഞ്ഞു
തന്നിട്ടുള്ളത്.ഇടക്കു അമ്മയേക്കുറിച്ചും പറയും.നിന്നെ അമ്മയ്കു
വേണ്ടായിരുന്നു.കൊണ്ടുക്കളഞ്ഞതല്ലേ എന്റെ കുട്ടിയെ.നിന്നെ കൊണ്ടു
പോകുമ്പോള്‍ അഛമ്മ അന്നു വാവിട്ടു കരഞ്ഞു,എന്നൊക്കെ.അഛമ്മ അത്തരം കഥകള്‍
പറയാന്‍ തുടങ്ങുമ്പോള്‍ അനിയന് എഴുന്നേറ്റ് പോകും.അഛമ്മേടെ നൊണക്കഥ
എന്നു പറഞ്ഞിട്ട്.അവനെന്താ അഞ്ചു വയസ്സുവരെ അമ്മേടെ പാലു
കുടിച്ചില്ലേ.അമ്മയെ പിരിഞ്ഞൊറ്റ ദിവസം നിന്നിട്ടുമില്ല.അമ്മയുടെ
സ്നേഹലാളനങ്ങള്‍ കിട്ടാതെ പോയ ഒരു കുഞ്ഞാണ് താനെന്നുള്ള ഓര്‍മ്മ എത്രയോ
കാലം കരയിച്ചിട്ടുണ്ട്.ശൈശവത്തിന്റെ ഓര്‍മ്മകളൊന്നും
ആരിലുമുണ്ടാവില്ല.അത്തരം ഓര്‍മ്മകള്‍ക്കു മീതെ മറവിയുടെ കരിമ്പടം വീണു
പോയിരിക്കുന്നു.ഒന്നു ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍.അമ്മ
കണ്ണുകളിലേക്കു നോക്കി കൊഞ്ചി കൊഞ്ചി വര്‍ത്തമാനം പറഞ്ഞത്,പാലു
തന്നുറക്കിയത്,കണ്ണെഴുതി പൊട്ടുതൊട്ടു തന്നത്..ഒന്നും ഓര്‍മ്മയില്ല.
ചായയുമായി അമ്മയും ഷൈലയുടെ അമ്മയും കയറിവന്നു.അമ്മ കപ്പിലേക്കു ചായ പകര്‍ന്നു.
നോക്ക് പപ്പേ ഈ ശ്യാമള പറഞ്ഞുവരുമ്പോള്‍ നമ്മുടെ ബന്ധുവാ.
ചിരി വന്നു.അമ്മ ബന്ധുത്വവും സ്ഥാപിച്ചിരിക്കുന്നു.എന്തായാലും അമ്മയ്ക്കൊരു
കൂട്ടായി.ഷൈല മൊബൈലില്‍ സംസാരമാണ്.ഭര്‍ത്താവിനോടാകും.കുറേനേരമായി
തുടങ്ങിയിട്ട്.ഈ ഹരിയേട്ടനൊന്നു വിളിച്ചെങ്കില്‍.അവള്‍ക്കിന്നത്തെ ദിവസം
മൂന്നാം തവണയാണ് ഫോണ്‍ വരുന്നതു.അവള് കാണാതെ ഫോണ്‍ കിടക്കയില്‍ വച്ച്
ഒരു മിസ്സ് കാള്‍ കൊടുത്തു.ഇത്തിരി കഴിഞ്ഞപ്പോള്‍ വിളി വന്നു.
പപ്പേ ഞാന്‍ വണ്ടിയിലാണ്.വീട്ടിലെത്തിയിട്ട് വിളിക്കാം.
അങ്ങോട്ടോന്നും പറയാന്‍ കൂടി ഇട കിട്ടിയില്ല.ഇനി വിളിക്കണമെങ്കില്‍
ഇനിയും മിസ്സ്കാള് കൊടുക്കേണ്ടി
വരും.മുറിയില്‍ കയറി ലാപ്ടോപ്പെടുത്താല്‍ കഴിക്കുന്നതും
ഉറങ്ങുന്നതുമെല്ലാം അതിന്റെ മുന്നില്‍ തന്നെ.
അവിടെ ഓരോരുത്തരും അവരവരുടെ ലോകത്താണ്.പരസ്പരം മിണ്ടാട്ടമില്ല.
കഴിക്കാനും അഛനും മകനും അമ്മക്കുമെല്ലാം അവരുടേതായ സമയങ്ങള്‍.
അമ്മ എപ്പോഴും തികഞ്ഞ ഗൌരവത്തില്‍ ആണ്.ആദ്യമൊക്കെ സങ്കടം തോന്നീട്ടുണ്ട്.
എന്താണ് എല്ലാവരുമിങ്ങനെ എന്ന്.വീട്ടിലെ ബഹളം നിറഞ്ഞ അന്തരീക്ഷത്തില്‍
നിന്നും പെട്ടെന്നു
ഒറ്റ്യ്ക്കായതു പോലെ.ചുറ്റുപാടുകളോട് പൊരുത്തപ്പെടാന്‍ വല്ലാതെ ബുദ്ധിമുട്ടി.
ഒരു തരം പ്രവാസ ജീവിതം പോലെ.അല്ലെങ്കിലും മിക്ക പെണ്‍കുട്ടികളും പ്രവാസികള്‍ അല്ലെ?
സ്നേഹത്തിന്റെ പച്ചപ്പില്‍ നിന്നും സ്നേഹരാഹിത്യത്തിന്റെ മണല്‍ക്കാട്ടിലേക്കു
എടുത്തെറിയപ്പെടുന്നവര്‍.ഒരിക്കലും മടക്കയാത്ര ഇല്ലാത്തവര്‍.
ഇപ്പോള്‍ തോന്നുന്നു അമ്മയുടെ ഈ കലപില വര്‍ത്തമാനങ്ങള്‍ ഒരുതരം
രക്ഷപെടല്‍ ആണെന്ന്.ചുറ്റുമുള്ള എന്തിനോടും അമ്മ വായിട്ടലച്ചു.തൊഴുത്തിലെ
പശുവിനോട് അതിന്റെ കിടാവിനോട് അടുക്കളകോണില്‍ പതുങ്ങി ഇരിക്കാറുള്ള
ചക്കിപ്പൂച്ചയോട്,ചെടികള്‍ക്ക് വെള്ളമൊഴിക്കുമ്പോള്‍ അവറ്റകളോട്..
പൂവിടാത്ത ചെടിയെ വഴക്ക് പറഞ്ഞ്, പൂവിട്ടവയെ തലോടി അമ്മ എപ്പോഴും
ഉള്ളിലേക്കൊതുങ്ങാതെ പുറത്തേക്കു പാറി നടന്നു.
എന്താ എപ്പോഴും ഒരേ ചിന്ത എന്നു അമ്മ ഇടയ്ക്ക് കുലുക്കി വിളിച്ചു.
കടിഞ്ഞൂല്‍ അല്ലേ പേടികാണും എന്നു അമ്മയുടെ കൂട്ടുകാരി.
ഏയ് വെറുതേ എന്നു ചിരിവരുത്തി ഞാന്‍.
ആസ്പത്രി വരാന്തയില്‍ ആള്‍ക്കൂട്ടം.ആരോ കരയുന്നുമുണ്ട്.ന്താ അവിടെ?
അമ്മ നോക്കാനോടി.കുറേക്കഴിഞ്ഞ് ഒന്നൂല്ലെന്നു പറഞ്ഞു വന്നു.അമ്മയുടെ മുഖം
കണ്ടാലറിയാം എന്തോ ഉണ്ട്. ഞാന്‍ പേടിക്കുമെന്നു കരുതിപറയാത്തതാണ്.
വയറ്റിലൊരു ഇളക്കം.കുഞ്ഞിക്കാല് കൊണ്ട് കുത്തി മറിയുകയാണോ കണ്ണാ നീ?
അമ്മ കട്ടിലിന്റെ ഓരത്ത് കൈകള്‍ കൂപ്പി പ്രാര്‍ഥിക്കാനായി ഇരിക്കുമ്പോള്‍
ഡോക്ടര്‍ റൌണ്‍സിനായി വന്നു.പത്മേടെ അമ്മ പ്രാര്‍ഥിക്കയാ?
ഡോക്ടര്‍ കുശലം ചോദിച്ചു.അമ്മ ചിരിച്ചു.ഒട്ടും ദൈവ വിചാരമില്ല പപ്പക്കു എന്നു പരാതി
പറയുകയും ചെയ്തു.
ആണോ പപ്പേ? ഡോക്ടര്‍ ചിരിച്ചു.പ്രാര്‍ഥിക്കാന്‍ ഒരു
അമ്മയുള്ളപ്പോള്‍ നിരീശ്വരവാദിയായിരിക്കുക എന്നതു എളുപ്പമുള്ള
കാര്യാണ്.മകളായിരിക്കുക എന്നതു പോലെ എളുപ്പമുള്ള കാര്യം.ഡോക്ടര്‍
ഫിലോസഫിക്ക് ആയി.പത്മേടെ അമ്മ വിഷമിക്കേണ്ട രണ്ട് ദിവസം കഴിയട്ടെ മകള്‍
അവളുടെ കുഞ്ഞിനു വേണ്ടി പ്രാര്‍ഥിക്കാന്‍ തുടങ്ങിക്കൊള്ളും.പത്മേ ഒന്നു
ശ്രദ്ധിച്ചോളൂ ട്ടോ.
ഡോക്ടര്‍ മുന്നറിയിപ്പു തന്നു.
പത്മേടെ അമ്മ ഒക്കെ കരുതിയിട്ടില്ലേ?ഡോക്ടര്‍ ചോദിച്ചു.
ഉവ്വ് ഡോക്ടര്‍.പപ്പയ്ക്കെന്താ സമയമായോ?ഒന്നു കരുതി ഇരുന്നോളൂ പപ്പേടെ
അമ്മേ എന്നു പറഞ്ഞ് ഡൊക്ടര്‍
ഷൈലയുടെ അടുത്തേക്ക് നടന്നു.അമ്മ മൊബൈലില്‍ അഛന്റെ നമ്പര്‍ ഡയല് ചെയ്തു വാങ്ങി.
വീടുപൂട്ടി ഇങ്ങോട്ടു പോന്നോളൂ കേട്ടോ.പോരും മുന്നെ ചെയ്തു വക്കേണ്ട
ജോലികളുടെ പട്ടിക വായിക്കുന്നതു കേട്ടു.
അഛന് വരുമ്പോള്‍ ഞാന്‍വരാന്തയിലൂടെ നടക്കുകയായിരുന്നു.
നടുവേദനയുടെ തീവ്രത കൂടിയതു പെട്ടെന്നാണ്.എല്ലാഞരമ്പുകളും നുറുങ്ങുന്ന വേദന.
അമ്മേ സഹിക്ക വയ്യ.എത്ര ബലം പിടിച്ചു കിടന്നിട്ടും വാവിട്ടു
കരഞ്ഞു.അമ്മയും കൂടെ കരഞ്ഞു.
ലേബര്‍ റൂമിലേക്കു പോകുമ്പോള്‍ ഇതാണവസാനമെന്നു തോന്നി.
ഹരിയേട്ട ഒന്നു കാണാനായില്ലല്ലൊ എന്നു മനസ്സു തേങ്ങി.
എത്ര കരഞ്ഞെന്നറിയില്ല.ഞാനും കൂടി വന്നോട്ടെ അകത്തേക്ക് എന്നു അമ്മ
കെഞ്ചുന്നതു കേട്ടു.ഡോകടര്‍ക്കിഷ്ടമായില്ലെന്നു തോന്നുന്നു.
എന്നെ വിശ്വാസമില്ലേ പത്മേടെ അമ്മയ്ക്ക്?
അയ്യോ അതല്ല ഡൊക്ടര്‍ അവളുടെ കരച്ചില് സഹിക്ക വയ്യ.
അതു സാരമില്ല ഇത്തിരി നേരം കൂടി കരയട്ടെ.
വേദനയുടെ പാരമ്യത്തില്‍ ബോധം മറഞ്ഞെന്നു തോന്നുന്നു.കണ്ണുതുറക്കുമ്പോള്‍
ഡോക്ടറുടെ ചിരിക്കുന്ന മുഖം.
എവിടെ എവിടെ എന്റെ കുഞ്ഞ് എന്നു പരതുമ്പോള്‍
വെള്ള ടവ്വലില്‍ പൊതിഞ്ഞ് തളിരിന്റെ നിറമുള്ള കുഞ്ഞിനെ അരികില്‍ കിടത്തിഡോക്ടര്‍.
എന്റെ മുത്തേ എന്നു ഉമ്മകൊണ്ട് പിന്നെയും പുതപ്പിക്കാന്‍ തോന്നി.
മകളാണ് പത്മേ . നോക്കൂ കണ്ടിട്ട് പത്മയുടെ അമ്മയേപ്പോലെ എന്നു പറഞ്ഞു ഡൊക്ടര്‍.
എവിടെ അമ്മ എനിക്കു കാണണം.അമ്മ ചിരിയും കണ്ണീരും നിറഞ്ഞ മുഖവുമായി കയറിവന്നു.
പിന്നെ തണുത്ത കൈകള്‍ കൊണ്ട് നെറുകയില്‍ തലോടി.
ചന്ദനത്തിന്റെ മണവും തണുപ്പുമാണ് അമ്മയുടെ കൈകള്‍ക്കെന്നു അപ്പോഴാദ്യമായി തോന്നി.
അമ്മയുടെ കൈകള്‍ പിടിച്ച് എന്റെ അമ്മേ എന്ന് ഒച്ചയില്ലാതെ കരഞ്ഞു
നല്ല കഥ. അവസാനം ഇത്തിരി ഫാസ്റ്റ്ഫോര്വേഡായിപ്പോയോന്ന്.. (എനിക്കെപ്പോഴും പറ്റണതാണേ :) )
ReplyDeleteനല്ല കഥ.
ReplyDeleteതൊട്ടു അമ്മയെ...
ReplyDelete(ഈ സുന്ദരൻ ഭാഷയും കയ്യിൽ വെച്ച് മടിപിടിച്ചിരുന്നോളണം, എഴുതിയാൽ വല്ലവരും വായിച്ചു പോയെങ്കിലോ?)
കഥ ഇഷ്ടമായി കേട്ടോ...
ReplyDeleteഅനാദിയായ ഒരു സ്നേഹത്തിന്റെ നനവ്.
ഒരമ്മ മറ്റൊരമ്മയെ പൂര്‍ണ്ണമായും അറിയുന്ന നിമിഷങ്ങള്‍.ചന്ദനം പോലെ നൈര്‍മ്മല്യമുള്ള സ്നേഹത്തെ അറിഞ്ഞു വരികളിലൂടെ..
ReplyDeleteഓഫീസിലിരുന്നാണ് വായിച്ചത്, ഈ കരച്ചില്
ReplyDeleteഞാനെന്തു ചെയ്യും?
ഹൃദയം മുങ്ങിപ്പോകും പോലെ
അകമാകെ മുലപ്പാലിന്റെ ഉറവുകള്‍..
ഉമ്മ.
കൂടെയുള്ളപ്പോള്‍ അറിയില്ല.ചോര്‍ന്ന് പോകുമ്പോഴേ അറിയൂ അവിടെയുണ്ടായിരുന്നതെന്തോ അവശേഷിപ്പിച്ച ശുന്യതയുടെ ആഴം.
ReplyDelete......
അമ്മക്കഥകള്‍ എത്ര വായിച്ചാലും മതിയാവില്ല. മകളെക്കുറിച്ചും.
ReplyDeleteലേഖാ, ഇനി അടുത്ത ഓണത്തിനാണോ കഥയെഴുതുക? :)
അച്ഛനാകുമ്പോഴേ അച്ഛന് എന്താണെന്നും അമ്മയാകുമ്പോഴേ അമ്മ എന്താണെന്നും അറിയുകയുള്ളൂ എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാണല്ലേ... കഷ്ടകാലത്താല്‍ ഇതു രണ്ടും ഒന്നിച്ചാകാന് പറ്റില്ലല്ലോ.
ReplyDeleteചന്ദനമരങ്ങള്‍ (മാധവിക്കുട്ടിയുടേതല്ല.-- ലേഖയുടെ കഥകള്‍) ഒരുപാടുണ്ടാവട്ടെ. നല്ല ഭാഷയും എഴുത്തുമാണെന്ന് ഇനിയും ആവര്‍ത്തിക്കുന്നില്ല. കൂടുതല്‍ എഴുതണം
ReplyDeleteഭാവഭദ്രമായ ഒഴുക്കുണ്ടീയെഴുത്തിനു. നന്ദി.
ReplyDeleteലേഖേ..എഴുതാതിരിക്കരുത്.
ReplyDeleteമനസ്സില്‍ ഓര്‍ത്തുവെയ്ക്കുന്ന കഥകള്‍ എഴുതാന്‍ എല്ലാവര്ക്കും കഴിയില്ലാ. അസ്സലായിരിക്കുന്നു
എന്റെ അമ്മേ എന്ന് എത്രവട്ടം ഒച്ചയില്ലാതെ വിളിച്ചാലും മതിയാകില്ല..!
ReplyDeleteഎത്ര നിസ്സാരമായി കരയിപ്പിച്ചു കളഞ്ഞു..
അമ്മയെ ഓര്‍ത്തു...
ReplyDeleteമനസില്‍ തൊട്ടുപോകുന്ന മറ്റൊരു കഥ.... ഓണാശംസകള്‍
ReplyDeleteനല്ല കഥ ആശംസകൾ
ReplyDeleteഓണപതിപ്പിന്റെ ശില്പികള്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; ഓണാശംസകള്‍.
ReplyDeleteഎല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.
പാമരന്റെ സംശയം ശരിയാണ്.തിടുക്കപ്പെട്ട് പെറ്റതാ മാഷേ :) അതോണ്ടാ.
വല്ലവരും വായിച്ചു പോയെങ്കിലോ എന്നല്ല കിനാവേ വല്യവരൊക്കെ ഇല്ലെ
അതിന്റെ ആത്മവിശ്വാസമില്ലായ്മ കൊണ്ടാണ്.
റോസ്,ഒരു മകള്‍ക്ക് അമ്മയുടെ ഫാന്‍ ആകാന്‍ ഒറ്റ പ്രസവം മതി. :)
സെറീന,കെട്ടിപ്പിടിച്ഛൊരുമ്മ :)
ആ ആഴം മനസ്സിലായോ അനീഷ്?എന്നിട്ട് ..
പെണ്ണായേ പിറക്കൂ ഞാനിനി..എന്നെഴുതിയത് മാറ്റി
ഒരു മകളുടെ അമ്മയായേ പിറക്കൂ ഞാനിനി എന്നെഴുതൂ അനിലേ
:)വിഷ്ണുമാഷ് സംക്രാന്തി പതിപ്പിറക്കിയാല്‍ ഒരു കഥ കൂടി എഴുതാം.
സുനീഷ് അമ്മയാകാനൊക്കെ ഒരു യോഗം വേണം :)
ഗുപ്തന് , ഒരുപാട് കഥകളോ ! ശാന്തം പാപം :)
ജിതേന്ദ്രകുമാര്‍, നന്ദി തിരികെയും
സിജീ, നന്ദി.
പകല്‍കിനാവന്‍ തന്നെ. നിസാര കാര്യത്തിനു കരയുകയോ :)
സുധീഷ്,ഗോപ്സ് ,പാണ്ഡവാസ്,ചങ്കരന്,മനു ,ഗന്ധര്വന് നല്ല വാക്കുകള്‍ക്ക് നന്ദി.
ബ്ലോഗിലെ എല്ലാ എഴുത്തമ്മമാര്ക്കും എഴുത്തഛന്മാര്ക്കും കുഞ്ഞു കുട്ടികള്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍ :)
ഹ ഹ ഹ അച്ഛനാകാനും വേണം യോഗം! :-)
ReplyDeleteനന്നായി എഴുതിയിരിക്കുന്നു.ആശംസകള്‍.:) സത്യം പറയാമല്ലൊ
ReplyDeleteമോള് ഉണ്ടായതിന് ശേഷം എന്റെ മാതാപിതാക്കളെ നേരത്തേതിനേക്കാല് കൂടുതലായി ഇഷ്ടപ്പെടാനുംബഹുമാനിക്കാനും തുടങ്ങി...
നല്ല കഥ ലേഖ , എനിക്കൊത്തിരി ഇഷ്ട്ടായി .....
ReplyDeleteഇനിയും എഴുതുക ഒരുപാട് ....
സ്നേഹത്തോടെ ...
മകനെത്ര കാലം വേണ്ടി വരും അമ്മയെ ഒന്ന് തൊടാന്‍. :(
ReplyDeleteഭാഗ്യം ചെയ്തവള്‍.
നമ്മുടെ അനുവാദം പോലും ചോദിക്കാതെയാണ് പലപ്പോഴും സങ്കടങ്ങള്‍ മനസ്സിന്റെ പടിയിറങ്ങിപ്പോകുന്നത്..... വരിവരമ്പില് പൊള്ളുന്ന ചൂടുണ്ട്. എങ്കിലും അമ്മയുടെ സ്നേഹാസ്ലേഷത്തില് ഒരു കൈക്കുഞ്ഞായി ഞാന്‍.
ReplyDeleteMathruthwathinte mahathuam...!
ReplyDeleteManoharam, Ashamsakal...!!!
നല്ല കഥ, നല്ല എഴുത്ത്... വളരെ ഇഷ്ടമായി
ReplyDeleteഇപ്പൊ ലേഖയോടു ബഹുമാനം തോന്നി..ഇങ്ങനെയൊക്കെ എഴുതാന്‍ കഴിവുള്ള ആളാണെന്നു അറിയില്ലായിരുന്നു...നല്ല കഥ,, നല്ല ആഖ്യാനം.... ഇടക്കുള്ള കൊച്ചു കൊച്ചു സംഭവങ്ങളും സംഭാഷണവും കോര്‍ത്തിണക്കി, പ്രധാന ബിന്ദുവിലേക്ക് എത്തിക്കുന്ന ആ ടെക്നിക് അതും ഇഷ്ടായി.. അമ്മയെ ഇഷ്ടപെടാതിരിക്കാനുള്ള കാരണങ്ങള്‍ അമ്മ തന്നെ വിവരിക്കുന്ന ഭാഗം അല്പം കൂടി എഴുതാമായിരുന്നു. ആ ഒറ്റ പാരഗ്രഫ് കേട്ട്, മനസ്സ് മാറി എന്നതിന് പകരം, അമ്മ പിന്നീട് ചെയ്ത കാര്യങ്ങളും കോര്‍ത്തിണക്കി - അറിയാതെ അമ്മയെ സ്നേഹിച്ചുപോകുന്ന നിലയിലേക്ക് എത്തിക്കാമായിരുന്നു....എന്നാലും - ഈ ഹരിയേട്ടന് പിന്നീടും വിളിച്ചില്ല, അല്ലെ ....... ഹഹ...... Let me repeat it is one of the best story I read recently
ReplyDelete